ADVERTISEMENT

‘റാസ് റിയാസ് കാ’ എന്ന യൂ ട്യൂബ് പരിപാടിയിൽ നർത്തകിയും ഗവേഷകയുമായ പ്രാചീസാതി ഭാരതീയ ശാസ്ത്രീയ നൃത്തത്തിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളുമായി നടത്തുന്ന സംവാദത്തിന്റെ മുഖ്യവിഷയം നിത്യസാധനയാണ്. ഭരതനാട്യ നർത്തകി മീരാ ശ്രീനാരായണനുമായുള്ള ഈ സംസാരഭാഗം ഓർമയിൽ തങ്ങി നിൽക്കുന്നു.

‘നർത്തകർക്ക് എല്ലാ ദിവസവും നൃത്തപരിപാടി ഉണ്ടായില്ലെന്നുവരാം, പക്ഷേ പരിശീലനം നിരന്തരം തുടരേണ്ടതാണല്ലോ, അവ നൃത്തപരിപാടിയുടെ ഡേറ്റുകളെ ഒരിക്കലും ആശ്രയിക്കുന്നേയില്ല’ മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ഡോ. നീന പ്രസാദ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘നൃത്തമഭ്യസിക്കാൻ വരുന്ന പ്രതിഭയുള്ള കുട്ടികളെ നിരവധി കാണാറുണ്ട്. പക്ഷേ, അവരിൽ പാഷൻ കാണുന്നില്ല. നിരന്തരസാധനയ്ക്ക് ഒരു മനസ്സ് വേണം. പ്രതിഭയുള്ള പലരെയും ഉഴപ്പരായി കണ്ടിട്ടുണ്ട്.’ നർത്തകി ഡോ. രാജശ്രീ വാര്യരുടെ അഭിപ്രായത്തിൽ നൈസർഗിക പ്രതിഭയും സാധനയും നർത്തകിയെ പെർഫോമറിൽ നിന്ന് ആർട്ടിസ്റ്റായി ഉയർത്തുന്ന മൂലഘടകങ്ങളാണ്.

നൃത്തത്തിന്റെ മാധ്യമം നർത്തകിയുടെ ശരീരമാണെങ്കിലും നൃത്തം നൽകുന്ന അനുഭൂതി ഭൗതികവും സ്ഥൂലവുമല്ല. അത് ആത്മീയവും സൂക്ഷ്മവുമാണ്. നിത്യ സാധന നർത്തകിയുടെ ശരീരത്തെയാണോ ആത്മാവിനെയാണോ പാകപ്പെടുത്തുന്നത് എന്ന ചിന്തയിലെത്തുമ്പോൾ മാത്രമേ നർത്തകി നൃത്തം നൽകുന്ന അനുഭൂതികളും അറിഞ്ഞുതുടങ്ങുന്നുള്ളൂ. അതിനുമുമ്പുള്ളതെല്ലാം വെറും കായികാഭ്യാസങ്ങൾ മാത്രമാണ്. 

ഒരു പഴയ ഓർമ പങ്കു വയ്ക്കട്ടെ. കുറച്ചു നാൾ മുൻപ് എന്തോ കാരണത്താൽ ഒരു ദിനം പ്രാക്ടീസ് ചെയ്യാൻ സാധിച്ചില്ല. ഈ ദുഃഖമോ കുറ്റബോധമോ ഒരു സുഹൃത്തിനോട് പറയവേ അദ്ദേഹം ചോദിച്ചു: വാഴപ്പഴം കഴിക്കുമ്പോൾ മധുരം അൽപം കുറഞ്ഞാൽ വാഴയ്ക്ക് ഏതോ ഒരു ദിവസത്തെ നനവിന്റെ കുറവുണ്ടെന്നു പറയുന്നതുപോലെയാണോ ഇത്? തീർച്ചയായും അതെ. നിത്യസാധന നൽകുന്ന അനുഭൂതി വർണനാതീതമാണ്. മറ്റാർക്കും സ്വന്തമാക്കാനാവാത്ത ആനന്ദം പ്രദാനം ചെയ്യാനും ആത്മീയമായ ഔന്നത്യത്തിലെത്താനും നിത്യസാധന സഹായിക്കുന്നു.

AbhayaLakshmi-Meera-Sreenarayanan
അഭയ ലക്ഷ്മി, മീര ശ്രീനാരായണൻ.

