ADVERTISEMENT

"പാലയത്തു വയൽ കണ്ണവം കാടിന്റെ ഉള്ളിലാണെന്ന് തോന്നുന്നു. കുറിച്യ മേഖല.. മൊബൈൽ റേഞ്ച് കുറവായിരിക്കും... കച്ചവട സ്ഥാപനങ്ങളും കുറവാണ് എന്നാണ് മനസ്സിലാക്കുന്നത്. സാധനങ്ങളൊക്കെ നേരത്തെതന്നെ വാങ്ങി കരുതുന്നതാണ് നല്ലത്."– തേർഡ് പോളിങ് ഓഫീസറുടെ മെസേജ് കണ്ടപ്പോഴാണ് ഞാനും സ്ഥലത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുന്നത്. 

ബൂത്ത്‌ ഏതാണെന്നു പ്രീ-പോൾ ദിവസമേ അറിയാൻ സാധിക്കൂ. സ്വദേശം കണ്ണൂർ അല്ലാത്തതിനാൽ സ്ഥലനാമം കേട്ടപ്പോൾ കൂത്തുപറമ്പിനടുത്ത് ഏതോ ഗ്രാമമെന്നേ കരുതിയുള്ളു. കാടെന്നു കേട്ടപ്പോൾ ഞെട്ടലല്ല, കൗതുകം തോന്നി. ഇതുവരെ പോകാത്ത ഒരിടം. പ്രത്യേക മുന്നൊരുക്കത്തിന് ഇനി സമയമില്ല. പുറപ്പെടാൻ ഒരുങ്ങി നിൽക്കുകയാണ്. 

കാനനപാതയിലൂടെ... പോളിങ് സ്റ്റേഷനിലേക്കുള്ള വഴി.
കാനനപാതയിലൂടെ... പോളിങ് സ്റ്റേഷനിലേക്കുള്ള വഴി.

ഗൂഗിളിൽ ഒന്ന് പരതി. വീര പഴശ്ശി രാജ - ബ്രിടീഷ് യുദ്ധത്തിനും ഒട്ടനവധി ഗോറില്ല പോരാട്ടങ്ങൾക്കും മൂകസാക്ഷി. 'ബാഹുബലി'യും 'പഴശ്ശിരാജ'യും ഷൂട്ട്‌ ചെയ്ത കണ്ണവം വനം. കണ്ണൂരിന്റെ ഹരിത ഭൂമി. പാലയത്തുവയൽ ഗവ യുപി സ്കൂൾ വനാന്തർഭാഗത്തുള്ള ഒരേയൊരു പോളിങ് സ്റ്റേഷനാണ്. എന്നാലും 1300 ൽ പരം വോട്ടർമാരുണ്ടിവിടെ. ഹിന്ദു - മുസ്ലിം - ക്രിസ്ത്യൻ മതത്തിൽപ്പെട്ട സാധാരണക്കാരാണ് ഭൂരിപക്ഷവും. ഏതാണ്ട് എല്ലാവരും തന്നെ വനാവകാശ പട്ടയഭൂമിയിൽ കഴിഞ്ഞു വരുന്നു. വിൽക്കാനുള്ള അധികാരമോ നികുതിയധികാരമോ ഇല്ല. 

കാനനപാതയിലൂടെ... പോളിങ് സ്റ്റേഷനിലേക്കുള്ള വഴി.
വനത്തിലൂടെയുള്ള പോളിങ് സ്റ്റേഷനിലേക്കുള്ള വഴി.

കഴിഞ്ഞ വർഷംവരെ രണ്ടു ബൂത്തുകൾ ഇവിടെയുണ്ടായിരുന്നു. രണ്ടാം ബൂത്തിൽ വോട്ടർമാരുടെ സംഖ്യ നൂറിൽ താഴെ മാത്രം. അവർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. നിബിഢവനത്തിനുള്ളിലെ ഊരുകളിലാണ് താമസം. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കാട്ടുപാതയിലൂടെ 7-8 കിലോമീറ്റർ സഞ്ചരിച്ചു ബൂത്തിലെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ ഈ വർഷം മുതൽ ആ ബൂത്ത്‌ കോഴിക്കോട് അതിർത്തിയിലുള്ള വിലങ്ങാട് ഭാഗത്തേക്ക് മാറ്റി. 

