ADVERTISEMENT

കുടുംബാംഗങ്ങൾക്കൊപ്പം രുചികരമായ ഭക്ഷണം കഴിച്ച് നർമസംഭാഷണം നടത്തിയിരിക്കുന്ന ഒരു രാത്രിയിൽ പെട്ടെന്ന് പുറത്തു വെടിയൊച്ചകൾ കേൾക്കുകയും ആയുധധാരികളായ ഒരു സംഘം നിങ്ങളുടെ വീടിന്റെ വാതിൽ തകർത്ത് അകത്തേക്ക് ഇരച്ചുകയറി വരികയും ചെയ്താലോ?. കൺമുന്നിൽ ഭാര്യയും മകളും ബലാത്സംഗം ചെയ്യപ്പെടുന്നതു കണ്ട് മരിക്കേണ്ടിവരുന്ന നിങ്ങളുടെ അച്ഛനും സഹോദരനും. ചിതറിയോടി ഒറ്റപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്യേണ്ടിവരുന്ന നിങ്ങളുടെ കുട്ടികൾ. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു ദുഃസ്വപ്നമല്ല, ലോകത്ത് പലഭാഗങ്ങളിലായി ലക്ഷക്കണക്കിനാളുകൾ അനുഭവിക്കുന്ന നഗ്നമായ ജീവിതയാഥാർഥ്യമാണിത്. അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി ചിതറിയോടി പല വഴിയലഞ്ഞ്, ഏതെങ്കിലും ദുരിതാശ്വാസക്യാംപിൽ കണ്ടുമുട്ടാനുള്ള ഭാഗ്യം പോലും അവശേഷിക്കാതെ പോകുന്ന ഒരു ജനത. 

സാമ്പത്തിക അനിശ്ചിതത്വമാണ് യുദ്ധത്തിൽ തകർന്നുപോകുന്ന ഓരോ രാജ്യവും നേരിടുന്ന പ്രധാന പ്രശ്നം. ലോകത്താകമാനം 40 ലധികം രാജ്യങ്ങളിലായി, 100 കോടിയോളം ആളുകൾ വസിക്കുന്ന പ്രദേശങ്ങൾ പല കാരണങ്ങളാൽ ദുർബലവും സംഘർഷ ബാധിതവുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദാരിദ്ര്യം, ദുർബലമായ ഭരണസംവിധാനങ്ങൾ, സാമൂഹിക സുരക്ഷാ വെല്ലുവിളികൾ, അക്രമം, അരാജകത്വം തുടങ്ങി പലവിധ വെല്ലുവിളികളാണ് ഈ രാജ്യങ്ങൾ നേരിടുന്നത്. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ അഭയാർഥികളായി യുക്രെയ്നിൽനിന്ന് 60 ലക്ഷം അഭയാർഥികൾ യൂറോപ്പിലങ്ങോളമിങ്ങോളം എത്തിയതായാണ് കണക്കുകൾ പറയുന്നത്. ഇത് കൂടാതെ 2022 മേയ് അവസാനത്തോടെ 80 ലക്ഷം പേർ രാജ്യത്തിനുള്ളിൽത്തന്നെ ചിതറിമാറ്റപ്പെട്ടു. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഇത്തരം വെല്ലുവിളികളുണ്ട്. ഈ പ്രദേശങ്ങളിൽ സമാധാനം ഉറപ്പിക്കാനും സാമ്പത്തിക പരാധീനത കുറയ്ക്കാനും ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പല വിധത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 

women-and-newborns-bearing-the-brunt-of-the-conflict-in-gaza-mother-and-child-afp-10-october-2023
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന പലസ്തീൻകാർ‍. ചിത്രം : എഎഫ്പി (10 ഒക്ടോബർ 2023)

