ADVERTISEMENT

അഭിനയം കൊണ്ടു മാത്രമല്ല, വ്യത്യസ്തമായ ലുക്കും ഫാഷൻ സെൻസും കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് സോനം കപൂർ. ചെറുപ്പത്തിൽ നേരിട്ടിട്ടുള്ള, സുന്ദരിയല്ല എന്ന പരിഹാസത്തെപ്പറ്റി സോനം എഴുതിയിട്ടുണ്ട്. നമ്മിലെ സൗന്ദര്യത്തെ കണ്ടെത്തുകയും അതിനു തിളക്കമേറ്റുകയുമാണ് ചെയ്യേണ്ടതെന്നു പറയുന്ന സോനം, അതിനു താൻ പിന്തുടരുന്ന ചില ടിപ്സ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിടുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലത് ഇതാ:

∙ ചർമസംരക്ഷണമാണ് ഏറ്റവും പ്രധാനം

ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് ഇവ കൃത്യമായി ചെയ്യും. സൗന്ദര്യ സംരക്ഷണത്തിന് എന്ന പേരിൽ ചർമത്തിൽ ധാരാളം വസ്തുക്കൾ പുരട്ടുന്നത് നല്ലതല്ല. സ്ക്രീനിൽ കൂടുതൽ തിളക്കത്തോടെ കാണപ്പെടാൻ മേക്കപ്പ് ഉപയോഗിക്കേണ്ടി വരാം. പക്ഷേ ചർമ സംരക്ഷണത്തിനു താൻ വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും സോനം പറയുന്നു.

∙ ചർമത്തിന് കരുതൽ നൽകാം ഫെയ്സ്മാസ്കിലൂടെ

മുഖകാന്തിക്കും ചർമത്തിലെ ഈർപ്പം നിലനിർത്താനും ദ‍‍ൃഢത ഉറപ്പാക്കാനും ഫെയ്സ്മാസ്കുകളുടെ ശരിയായ ഉപയോഗം സഹായിക്കുമെന്നാണ് സോനത്തിന്റെ പക്ഷം. വീട്ടിലെ ഈ ഫെയ്സ് മാസ്ക് പരീക്ഷണം വളരെ പ്രശസ്തമായത് ലോക്ഡൗൺ സമയത്താണെന്നും താരം പറയുന്നു. 

sonam-kapoor-ahooja-2

∙ സൂര്യതാപം തടയാൻ

വെയിലത്ത് പുറത്തു പോകേണ്ടി വരുമ്പോൾ താൻ സ്വീകരിക്കുന്ന മുൻകരുതലുകളെക്കുറിച്ച് താരം പറയുന്നതിങ്ങനെ :- സൺ സ്ക്രീൻ ലോഷൻ, മുഖം മറയുന്ന തരത്തിൽ വലിയ അരികുകളുള്ള തൊപ്പി എന്നിവ അണിയാറുണ്ട്. ത്വക്കിലുണ്ടാക്കുന്ന നിറം മാറ്റം തടയാനും പൊടിപടലങ്ങളിൽനിന്ന് ചർമത്തെ രക്ഷിക്കാനുമാണ് ഇത്. അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമത്തെ സംരക്ഷിക്കാൻ ആന്റി പൊല്യൂഷൻ ഡ്രോപ്സ് ഉപയോഗിക്കാറുണ്ടെന്നും ബ്രൗൺ സ്പോട്ട് പോലെയുള്ളവയിൽനിന്ന് ചർമത്തെ സംരക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്ന് താരം പറയുന്നു.

∙ നാളികേരം ഏതു രീതിയിൽ കിട്ടിയാലും ഉപയോഗിക്കും

തേങ്ങാവെള്ളം മുതൽ വെളിച്ചെണ്ണ വരെ ഒരു ദൗർബല്യമാണ് സോനത്തിന്. നാളികേരം ഏതു രൂപത്തിൽ കിട്ടിയാലും താൻ സൗന്ദര്യവർധക വസ്തുവായി ഉപയോഗിക്കുമെന്ന് താരം പറയുന്നു. ചൂടിനെ വെല്ലാൻ തേങ്ങാവെള്ളം കഴിഞ്ഞേ എന്തുമുള്ളൂവെന്നാണ് സോനത്തിന്റെ പക്ഷം. സൗന്ദര്യ സംരക്ഷണത്തിനു മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും തേങ്ങാവെള്ളം ഉപകരിക്കുമെന്നും സോനം പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തേങ്ങാവെള്ളത്തിന് കഴിയും. ചർമത്തിലെ ഈർപ്പം നിലനിർത്താനും ലിപ്ബാം ആയിപ്പോലും താൻ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെന്നും സോനം വെളിപ്പെടുത്തുന്നു. പുരികത്തിലും കൺപീലിയിലും വരെ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ടെന്നും താരം പറയുന്നു.