ഗതാഗത സൗകര്യങ്ങൾ തീരെ കുറവുള്ള, മൊബൈൽ റേഞ്ച് പരിധിക്കുമപ്പുറത്ത് കണ്ണവം വനത്തിന്റെ നിഗൂഢതയിലേക്ക് ഞങ്ങൾ നാല് പോളിങ് ഉദ്യോഗസ്ഥരും റൂട്ട് ഓഫീസറും ഒരു ഡ്യൂട്ടി പൊലീസുമുൾപ്പടെ 6 പേർ ഒരു പഴയ വില്ലീസ് ജീപ്പിൽ ഉച്ചയോടെ യാത്ര തിരിച്ചു. മാവോയിസ്റ്റു ഭീഷണി നിലനിൽക്കുന്ന ബൂത്തായതിനാൽ സിആർപിഎഫ് പ്രത്യേക സംഘം അവിടെ തമ്പടിച്ചിരുന്നു. 

ടീ ബ്രേക്ക്‌... ഇനി കാടിനുള്ളിലേക്ക്. മൊബൈൽ റേഞ്ചും ഇവിടെ വരെ മാത്രം.
ടീ ബ്രേക്ക്‌... ഇനി കാടിനുള്ളിലേക്ക്. മൊബൈൽ റേഞ്ചും ഇവിടെ വരെ മാത്രം.

യാത്രയിലുടനീളം റൂട്ട് ഓഫീസർ കാടിന്റെ ഭൂമിശാസ്ത്രവും അനുഭവകഥകളും വിശദീകരിച്ചു കൊണ്ടിരുന്നു. ഇന്നലെ ജനവാസമേഖലയിൽ പുലി ഇറങ്ങിയത്രെ. ബൂത്ത്‌ ഒരുക്കാൻ പോകുന്ന വഴിയിൽ ഘടാഘടികന്മാരായ മൂന്ന് കാട്ടുപോത്തുകളെ നേരിട്ട കഥ കൂടി കേട്ടപ്പോൾ തരിച്ചിരുന്നു പോയി. വനകവാടത്തിൽ നിയന്ത്രിത മേഖലയെ കുറിക്കുന്ന ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഫലകം കണ്ടു. അവിടെ മുതൽ പിന്നെ ഫോണിൽ റേഞ്ച് ഉണ്ടാകില്ല. വനത്തിനകത്ത് താസിക്കുന്നവർ ബിഎസ്എൻഎൽ നൽകുന്ന ഇന്റർനെറ്റ്‌ കണക്ഷൻ വഴി വാട്സാപ്പ് കോളുകൾ ചെയ്യും. കോളയാട് ആണ് ഏറ്റവും അടുത്തുള്ള പട്ടണം.

ബൂത്തിലേക്ക്...

ജീപ്പിന്റെ പിൻസീറ്റിൽ ആടിയുലഞ്ഞുള്ള യാത്രയിൽ ഞാൻ കാടിന്റെ ഭംഗി ശരിക്കും ആസ്വദിച്ചു. കിലോമീറ്ററുകളോളം ഇരുവശത്തും മഹാവൃക്ഷങ്ങൾ തിങ്ങി നിൽക്കുന്നു. വർഷങ്ങളുടെ ശ്രമഫലമെന്നോണം നല്ല ടാറിട്ട റോഡ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷേ, വാഹനങ്ങൾ തീരെ കുറവ്. രാത്രി യാത്ര കാടിനുള്ളിൽ താമസിക്കുന്നവർക്ക് മാത്രം അനുവദനീയമായിട്ടുള്ളു. കാട്ടി എന്ന കാട്ടുപോത്ത്, പുലി, മാൻ, മയിൽ തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് കണ്ണവം വനം. 

പോളിങ് സ്റ്റേഷനിലേക്കുള്ള വഴിയിൽ കണ്ട കാഴ്ച.
പോളിങ് സ്റ്റേഷനിലേക്കുള്ള വഴിയിൽ കണ്ട കാഴ്ച.