മനുഷ്യന്റെ സ്വൈര്യജീവിതത്തിന് ഭംഗം വരുത്തുന്ന പ്രകൃതിദുരന്തങ്ങളും കലാപങ്ങളും യുദ്ധങ്ങളുമൊക്കെ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. ഈ ദുരിതപർവത്തിൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥ കുറച്ചുകൂടി ഭീകരമാകുമെന്ന്. ലൈംഗികമായി ആക്രമിക്കപ്പെടുന്നു എന്നതാണ് ഇതിൽ ഏറ്റവും ഗൗരവമായി കാണേണ്ട കാര്യം. ആ അപമാനത്തിന്റെ ഓർമയിൽ, ശത്രുക്കളുടെ പിടിയിൽപ്പെടുന്നതിനു മുൻപ് പ്രാണത്യാഗം ചെയ്ത സ്ത്രീകളുടെ ചരിത്രമുള്ള നാടാണ് ഇന്ത്യ. ജീവനെപ്പോലെ സ്നേഹിച്ച ഭർത്താവിനെ യുദ്ധം കവർന്നു എന്നതിനപ്പുറം, അതിജീവിച്ചാൽത്തന്നെ നാളെ മറ്റാരുടെയോ അടിമയായി അവന്റെ ലൈംഗികപരാക്രമങ്ങൾക്ക് ഇരയായി ജീവിതം കഴിച്ചുകൂട്ടുന്നതിനെക്കാൾ എത്രയോ മഹത്തരമാണ് ആത്മാഹുതി എന്ന് ഉറച്ചുവിശ്വസിച്ച സ്ത്രീകളായിരിക്കാം അവർ. അല്ലെങ്കിൽ പ്രാണനിൽ പേടിയുണ്ടായിട്ടും ഗതികേട് കൊണ്ട് ജീവനൊടുക്കേണ്ടി വന്നവരുമാകാം. അതെന്തായാലും, ഏതു യുദ്ധമായാലും ഏതു ദേശത്തായാലും ഏതു കാലഘട്ടത്തിലായാലും സ്ത്രീകളെ കാത്തിരിക്കുന്ന വലിയ വിപത്ത് തന്നെയാണ് അസ്തമിച്ചുപോകുന്ന അവളുടെ അസ്തിത്വം. ബോംബുവർഷത്താൽ ചുട്ടെരിക്കപ്പെടുന്ന ഗാസയിലും ഇസ്രയേലിലും അതു തന്നെയാണ് സ്ഥിതി.

യുദ്ധഭൂമിയിൽ അനാഥരും നിസ്സഹായരും പീഡിപ്പിക്കപ്പെടുന്നവരുമായ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകൾ ഏതൊരു മനുഷ്യസ്നേഹിയെയാണ് അസ്വസ്ഥമാക്കാത്തത്. ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങി ഒരു മാസമാകാറാകുമ്പോൾ മരിച്ചുവീണത് നിരപരാധികളായ ആയിരക്കണക്കിനു പച്ചമനുഷ്യരാണ്. സ്വന്തം വീടുപേക്ഷിച്ച് ഗാസയിൽനിന്ന് ഓടിപ്പോകേണ്ടി വന്നത് ലക്ഷക്കണക്കിനാളുകൾക്കാണ്. യുദ്ധത്തിൽ 8,800 ലധികം പലസ്തീനികൾ കൊല്ലപ്പെട്ടപ്പോൾ അതിൽ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. യുദ്ധം തുടങ്ങി ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ 3,600 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സലും ഇത് ഉറപ്പിക്കുന്നു.  ഗാസ മുനമ്പിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണെന്ന് യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ റഫ്യൂജീസ് (യുഎൻആർഡബ്ല്യുഎ) കമ്മിഷണറും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഓരോ ദിവസവും 420 കുട്ടികൾക്ക് പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യന്നുണ്ടെന്നർഥം. 

conflict-in-gaza-ap-13-october-2023
ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിൽ പരുക്കേറ്റ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഗാസയിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ചിത്രം : എപി (13 ഒക്ടോബർ 2023)

