ADVERTISEMENT

‘ഒരാളും ഇനി കാണുമ്പോൾ ശോഭനയെപ്പോലെയുണ്ട് കാണാൻ എന്നു പറയരുത്’. കഴിഞ്ഞ ദിവസം ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് ബിജെപിയുടെ സ്ത്രീശാക്തീകരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടിയും നർത്തകിയുമായ ശോഭന വേദി പങ്കിടുകയും പ്രസംഗിക്കുകയും ചെയ്തതിനു പിന്നാലെയാണ് ശീതൾ ശ്യാം സമൂഹ മാധ്യമത്തിൽ കുറിപ്പെഴുതിയത്. അതിനു പിന്നാലെ ശീതളിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും ആക്രമണങ്ങളുമുണ്ടായി. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും പറയാനുള്ളവർ മടുക്കുന്നതു വരെ വിമർശിക്കട്ടെയെന്നും ശീതൾ പറയുന്നു. തന്റെ നിലപാടുകൾ പറഞ്ഞതിന് ശരീരത്തെയും സ്വത്വത്തെയും വിമർശിക്കുന്നവരോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലതെന്നും ശീതൾ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ശോഭനയുടെ നിലപാട് അംഗീകരിക്കാനാകില്ല
‘‘ചെറുപ്പം മുതൽ ഞാൻ ആരാധിക്കുന്ന നടിയാണ് ശോഭന. ഇന്നും അവരോട് ബഹുമാനവും ഇഷ്ടവുമുണ്ട്. പക്ഷേ, അവർ ഒരു രാഷ്ട്രീയ വേദിയിൽ വന്ന് നരേന്ദ്ര മോദിയെ പുകഴ്ത്തിയതു കൊണ്ട് മാത്രമാണ് എനിക്കവരോട് വിരുദ്ധ അഭിപ്രായം ഉണ്ടായത്. ശോഭനയോടോ അവരുടെ കലയോടോ കഴിവിനോടോ ഉള്ള പ്രശ്നമല്ല അത്. അവരുടെ നിലപാടിനോടുള്ള വിയോജിപ്പാണ് ഞാൻ രേഖപ്പെടുത്തിയത്.

modi-shobana
‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ശോഭന

ഒരു കലാകാരി എന്ന നിലയിൽ ശോഭനയ്ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ട്. മോദിയുടെ കീഴിൽ നമ്മൾ സുരക്ഷിതരാണെന്നു പറയുന്നത് ആ സാമൂഹിക പ്രതിബദ്ധത മറക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിന്റെ കീഴിൽ കർഷകരും ദലിതരും അനുഭവിക്കുന്നതൊന്നും കാണാതെ ഇത്തരത്തിൽ നിലപാട് പറയുന്നതിനോടു യോജിക്കാൻ ഒരിക്കലും പറ്റില്ല. 

ശോഭനയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശാരദക്കുട്ടി ടീച്ചർ പറയുന്നതു കേട്ടു, എഴുതി നൽകിയതു ശോഭന വായിച്ചതാണെന്ന്. എഴുതിയത് വായിക്കുകയാണങ്കിലും നമുക്കൊരു രാഷ്ട്രീയ ബോധം വേണ്ടേ. ആ ബോധമില്ലാതെ സംസാരിച്ചതു കൊണ്ടാണ് എനിക്കവരോട് അഭിപ്രായ വ്യത്യാസമുണ്ടായത്. പക്ഷേ അത് ഒരിക്കലും വ്യക്തിപരമല്ല. അതാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. 

shobana-cyber-criticism
‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ശോഭന

പറയുന്നവർ പറയട്ടെ, അതിനെ അവഗണിക്കുന്നു
എന്റെ സുഹൃത്തുക്കൾ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്, നിന്നെ കാണാൻ ശോഭനയെപ്പോലെയുണ്ട് എന്ന്. അതുകൊണ്ടാണ് അത്തരത്തിലൊരു പോസ്റ്റ് ഞാൻ സമൂഹ മാധ്യമത്തിൽ എഴുതിയത്. എനിക്ക് അതിനുള്ള അവകാശമുണ്ട്. അവിടെ വന്ന് എന്റെ ശരീരത്തെയും മരിച്ചു പോയ മാതാപിതാക്കളെയും എന്റെ ജെൻ‍ഡറിനെയും പറ്റിയെല്ലാമാണ് വിമർശനം ഉന്നയിക്കുന്നത്. ‘നിങ്ങൾ ശോഭനയെ പോലെയുണ്ടെന്ന് പറയുന്നവർ കണ്ണുപൊട്ടൻമാരാണ്’ എന്നൊക്കെയാണ് വിമർശനം. എന്തിനാണ് കാഴ്ചവൈകല്യമുള്ളവരെപ്പോലും അവർ മാനിക്കാതിരിക്കുന്നത് എന്നെനിക്കറിയില്ല.  ഞാൻ എഴുതിയത് എന്റെ അഭിപ്രായമാണ്. അതിനെ ഒട്ടും മാനിക്കാതെ ഇങ്ങനെ തേജോവധം നടത്തുന്നത് ശരിയല്ല. മറ്റൊരാളെ അപകീർത്തിപ്പെടുത്താൻ ഏതൊക്കെ രീതിയിൽ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാമെന്ന് കാണിച്ചു തരികയാണ് ഇതിലൂടെ. 

sheethal1
ശീതൾ ശ്യാം, ശോഭന, Image Credits: Instagram/sheethalshyam,

എന്റെ ശരീരത്തെപ്പറ്റി പറഞ്ഞതു കൊണ്ടോ, എന്റെ സമൂഹത്തെ അടച്ചാക്ഷേപിച്ചതു കൊണ്ടോ ഞാൻ തളരില്ല. എന്നെ മനസ്സിലാക്കുന്നവർ എന്റെ കൂടെയുണ്ട്. നമ്മുടെ നാട്ടിൽ എങ്ങനെ പ്രതികരിച്ചാലും അതിൽ മോശവും നല്ലതും ഉണ്ടാകും. നല്ലതു മാത്രം പറയണം എന്നു തോന്നരുത്. പല തരത്തിൽ നമുക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ അതിനെ വിമർശനാത്മകമായി എടുക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പറയുന്നവര്‍ പറയട്ടെ. ഞാൻ ഇതിനെ അവഗണിക്കുകയാണ്.’’

English Summary:

Sheetal Shyam Hits Back at Trolls After Critiquing Shobhana's Political Stance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com