കാടിനുള്ളിലെ ഏക വിദ്യാഭ്യാസ സ്ഥാപനം പാലയത്തുവയൽ ഗവ. അപ്പർ പ്രൈമറി സ്കൂളാണ്. അവിടെയാണ് ബൂത്ത്‌ ഒരുക്കിയിട്ടുള്ളത്. ഇലക്ടറൽ റോൾ പരിശോധിച്ചപ്പോൾ തന്നെ ഫസ്റ്റ് പോളിങ് ഓഫീസർ പറഞ്ഞു, "പേരുകൾ ഏതാണ്ട് എല്ലാവരുടെയും ഒരുപോലെ. ഇത് പണിയാകുമല്ലോ." കുമ്പ, ഉപ്പാട്ടി, മാണിക്യം എന്നീ പേരുകൾ ധാരാളം ആളുകൾക്ക് ഉണ്ടെന്നു പിറ്റേന്ന് ബോധ്യമായി. തെനിയാടൻ, പാൽമിഹൗസ് എന്ന വീട്ടുപേരുകളും ഒട്ടനവധി. 

60 വയസ്സിനു മേൽ പ്രായമേറിയ ആളുകളിൽ ഗോയ്റ്റർ എന്ന അസുഖവും ധാരാളമായി കണ്ടു. അത് നാട്ടിലെ പരിചിതമായ കാഴ്ച അല്ല. ഒരു തലമുറ മുമ്പുള്ള കാടിനുള്ളിലെ ജീവിത ശൈലിയെക്കുറിച്ചും പോഷകാഹാരക്കുറവ്, ചികിത്സ പരിമിതികൾ എന്നിവയെക്കുറിച്ചും ഞാൻ ഒരു നിമിഷം ചിന്തയിലാണ്ടു. ഒരു ക്രിസ്ത്യൻ പള്ളിയും ശിവക്ഷേത്രവും പി. എച്ച്. സെന്ററുമാണ് കാട്ടിനുള്ളിലെ മറ്റു പൊതുഇടങ്ങൾ. 

പ്രദേശത്തെ രണ്ട് ആരാധനാലയങ്ങൾ.
പ്രദേശത്തെ രണ്ട് ആരാധനാലയങ്ങൾ.

ജീപ്പ് കാട്ടുപാതയിലൂടെ ഏറെ ദൂരം പോയതിനുശേഷമാണ് ജനവാസ മേഖല ആരംഭിക്കുന്നത്. എന്നാലും തൊട്ട് തൊട്ട് വീടുകൾ ഇല്ല. അങ്ങിങ്ങായി ചില ഇടത്തരം വീടുകൾ കണ്ടു. ചില രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകളും നാമമാത്രമായി കണ്ടു. പുറംലോകത്ത് നിന്നും ഉൾവലിഞ്ഞു ജീവിക്കുന്ന ഇവർക്ക് രാഷ്ട്രീയ ബോധം എത്രയുണ്ടാകുമെന്ന് എനിക്ക് സംശയം തോന്നി. പക്ഷേ, പിറ്റേന്ന് വോട്ടു ശതമാനം 80 ഉം പിന്നിട്ടപ്പോൾ എന്റെ തെറ്റിധാരണ മാറി.

ഓപ്പൺ വോട്ടുകളുടെ രാഷ്ട്രീയം

ഡ്യൂട്ടി ചെയ്തു മുൻപരിചയമുള്ള ആത്മാർഥതയുള്ള ടീം അംഗങ്ങൾ, ഏത് സാഹചര്യത്തിലും പൂർണ്ണ പിന്തുണയുമായി മട്ടന്നൂർ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും സംഘവും സിആർപിഎഫിന്റെ വിട്ടു വീഴ്ചയില്ലാത്ത സുരക്ഷയും നല്ലവരായ പോളിങ് ഏജന്റമാരും വോട്ടർമാരും ചേർന്ന് വോട്ടെടുപ്പിന് സുഖാന്ത്യം നൽകി. ഈ പ്രാവശ്യം വോട്ടിംഗ് കേരളത്തിൽ എല്ലായിടത്തും വളരെ പതുക്കെയാണ് പുരോഗമിച്ചത്. ആറു മണിക്ക് ശേഷവും എന്റെ ബൂത്ത് ഉൾപ്പടെ ഏതാണ്ട് എല്ലാ ബൂത്തിലും നീണ്ട ക്യു ഉണ്ടായിരുന്നു. 