ഒരു പെർഫോർമറുടെ ജനനം

ഭരതനാട്യക്കച്ചേരിയിൽ അഭിനയപ്രധാനമായ ഇനങ്ങളൊഴികെ മറ്റെല്ലാംതന്നെ നല്ല ശാരീരികക്ഷമത ആവശ്യപ്പെടുന്നവയാണ്. ഒരു മണിക്കൂറിലധികമായി നീളുന്ന സോളോ പെർഫോർമൻസുകളിൽ നർത്തകിയ്ക്ക് ക്ഷീണമോ കിതപ്പോ ഇല്ലാതെ നൃത്തം ചെയ്യാൻ സാധിക്കണമെങ്കിൽ സ്റ്റാമിന ആവശ്യമാണ്. നിത്യ സാധനയിലൂടെയല്ലാതെ അത് നേടിയെടുക്കാൻ സാധിക്കില്ല. മറ്റേതൊരു സർഗപ്രവൃത്തിയും ആവശ്യപ്പെടുന്നതിലധികം അളവിൽ സാധന ക്ലാസിക്കൽ നൃത്തം പരിശീലിക്കുന്നവർക്കാവശ്യമുണ്ട്. അത് നൃത്തത്തിന് ഉറപ്പും തെളിച്ചവും നൽകുന്നു. നൈസർഗിക പ്രതിഭ സാധനയിലൂടെയാണ് മാറ്റേറുന്നത്. വേണ്ടത്ര പ്രാക്ടീസില്ലാതെ കിതപ്പോടെയുള്ള നൃത്തം വേദിയിൽ ഏറെ അരോചകവുമാണ്. 

അതേസമയം, നൃത്തവേദി തന്റെ സ്റ്റാമിന പ്രദർശിപ്പിക്കാനുള്ള ഇടമായി മാറുകയുമരുത്. നൃത്തമാവശ്യപ്പെടുന്ന അടവുകളോ ചലനങ്ങളോ കുതിപ്പുകളോ അനായാസം ചെയ്യാനാവുന്ന ശാരീരിക ക്ഷമതയാണ് നർത്തകിമാർക്ക് അഭികാമ്യം. യോഗയും ജിം വ്യായാമവും ശരീരത്തെ ഫിറ്റ് ആക്കുന്നതിൽ സഹായകമാകുന്നുണ്ടെങ്കിലും അതൊന്നും നൃത്ത സാധനയ്ക്കു പകരം വയ്ക്കാവുന്നതല്ല. എന്നാൽ, ഈയിടെയായി അത്തരം കസർത്തുകൾക്ക് നർത്തകിമാർ അമിത പ്രാധാന്യം നൽകുന്നതായി കാണുന്നു. അവരുടെ സാമൂഹികമാധ്യമപേജുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന റീൽ-വിഡിയോകൾ ഇതിന്റെ സൂചനകൾ നൽകുന്നു. 

ഇത്തരം വ്യായാമ വിഡിയോകൾ പങ്കുവയ്ക്കുന്നതിലൂടെ അറിഞ്ഞോ അറിയാതെയോ ക്ലാസിക്കൽ നൃത്തത്തിൽ അക്രോബാറ്റിക്സ് കൂടിയേ മതിയാകൂ എന്ന തെറ്റായ സന്ദേശം നൽകുന്നു. അമിതമായ പ്രാക്റ്റീസും വ്യായാമവും ശരീരത്തിനുണ്ടാക്കുന്ന പരിക്കുകൾ കാരണം ദീർഘനാളത്തേയ്ക്ക് നർത്തകർക്ക് വിശ്രമിക്കേണ്ടിവരാറുണ്ട്. നൃത്തപരിശീലനം ശരീരത്തെ പീഡിപ്പിക്കുന്ന തലത്തിലേക്ക് ഒരിക്കലും കൊണ്ടുപോകാതിരിക്കുക. നൃത്തത്തെ ശരീരമായി ബന്ധപ്പെടുത്തി മാത്രം കാണുന്നതിന്റെ തിക്തഫലം കൂടിയാണിത്.

സ്റ്റാമിനയുടെ ബാലപാഠങ്ങൾ

നൃത്തത്തെ ഗൗരവമായി സമീപിച്ചുതുടങ്ങിയ കാലത്ത് ഗുരു സത്യനാരായണ രാജുവിൽ നിന്ന് ഏതാനും ഇനങ്ങൾ പഠിക്കാനുള്ള അവസരമുണ്ടായി. അന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘ഒരു പെർഫോർമറാകാൻ എത്ര സമയം പ്രാക്റ്റീസ് ചെയ്യേണ്ടതുണ്ട്?’ ‘ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും ദിവസവും സാധന ചെയ്യണം. സ്റ്റേജിൽ ഒരു മണിക്കൂർ തുടർച്ചയായി ഒറ്റയ്ക്ക് കളിക്കുന്നതിന് ഈ അളവ് സഹായിക്കും.’ അദ്ദേഹം മറുപടി നൽകി. സ്റ്റാമിനയുമയി ബന്ധപ്പെട്ട വിഷയമാണിത്. 