അതുപോലെ തന്നെ ജീവൻ നഷ്ടപ്പെടുന്ന സ്ത്രീകളുടെ എണ്ണവും ഒട്ടും കുറവല്ല. യുദ്ധം തുടങ്ങി ഒക്ടോബർ 20 വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിലെ സ്ത്രീകളുടെ സ്ഥിതി കൂടി പരിശോധിക്കാം. 6625 സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റപ്പോൾ അഞ്ചു ലക്ഷത്തോളം സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം പ്രദേശത്തു നിന്ന് ഓടിപ്പോകേണ്ടിവന്നു. യുദ്ധത്തിൽ പങ്കാളി കൊല്ലപ്പെട്ടതോടെ 900 പേർക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നു. 3103 കുട്ടികൾക്ക് അച്ഛനെ നഷ്ടമായി. ഇതൊക്കെകൂടാതെ യുദ്ധത്തിന്റെ സർവകെടുതികളും അനുഭവിച്ച് കുഞ്ഞിനു ജൻമം നൽകാനൊരുങ്ങുന്ന ഗർഭിണികളുടെ എണ്ണം അരലക്ഷത്തോളമുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ, ഈ യുദ്ധത്തിൽ ആരും ജയിക്കില്ലെന്ന് രോഷത്തോടെ ഉറക്കെ ശപിക്കുകയാണ് രാജ്യാന്തരസമൂഹം. 

കൊല്ലപ്പെട്ടവരുടെ കണക്ക് അവിടെ നിൽക്കട്ടെ. ജീവിച്ചിരിക്കുന്നവരുടെ മാനസികാവസ്ഥയും അവർക്കു മുന്നിലുള്ള ജീവിതസാഹചര്യങ്ങളുമാണ് ഇനി നോക്കേണ്ടത്. ലിംഗാധിഷ്ഠിത അക്രമത്തിന്റെയും അതുണ്ടാക്കുന്ന മാനസിക ആഘാതത്തിന്റെയും അപകടസാധ്യതകൾ എത്ര വലുതാണെന്ന യാഥാർഥ്യമാണ് ഈ സ്ത്രീകളുടെ ഇനിയുള്ള ജീവിതം കാണിച്ചുതരുന്നത്. ജീവിക്കാനൊരു ജോലി, വീട്, ഭൂമി, വസ്ത്രം തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ മുതൽ ഇവരുടെ ആധികളാകുന്നു. അല്ലെങ്കിൽ അഭയാർഥിക്യാപിലെ പതിറ്റാണ്ടുകൾ നീളുന്ന നരകജീവിതമോർത്ത് ഇവർ നടുങ്ങുന്നു. കൂടെയുണ്ടായിരുന്നവർ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന് ഉറപ്പില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നെങ്കിലും തേടിവരാനൊരാളുണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവിതം കൊരുത്തെടുത്ത് അവർ കാത്തിരിപ്പു തുടങ്ങിയിട്ടുണ്ടാകും. നിലവിലുള്ള പ്രതിസന്ധികളെ എങ്ങനെയും മറികടന്ന് മുറിഞ്ഞ മനസ്സുമായി ജീവിതം തുടരാൻ നിശ്ചയിച്ചാൽത്തന്നെ, പിന്നെയുമുണ്ട് അപകടസാധ്യതകൾ. ലൈംഗിക-തൊഴിൽ ചൂഷണം, മനുഷ്യക്കടത്ത്, നിർബന്ധിത വിവാഹം തുടങ്ങി യുദ്ധഭൂമിയിൽനിന്ന് ഉടുതുണിയുമായി പലായനം ചെയ്യേണ്ടിവരുന്നവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ ചെറുതായിരിക്കില്ലെന്നു മുന്നറിയിപ്പു നൽകുന്നുണ്ട് മനുഷ്യാവകാശ സംഘടനകൾ. ശാരീരികവൈകല്യമുള്ളവർക്കും പ്രായമായവർക്കും ദുരിതം നാലിരട്ടിയാകും. ഇവർക്ക് നേരിടേണ്ടിവരുന്ന അവഗണനയെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നുണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സന്നദ്ധസംഘടനകൾ. 

conflict-in-gaza-reuters-15-october-2023
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ വ്യോമാക്രണത്തിൽ പരുക്കേറ്റ പെൺകുട്ടി. ചിത്രം : റോയിട്ടേഴ്സ് (15 ഒക്ടോബർ 2023)