പോളിങ് സ്റ്റേഷനിലെ ദൃശ്യം,  നിയന്ത്രിത മേഖലയെ കുറിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഫലകം കാണാം.
പോളിങ് സ്റ്റേഷനിലെ ദൃശ്യം, നിയന്ത്രിത മേഖലയെ കുറിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഫലകം കാണാം.

വ്യക്തിപരമായ നിരീക്ഷണത്തിൽ വോട്ടിംഗ് മെഷീനിന്റെ പ്രവർത്തനം അൽപം മന്ദഗതിയിലായിരുന്നു. വി വി പാറ്റ് വോട്ടിങ് യന്ത്രത്തിൽ പ്രിന്റ് ചെയ്തു വരുന്ന സ്ലിപ് വോട്ടർ കണ്ടു ബോധ്യപ്പെടാൻ കൂടുതൽ സമയം കൊടുക്കുന്ന തരത്തിൽ മെഷീൻ സെറ്റ് ചെയ്തതിനാലാകണം ആളുകൾ വോട്ട് ചെയ്തു ബൂത്തിനു പുറത്തെത്തിയതിനു ശേഷമാണ് പലപ്പോഴും 'ബീപ്' ശബ്ദം കേൾക്കാനായത്. ഇത് ഔദ്യോഗിക വിശദീകരണമല്ല.

ഓപ്പൺ വോട്ട് എന്ന് വിളിക്കുന്ന സഹായി വോട്ടുകൾ വോട്ടിങ് പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന മറ്റൊരു കാരണമാണ്. അവശരെയും അന്ധരെയും തീരെ നിവൃത്തിയില്ലെങ്കിൽ സഹായിക്കാനുള്ള ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യുന്നത് ഇലക്ഷൻ പ്രക്രിയയുടെ ശോഭ കെടുത്തുന്നുണ്ട്. ഓപ്പൺ വോട്ടുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈ ഇലക്ഷന് 85 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും അവശത അനുഭവിക്കുന്നവരെയും വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിച്ചിരുന്നു. അതിനാൽ സഹായി വോട്ടുകൾ കുറവായിരിക്കും എന്ന് ഇലക്ഷൻ ക്ലാസ്സിൽ പറഞ്ഞിരുന്നു. 

കാനനപ്പാതയിലെ അക്ഷരദീപം, ഗവ. അപ്പർ പ്രൈമറി സ്കൂൾ, പാലയത്തുവയൽ.
കാനനപ്പാതയിലെ അക്ഷരദീപം, ഗവ. അപ്പർ പ്രൈമറി സ്കൂൾ, പാലയത്തുവയൽ.

എന്നാൽ എന്റെ അനുഭവം മറിച്ചായിരുന്നു. പോളിങ് ഏജന്റുമാർ തലേന്ന് വന്നപ്പോഴേ ഓപ്പൺ വോട്ടിന്റെ ആധിക്യത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ചട്ടപ്പടി മാത്രം സഹായി വോട്ടുകൾ അനുവദിക്കു എന്ന് ഞാനും തീർത്തു പറഞ്ഞു. പക്ഷേ, ഒരു പ്രിസൈഡിങ് ഓഫീസർക്ക് ഈ വിഷയത്തിൽ പല പരിമിതികളുണ്ടെന്ന് പ്രായോഗിക തലത്തിൽ എനിക്ക് ബോധ്യപ്പെട്ടു. സഹായി വോട്ട് അനുവദിക്കാനും നിഷേധിക്കാനും പ്രിസൈഡിങ് ഓഫീസർക്ക് പരമാധികാരം ഉണ്ട്. 

