ADVERTISEMENT

മാധവപ്പണിക്കർ മൂകനും ബധിരനുമാണ്. 88 വയസ്സായി. ആംഗ്യഭാഷയേ അറിയൂ. സ്കൂളിൽ പോയിട്ടില്ല. പക്ഷേ, വീടിനു മുന്നിലുള്ള തോടിന്റെ മറുകരയിലെ വീട്ടിൽ‍ ജനിച്ചു വളർന്ന വലിയൊരു പ്രതിഭ അദ്ദേഹത്തെ ആദ്യഗുരുവായി കണ്ടിരുന്നു. നെടുമുടി തെക്കേമുറി വാലേഴത്ത് തറവാട്ടിൽ ജനിച്ചു വളർന്ന വേണുഗോപാൽ എന്ന നെടുമുടി വേണു പറഞ്ഞിട്ടുണ്ട്: മാച്ചേട്ടനാണ് എന്നെ ആംഗികാഭിനയം പഠിപ്പിച്ചത്. മാച്ചേട്ടനെ ഞാൻ ഗുരുസ്ഥാനത്താണ് കാണുന്നത്.

തോടിന്റെ മറുകരയിലെ ആനന്ദവിലാസം വീട്ടിലിരുന്ന് നെടുമുടി വേണുവിനെപ്പറ്റി ആംഗ്യഭാഷയിൽ സംസാരിക്കുമ്പോൾ മാധവപ്പണിക്കരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പഴയ കഥകളിലേക്കു പോയപ്പോൾ കൈകളും മുഖവും മുദ്രകളാൽ സമൃദ്ധമായി. വേണുവിന്റെ ഓർമകൾ നിറയുന്ന തറവാട്ടിലേക്ക് മാധവപ്പണിക്കർ ഇപ്പോൾ വല്ലപ്പോഴുമേ പോകാറുള്ളൂ. എങ്കിലും മനസ്സിന്റെ മുറ്റത്ത് വേണുവിന്റെ കുട്ടിക്കാലം മുതലുള്ള ഓർമകൾ ഓടിക്കളിക്കുന്നത് മുഖത്തെ മുദ്രകളിൽ കാണാം – വള്ളം തുഴയൽ, നീന്തൽ, മുങ്ങാംകുഴി, ക്ഷേത്രം, ഉത്സവം, വെടിക്കെട്ട്, കഥകളി, മൃദംഗവാദനം, യാത്രകൾ...

മരിക്കുന്നതു വരെയും നെടുമുടി വേണു തറവാട്ടിലെത്തിയാൽ ‘മാച്ചേട്ടോ’ എന്നു നീട്ടി വിളിച്ചിരുന്നു. വീട്ടുകാർ ആരെങ്കിലും വേണുവിന്റെ വരവറിയിക്കും. മാച്ചേട്ടൻ നടപ്പാലത്തിലൂടെ അക്കരയ്ക്കു കുതിക്കും. നാട്ടിലൊക്കെ അവർ ഒന്നിച്ചു ചുറ്റും. അമ്പലത്തിൽ പോകും. വള്ളം തുഴയും. മാച്ചേട്ടനും വേണുവും അങ്ങനെയായിരുന്നു.

വേണു തീരെ ചെറുതായിരിക്കുമ്പോൾ മുതൽ മാച്ചേട്ടനായിരുന്നു കെയർ ടേക്കർ. അധ്യാപകരായ മാതാപിതാക്കൾ വേണുവിനെ മാധവപ്പണിക്കരുടെ പക്കലാക്കിയാണ് സ്കൂളിൽ പോയിരുന്നത്. മാച്ചേട്ടനും വേണുവിനിടയിൽ വിനിമയം മുദ്രകളിലൂടെ മാത്രമായിരുന്നു. വേണുവിനെ കൊച്ചുവള്ളത്തിലിരുത്തി സ്കൂളിലേക്ക് മാച്ചേട്ടൻ ഒത്തിരി തുഴഞ്ഞു. അമ്പലത്തിൽ കഥകളിയും വെടിക്കെട്ടും കാണാൻ ഒപ്പമിരുന്നു. കഥകളിമുദ്രകൾ മാച്ചേട്ടനും നന്നായി വഴങ്ങി.