∙ ഇഷ്ടമുള്ള വ്യായാമം ചെയ്യാം

പത്തുവർഷത്തിലേറെയായി യോഗ ജീവിതത്തിന്റെ ഭാഗമാണെന്നും എത്ര തിരക്കുള്ള ഷെഡ്യൂളുകളിലും യാത്രകളിലും വ്യായാമം മുടക്കാറില്ലെന്നും സോനം പറയുന്നു. മസിലിന് കരുത്തു നൽകുന്ന വ്യായാമങ്ങളിലാണ് താരം കൂടുതൽ ഫോക്കസ് നൽകുന്നതെന്ന് സോനത്തിന്റെ പഴ്സനൽ ട്രെയിനർ പറയുന്നു.

sonam-kapoor-ahooja-3

∙ നല്ല പ്രാതൽ കഴിച്ച് ദിവസം തുടങ്ങാം

മുട്ട, ടോസ്റ്റ്, പഴങ്ങൾ തുടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരം കഴിച്ച് ദിവസം തുടങ്ങിയാൽ ആരോഗ്യവും ഒപ്പം സൗന്ദര്യവും നിലനിർത്താമെന്നാണ് സോനം പറയുന്നത്. ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കൃത്യമായ ആഹാരശീലം സഹായിക്കുമെന്നും സോനം വ്യക്തമാക്കുന്നു. ‘ആരോഗ്യകരമായ ജീവിത ശൈലിയിലാണ് ഞാൻ വിശ്വസിക്കുന്നത്. മദ്യം ഉപയോഗിക്കാറില്ല, നേരത്തേയുറങ്ങി നേരത്തേയുണർന്ന് വ്യായാമം ചെയ്യാറുണ്ട്. വളരെ വൃത്തിയുള്ള, ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കാറുണ്ട്’.– താൻ പിന്തുടരുന്ന ജീവിതശൈലിയെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോനം പറഞ്ഞതിങ്ങനെ.

∙ ആത്മവിശ്വാസം നൽകും ആ ചുവപ്പ് ലിപ്സ്റ്റിക്

ഏതു പരിപാടിയിൽ പങ്കെടുത്താലും രാജകീയ പ്രൗഢിയോടെ ആ ചുവപ്പു ലിപ്സ്റ്റിക് സോനത്തിന്റെ ചുണ്ടിൽക്കാണും. ന്യൂഡ് ലിപ്സ്റ്റിക് അണിയുന്നത് സോനത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. കടും ചുവപ്പ് ലിപ്സ്റ്റിക്കിനോടുള്ള പ്രേമത്തെപ്പറ്റി സോനം മനസ്സു തുറക്കുന്നതിങ്ങനെ :- ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസ്സുള്ളപ്പോൾ മുതൽ ഉപയോഗിക്കാൻ തുടങ്ങിയതാണ് ചുവപ്പു ലിപ്സ്റ്റിക്. അതു ധരിക്കുമ്പോൾ ലോകം കീഴടക്കിയപോലെ ഒരു തോന്നലുണ്ടാകും’’.

മുഖം നാണത്താൽ ചുവക്കട്ടെ

മുഖത്തിന്റെ അല്ലറ ചില്ലറ പോരായ്മകൾ  ബ്ലഷ്കൊണ്ട് പരിഹരിക്കാമെന്നതാണ് സോനത്തിന്റെ തിയറി. മുഖത്തിന്റെ ആകൃതി നിലനിർത്താൻ കവിളെല്ലിൽ ബ്ലഷ് പുരട്ടാമെന്നും സോനം പറയുന്നു. ‘‘ എനിക്ക് നിറങ്ങൾ ഏറെയിഷ്ടമാണ്. എന്റെ മുഖം വളരെ ചെറുതാണ്. അതുകൊണ്ടു തന്നെ മുഖചർമം ഫ്രഷ് ആയും തിളക്കമുള്ളതായും സൂക്ഷിക്കണമെന്നു നിർബന്ധമുണ്ട്. അതുകൊണ്ട് ബ്ലഷ് ഉപയോഗിക്കുന്നത് ഞാനേറെയിഷ്ടപ്പെടുന്നു.

sonam-kapoor-ahooja-4

∙ ചില രസികൾ സൂത്രവിദ്യകൾ

ടൂത്ത്ബ്രഷ് കൊണ്ട് പുരികം ചീകിയൊതുക്കുന്ന ഒരു ചിത്രം സോനത്തിന്റെ ഇൻസ്റ്റഗ്രാമിലുണ്ട്. വെളിച്ചെണ്ണയോ ലിപ്ബാമോ ഉപയോഗിച്ച് പുരികം മുകളിലോട്ട് ചീകി വൃത്തിയാക്കി ഓരോ മുടിനാരിഴയുടെയും സ്ഥാനം കൃത്യമാക്കിയത് മേക്കപ് ആർട്ടിസ്റ്റ് നമ്രത സോണിയാണ്.

∙ നിറങ്ങൾ വാരിവിതറിയ കണ്ണുകൾ

കണ്ണുകളുടെ മേക്കപ്പിൽ പരീക്ഷണം നടത്താൻ ഏറെയിഷ്ടമാണ് സോനം കപൂറിന്. പിങ്ക്, പച്ച, മഞ്ഞ, നീല തുടങ്ങിയ നിറങ്ങളിലുള്ള ഐഷാഡോസ് സോനം ഉപയോഗിക്കാറുണ്ട്. തന്റെ സ്കിൻ ടോണിന് ഇണങ്ങുന്ന നിറങ്ങൾ തിരഞ്ഞെടുക്കാനാണ് ഈ തമാശയെന്നാണ് സോനം പറയുന്നത്.

English Summary : Beauty Tips from Sonam Kapoor Ahuja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com