എന്റെ അനുഭവത്തിൽ സഹായിയെ കൂട്ടി വരുന്ന വോട്ടർ അല്ല, വോട്ടറെ കൂട്ടി വരുന്ന സഹായിയാണ് വില്ലൻ. ഓപ്പൺ വോട്ട് സൗകര്യം അഭ്യർഥിച്ചു വന്ന ഓരോ വോട്ടരോടും 'ഒറ്റക്ക് ചെയ്യില്ലേ'എന്ന് പല പ്രാവശ്യം ഞാൻ ചോദിച്ചു. ഡമ്മി ബാലറ്റിൽ അവരുടെ കൈ പിടിപ്പിച്ചു വോട്ട് ചെയ്യേണ്ട വിധം പരിചയപ്പെടുത്തി. പക്ഷേ, കണ്ണ് കാണില്ല എന്ന വാദത്തിൽ അവർ ഉറച്ചു നിൽക്കുന്നത് പ്രെസിഡിങ് ഓഫീസറെ തൃശങ്കുവിലാക്കുന്നു. ഒറ്റക്ക് വോട്ട് ചെയ്യാൻ അർദ്ധ മനസ് കാണിച്ച പലരെയും നിർദേശങ്ങൾ നൽകി വോട്ട് ചെയ്യിപ്പിച്ചു. പക്ഷേ, അവരുടെ കൂടെ വന്ന സഹായിയുടെ പല്ലിറുമ്മൽ എന്നെ അസ്വസ്ഥയാക്കി, മറ്റൊന്നും കൊണ്ടല്ല ബൂത്ത്‌ വിട്ടു വെളിയിലേക്ക് വരുമ്പോൾ ആ പാവം അച്ഛനെയോ അമ്മയെയോ ഇവർ ഉപദ്രവിക്കില്ല എന്നാരു കണ്ടു. ചിലപ്പോൾ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞേക്കാം. സങ്കടം തോന്നി. 

വിഷമിച്ചു നിൽക്കാനുള്ള സമയമല്ലാത്തതിനാൽ ഞാൻ എന്റെ ഡ്യൂട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 'ഇതെന്റെ അമ്മയാണ്. ഞങ്ങൾ തമ്മിൽ ധാരണയുണ്ട്. പിന്നെ നിങ്ങൾക്ക് എന്താണ് 'എന്ന് എന്നെ ഭീഷണിപ്പെടുത്താൻ പോലും ചില സഹായി വോട്ടർമാർ മുതിർന്നു. അമ്മയുടെ കാഴ്ച ശക്തിക്കുറവ് എവിടെയും തെളിയിച്ചോളാം എന്ന വീരവാദങ്ങൾ വേറെ. ഒരാൾ രണ്ടു വോട്ട് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്ന കാര്യമല്ല. അല്ലെങ്കിൽ വോട്ടർക്ക് അത്രമേൽ അവശത ഉണ്ടായിരിക്കണം. ഇതിനെക്കുറിച്ച് വോട്ടർമാരെ ബോധവാന്മാരാക്കുകയാണ് ആദ്യം വേണ്ടത്. 

നിരക്ഷരരായവർക്ക് ചിഹ്നം നോക്കി സ്വയം വോട്ട് രേഖപ്പെടുത്താനുള്ള പരിശീലനം ബന്ധപ്പെട്ടവർ നൽകണം. വോട്ട് രേഖപ്പെടുത്താനും അതിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടാനും ഓരോ പൗരനുമവകാശമുണ്ട്. രക്തബന്ധത്തിന്റെ പേര് പറഞ്ഞു മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്ന നിലയിൽ സഹായി വോട്ടുകൾ മാറരുത്. അതൊരിക്കലും ജനാധിപത്യത്തിന് ഭൂഷണമല്ല. ഓപ്പൺ വോട്ടുകളുടെ ആധിക്യമാണ് വോട്ടറുടെ അവശതയിൽ എനിക്ക് സംശയമുണ്ടാക്കിയ സാഹചര്യം. അല്ലെങ്കിൽ വെറുമൊരു സത്യവാങ്മൂലം മാത്രം നൽകാതെ അവശത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജാറാക്കുന്ന തരത്തിൽ നിയമം അഴിച്ചു പണിയണം. അപ്പോൾ ആ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഓപ്പൺ വോട്ട് അനുവദിക്കാൻ സാധിക്കും. 