സ്കൂളിലേക്കുള്ള യാത്രയിൽ ചില കുട്ടികൾ മാച്ചട്ടനെ പ്രകോപിപ്പിക്കാൻ മൂക്കു ചൊറിഞ്ഞു കാണിച്ചിരുന്നു. അവരെ തുഴകൊണ്ട് അടിക്കാനോങ്ങും മാച്ചേട്ടൻ. വേണു പിന്തിരിപ്പിക്കും.

ഒരിക്കൽ വീടിനടുത്തുള്ള കൊട്ടാരം ക്ഷേത്രത്തിൽ കഥകളി നടക്കുന്നു. നെടുമുടി വേണുവും ക്ഷേത്രമുറ്റത്തുണ്ട്. അന്നുണ്ടായ രസകരമായ അനുഭവം നെടുമുടി വേണു പറഞ്ഞിട്ടുണ്ട്. കഥകളിപ്രേമിയായ ഒരു മദാമ്മയുണ്ടായിരുന്നു. എവിടെ കഥകളിയുണ്ടെങ്കിലും അവരെത്തും. കൊട്ടാരം ക്ഷേത്രത്തിലും വന്നു. ഇടയ്ക്ക് അവർ കസേരയിൽനിന്ന് എഴുന്നേറ്റ് എങ്ങോട്ടോ മാറി. മാച്ചേട്ടൻ ആ കസേരയിൽ കയറിയിരുന്നു. മദാമ്മ തിരിച്ചെത്തി ചോദ്യം ചെയ്തു. മാച്ചേട്ടൻ ആംഗ്യഭാഷയിൽ എന്തൊക്കെയോ മറുപടി നൽകി. മദാമ്മയ്ക്ക് അദ്ഭുതമായി. അവർ വേണുവിനോടു പറഞ്ഞു: ഇതൊരു വല്ലാത്ത നാടാണല്ലോ. സാധാരണ ജനങ്ങൾ വരെ കഥകളി മുദ്രയിൽ സംസാരിക്കുന്നു!

machettan-1

വേണുവും കൂട്ടുകാരും കുട്ടിക്കാലത്ത് വേഷമൊക്കെയിട്ട് കഥകളി കളിക്കുമായിരുന്നു. അപ്പോഴും മാച്ചേട്ടൻ കൂട്ടുണ്ടാവും. നാട്ടിൽ നാടകം കളിക്കാൻ തുടങ്ങിയപ്പോഴും മാച്ചേട്ടനുണ്ട് പിന്നാലെ.

ഒരിക്കൽ തിരുവനന്തപുരത്തെ വീട്ടിൽ കൂടെ താമസിക്കാൻ വേണു മാച്ചേട്ടനെ വിളിച്ചിരുന്നു. എന്തുകൊണ്ടോ പോയില്ല. ചെറുപ്പം മുതൽ നാട്ടിൽ കൃഷിപ്പണിയും ക്ഷേത്രവുമൊക്കെയായി കൂടിയ ആളാണ്. കുട്ടനാട് വിട്ടുപോകാൻ പ്രയാസമുണ്ടായിരിക്കാം. ഭാര്യ ആനന്ദവല്ലിയമ്മ മരിച്ചിട്ട് 4 വർഷമാകുന്നു.

താൻ പിച്ചവയ്പിച്ച വേണു മരിച്ച വാർത്ത വൈകിട്ടാണ് മാച്ചേട്ടനെ വീട്ടുകാർ അറിയിച്ചത്. ടിവിയിൽ വാർത്ത കണ്ട് ഏറെ നേരം നിശബ്ദമായി കരഞ്ഞു.

അസുഖങ്ങൾ കാരണം നടക്കാൻ പ്രയാസമുണ്ടെങ്കിലും കഴിഞ്ഞ ദിവസം മാച്ചേട്ടൻ തോടു കടന്ന് വാലേഴത്തെ വരാന്തയിൽ ചെന്ന് അൽപനേരമിരുന്നു. ഏതൊക്കെയോ പഴയ കഥകളെ മുദ്രകളിൽ വരച്ചു. സങ്കടത്തിന്റെ മൂളലുകൾക്കു ശേഷം മൂകനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com