Reddy-Lakshmi-Rukmini-Vijayakumar-Sathyanarayana-Raju
റെഡ്ഡി ലക്ഷ്മി, രുക്മിണി വിജയ കുമാർ, സത്യനാരായണ രാജു.

പിന്നീട് പരിചയപ്പെട്ട പല നർത്തകിമാരോടും അവരുടെ സാധനയുടെ അളവിനെക്കുറിച്ചും രീതിയെക്കുറിച്ചും ഞാൻ ചോദിച്ചിട്ടുണ്ട്. ഒഡീസി നർത്തകി അഭയലക്ഷ്മിയുടെ അഭിപ്രായത്തിൽ അടിസ്ഥാനപരമായ അടവുകൾ അരമണിക്കൂറിൽ കുറയാതെ ചെയ്താൽ സ്റ്റാമിന വർധിപ്പിക്കാമത്രേ. കുച്ചിപ്പുടി നർത്തകി റെഡ്ഡി ലക്ഷ്മി പറഞ്ഞു: അര മണിക്കൂറിലേറെ നീളുന്ന വർണം അവതരിപ്പിക്കുന്നിനുവേണ്ട സ്റ്റാമിന ഒരിക്കൽ നിങ്ങൾ കൈവരിച്ചാൽ ഏറെ നാൾ ചെയ്യാതിരുന്നാലും പ്രാക്റ്റീസ് ആരംഭിച്ചാൽ അത് വീണ്ടും എളുപ്പത്തിൽ തിരികെ ലഭിക്കും. ഇതെല്ലാം നൃത്തവും ശരീരവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നതാണ്.

അരുതാത്തതാണെങ്കിലും ദിവസേന ചെയ്യേണ്ട നൃത്ത പ്രാക്ടീസ് ചെയ്യാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. കാരണം വ്യക്തിപരമോ ജോലിസംബന്ധമോ ആകാറുണ്ട്. പലപ്പോഴും നിത്യസാധനക്ക് പ്രേരണ ആകേണ്ട ഘടകങ്ങൾ നേരെ വിപരീതമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴെല്ലാം മൂന്നു ദിവസത്തിലധികം പ്രാക്ടീസ് നിർത്തി വെച്ചാൽ മനസ്സിൽ സംഘർഷങ്ങൾ ആരംഭിക്കുകയായി. അത് കുറ്റബോധത്തിനും നിരാശക്കും വഴി തുറക്കും. 

നൃത്തത്തെക്കുറിച്ചു പറയുന്ന ഒരു പ്രശസ്ത വാക്യമുണ്ട്. ആരും കാണുന്നില്ല എന്ന വിചാരത്തോടെ എല്ലാം മറന്നു കളിക്കണമത്രേ. എന്നാൽ നിത്യ സാധനയെക്കുറിച്ച് ഞാൻ എന്നും ഓർമയിൽ വയ്ക്കുന്ന ഒരു കാര്യമുണ്ട്, നാളെ പ്രോഗ്രാമുണ്ട് എന്ന വിചാരത്തിൽ ഇന്ന് പ്രാക്ടീസ് ചെയ്യണം. പ്രോഗ്രാം നാളെയോ ഒരു മാസം കഴിഞ്ഞോ ചിലപ്പോൾ ഈ വർഷം ഒന്നുംതന്നെ ഇല്ലെന്നും വരാം. ഈ തോന്നലുകളെ നേരായ ദിശയിൽ പ്രവർത്തിപ്പിച്ചാൽ വിജയം ഉറപ്പാണ്.

dr-lakshmi-mohan-latest
ഡോ. ലക്ഷ്മി മോഹൻ.