കാടിനുള്ളിലായതിനാൽ പ്രായമായവർക്ക് വീട്ടിൽ എത്തി വോട്ട് ചെയ്യാനുള്ള സൗകര്യം വേണ്ടവിധം ലഭ്യമായില്ല എന്നാണ് ഇതിനെക്കുറിച്ച് പോളിങ് ഏജന്റുമാരുടെ ഭാഷ്യം. സ്വന്തം പാർട്ടിക്കാർ ഓപ്പൺ വോട്ടിനു വരുമ്പോൾ മിണ്ടാതെ ഇരിക്കുക, എതിർ പാർട്ടിയിൽപ്പെട്ടവരെന്ന് ബോധ്യമുള്ളവർ സഹായി വോട്ടിനു വന്നാൽ അതിനെ എതിർക്കുക, പോളിങ് ഓഫീഷ്യൽസിനോട് കയർക്കുക ഇതെല്ലാം മറികടന്നു വേണം ഒരു പ്രിസൈഡിങ് ഓഫീസർക്ക് പോളിങ് ബൂത്തിലെ ക്രമസമാധാനം നില നിർത്തേണ്ടത്. എത്ര ചെയ്താലും തീരാത്തയത്ര പേപ്പർ വർക്കുകൾ മാറ്റി വെച്ചിട്ടാണ് ഈവക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടത്. എന്നാലും വലിയ കലഹങ്ങൾക്ക് എനിക്ക് റഫറിയാകേണ്ടി വന്നില്ല.

എഴുത്തുകാരി സഹപ്രവർത്തകർക്കൊപ്പം.
എഴുത്തുകാരി സഹപ്രവർത്തകർക്കൊപ്പം.

എന്ന് അഭിമാനപുരസ്സരം ഒരു പ്രിസൈഡിങ് ഓഫീസർ...

വോട്ടിങ് പൂർത്തിയാക്കി കളക്ഷൻ സെന്ററിലെത്തിയപ്പോൾ രാത്രി 11 മണി. പിന്നെ വെരിഫിക്കേഷന് ശേഷം ഫയലുകൾ ഹാൻഡ് ഓവർ ചെയ്തു വീട്ടിലെത്തി കുളിച്ചു വിശ്രമിക്കാൻ കിടന്നപ്പോൾ പുലർച്ചെ 3 മണി ആയി. കണക്കു കൂട്ടി നോക്കി, വോട്ടിംഗ് ദിവസം പുലർച്ചെ 3 മണിക്ക് ഉണർന്നു പരിമിത സൗകര്യത്തിൽ റെഡി ആയി ഡ്യൂട്ടിയിൽ കയറിയതാണ്. പിറ്റേന്ന് 3 മണിക്കാണ് വിശ്രമിക്കാനായത്. ഒരു ദിനരാത്രം പിന്നിട്ട് 24 മണിക്കൂർ ഡ്യൂട്ടി. വെറുതെയല്ല ഇലക്ഷൻ ഡ്യൂട്ടി എന്ന് കേൾക്കുമ്പോൾ പലരും പേടിച്ചു വിറയ്ക്കുന്നത്. 

ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ഊർജം ഇനിയും ബാക്കിയുണ്ട്. അത് ഉത്തരവാദിത്തത്തോടെ ഡ്യൂട്ടി ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചതിന്റെ ചാരിതാർഥ്യത്തിൽ നിന്ന് ഉറവയെടുത്തതായിരുന്നു. നിറഞ്ഞ ആത്മ സംതൃപ്തിയോടെ ഞാൻ ഉറപ്പിച്ചു ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും ഡ്യൂട്ടി ചെയ്യാൻ തയാറാണ്. രാഷ്ട്രസേവനത്തിനു ലഭിക്കുന്ന ഒരു അവസരവും ഒരിക്കലും നഷ്ടപ്പെടുത്തില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com