അതിജീവനത്തിനുള്ള അസാമാന്യമായ മനക്കരുത്താണ് അഭയാർഥികളാകുന്ന സ്ത്രീകൾക്കുണ്ടാകേണ്ടത്. അടിമുടി തകർക്കപ്പെട്ട ജീവിതത്തിൽ അവശേഷിക്കുന്നവരെ ഒന്നിച്ചുനിർത്തി വീണ്ടും അതിനെ തളിർത്തെടുപ്പിക്കാമെന്ന പ്രതീക്ഷ അവരെ ശക്തരാക്കിയേക്കും. അതുവരെയുണ്ടായിരുന്ന തങ്ങളുടെ അസ്തിത്വത്തെ എന്നേക്കുമായി മറക്കാനും യുദ്ധം സമ്മാനിച്ച മറ്റൊരു വിലാസം കെട്ടിപ്പടുത്ത് പൊരുത്തപ്പെടാനും അവർ പഠിക്കണം. അതുവരെയുണ്ടായിരുന്ന ജീവിതത്തെ മറന്ന് നിഷ്ക്രിയയാകുകയല്ല, മറിച്ച് വേർപെട്ടു പോയതിനെയൊക്കെ കോർത്തെടുക്കാൻ കൂടുതൽ കരുത്തു നേടിയെടുക്കണം. ആ കരുത്തിൽ ഓരോ സ്ത്രീയും നഷ്ടപ്പെട്ടുപോയ സ്വന്തം നാട്ടിലേക്കുള്ള വഴി തെളിക്കാനുള്ള പോരാട്ടമാണ് തുടങ്ങിവയ്ക്കുന്നത്. ആ പകർന്നാടലുകളിൽ അവൾ ഒരേസമയം അമ്മയും കുടുംബിനിയും തൊഴിലാളിയും മനുഷ്യസ്നേഹിയും അതിജീവിതയുമൊക്കെയാകും. അങ്ങനെ, ബോംബും പീരങ്കിയും ചിതറിത്തറിപ്പിച്ച മനുഷ്യശരീരങ്ങൾ കണ്ട് നടുങ്ങിവിറച്ച് വിറങ്ങലിച്ചുപോയ കുറെ ജീവിതങ്ങളെ തിരികെ സാധാരണ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ട് വരിക എന്ന ഉത്തരവാദിത്തവും അവൾക്കു തന്നെ ഏറ്റെടുക്കേണ്ടിവരും. ഒരു യുദ്ധത്തിനും അകറ്റാനാകാത്തവിധം അമ്മ കൂടെയുണ്ടെന്ന വിശ്വാസം നൽകി സ്വന്തം കുഞ്ഞുങ്ങളുടെ നഷ്ടപ്പെട്ടുപോയ വിശ്വാസത്തെയും അഭിമാനത്തെയും അവൾക്ക് തിരികെകൊണ്ടുവരേണ്ടിവരും.

അങ്ങനെ ശക്തമായ. കുടുംബത്തെ മാത്രമല്ല സുശക്തമായ ഒരു സമൂഹത്തെയും രാജ്യത്തെയും സൃഷ്ടിച്ചെടുക്കാനുള്ള മാനസിക ശക്തിയിലേക്ക്, നാടും വീടും ഉപേക്ഷിച്ചോടിപ്പോകേണ്ടി വന്ന  ഓരോ സ്ത്രീയും എത്തപ്പെടേണ്ടിയിരിക്കുന്നു. വീടും നാടും ബന്ധുക്കളും ഇല്ലാതായി, ജീവിതം വറ്റിപ്പോയ യുദ്ധഭൂമിയിലെ ഇരകളാകുകയല്ല, മറിച്ച് യുദ്ധം തരിശാക്കുന്ന മണ്ണിൽ സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും നീരുറവകളാകേണ്ടിവരും അവർക്ക്. ഗാസയിൽ മാത്രമല്ല റഷ്യയിലോ യുക്രെയ്നിലോ ഇറാനിലോ സുഡാനിലോ ഫിലിപ്പീൻസിലോ അഫ്ഗാനിസ്ഥാനിലോ ആകട്ടെ, അത് അങ്ങനെതന്നെയാകണം. കാരണം ഉയർത്തെഴുന്നേൽക്കാൻ അവർക്കു മുന്നിൽ മറ്റൊരു വഴിയില്ലല്ലോ..

ഇസ്രയേൽ–പലസ്തീൻ സംഘർഷ ചരിത്രം: അറിയേണ്ടതെല്ലാം - വിഡിയോ

English Summary:

Women and newborns bearing the brunt of the conflict in Gaza, UN agencies warn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com