സാധനയുടെ ആത്മീയതലങ്ങൾ

സാധന മുടങ്ങാതെ ചെയ്യാൻ സാധിച്ചാൽ അതാണ്‌ ഏറ്റവും വലിയ ഭാഗ്യം. പ്രാക്റ്റീസ് മുറി നർത്തകിയുടെ സ്വകാര്യഇടമാണ്. നൃത്തം സ്റ്റേജിൽ അവതരിപ്പിച്ചു കഴിയുന്നതോടെ അത് പൊതുവായ ആസ്വാദനത്തിനുള്ളതായി മാറുന്നു. സ്റ്റേജിലോ അതോ പ്രാക്റ്റീസ് മുറിയിലോ എവിടെയാണ് നർത്തകി ഏറ്റവും ആനന്ദവും സംതൃപ്തിയും അനുഭവിക്കുന്നത്? നൃത്തവും ആത്മാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വ്യക്തിപരമായി ഉത്തരം നൽകിയാൽ നിത്യസാധന സ്റ്റേജ് പെർഫോമൻസ് നൽകുന്നതിനേക്കാൾ കൂടുതൽ തൃപ്തിയും ആനന്ദവും നൽകുന്നു.  അതിനാൽ സ്റ്റേജ് പെർഫോമൻസുകളൊന്നും ഇല്ലെങ്കിൽക്കൂടി നർത്തകി നൃത്തവുമായി ഒരിക്കലും വേർപെട്ടിരിക്കുന്നില്ല. 

സ്റ്റേജിലെ നൃത്തം പ്രാക്റ്റീസ് മുറിയിലെ സാധനയുടെ തുടർച്ച മാത്രമാണ്. സാധന ഒരു നിരന്തര പ്രക്രിയയാണ്. അതുകൊണ്ടുതന്നെ നിത്യസാധന നൽകുന്ന അനുഭൂതി സൃഷ്ടിപരവും നിരന്തരം നിലനിൽക്കുന്നതും സ്വയം പരിഷ്കാരത്തിനു വിധേയമാകുന്നതുമാണ്. അതേസമയം, സ്റ്റേജ് പെർഫോമൻസ് നൽകുന്ന അനുഭൂതി നൈരന്തര്യമില്ലാത്തതാണ്. അത് ദേശ-കാല-പരിസ്ഥിതികളെ അശ്രയിച്ച് ഒതുങ്ങിനിൽക്കുന്നു. സാധന സംയമനത്തെ പ്രദാനം ചെയ്യുമ്പോൾ സ്റ്റേജ് പെർഫോമൻസ് ആവേശത്തെ നിർമ്മിക്കുന്നു. ഇവ രണ്ടും നൽകുന്ന അനുഭവങ്ങളും വ്യത്യസ്ഥമാണ്.

സാധന ഒരിക്കലും റിഹേഴ്സൽ അല്ല. സ്റ്റേജ് അവതരണത്തിന്റെ മുന്നൊരുക്കമല്ല പ്രാക്റ്റീസ് മുറിയിൽ സംഭവിക്കുന്നത്. പ്രോഗ്രാമിനനുസരിച്ച് പ്രാക്റ്റീസ് ചെയ്യുന്ന ഇനങ്ങൾ മാറിമാറി വന്നേക്കാം. എന്നാൽ സാധനയെന്ന പ്രകിയയും അതിൻറെ അനുഭൂതിതലങ്ങളും സമാന്തരമായി വികസിച്ചുകൊണ്ടേയിരിക്കുന്നു. അത് ഇനങ്ങളെ ആശ്രയിക്കുന്നില്ല. അതുകൊണ്ടാവണം ഓരോ ദിവസവും പ്രാക്റ്റീസ് അവസാനിപ്പിച്ചു കഴിയുമ്പോഴും പറഞ്ഞറിയിപ്പിക്കാനാവാത്ത സന്തോഷം തോന്നുന്നത്. 

നിത്യസാധനയുടെ അനന്തമായ സാധ്യതകളുടെ തുടക്കംമാത്രമാണ് ഈ സന്തോഷം. നിത്യസാധനയുടെ പ്രയോജനങ്ങൾ അവസാനിക്കുന്നില്ല, സ്വയം വിശകലനം ചെയ്യാൻ ഇഷ്ടമുള്ളവർക്ക് സാധന ഉജ്ജ്വലമായ അവസരം നൽകുന്നു. പുതിയ പരീക്ഷണങ്ങൾക്ക് സാധന പോലെ മറ്റൊരു ഇടം ലഭ്യമാകില്ല. എന്നും വേദികൾ ഉണ്ടാകണേയെന്നല്ല, മറിച്ച് എന്നും പ്രാക്ടീസ് ചെയ്യാനുള്ള മനസ്സും സാഹചര്യവും ആരോഗ്യവും നൽകണേ എന്ന് പ്രാർഥിച്ചു കൊണ്ട് ആകട്ടെ ഓരോ കലാകാരന്മാരുടെയും ദിവസം ആരംഭിക്കുന്നത്.

Content Summary: Dance | Practice | Dr Lakshmi Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com