ADVERTISEMENT

സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കയുടെ എഫ് 35 പോര്‍വിമാനങ്ങള്‍ ആദ്യമായി ഇന്ത്യയിലേക്കെത്തിയത്. ഇപ്പോഴിതാ അത്യാധുനിക പോര്‍വിമാനങ്ങളായ ബി1 ബോംബറുകളും എഫ് 15 ഇയും സൈനികാഭ്യാസത്തിനായി ഇന്ത്യയിലേക്കെത്തിയിരിക്കുന്നു. ബി1 ബോംബറുകൾ സ്വന്തമാക്കുന്ന ആദ്യ രാജ്യമാകാനുള്ള പുറപ്പാടിലാണ് ഇന്ത്യയെന്ന സൂചനകളുമുണ്ട്. അമേരിക്കയുടെ ഈ നീക്കം ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യ–പസിഫിക് മേഖലയില്‍ ചൈന സൈനിക അഭ്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയും അമേരിക്കയും സംയുക്ത വ്യോമാഭ്യാസത്തിന് തീരുമാനിച്ചത്. ആദ്യമായാണ് അമേരിക്കന്‍ വ്യോമ സേനയുടെ ബി1 ബോംബര്‍ പോർവിമാനങ്ങൾ ഇന്ത്യന്‍ വ്യോമസേനയുമായി ചേര്‍ന്ന് വ്യോമാഭ്യാസം നടത്തുന്നത്. ഏപ്രില്‍ 10 മുതൽ 21 വരെയാണ് സൈനികാഭ്യാസം. 

ബംഗാളിലെ കലൈകുണ്ട വ്യോമതാവളത്തിൽ നടന്ന വ്യോമാഭ്യാസത്തില്‍ രണ്ട് ബി1 ബോംബര്‍ ജെറ്റുകളും എഫ് 15ഇ പോര്‍വിമാനങ്ങളും സി 130, സി 17 സൈനിക വിമാനങ്ങളുമെല്ലാം പങ്കെടുത്തു. ബെംഗളൂരുവില്‍ ഫെബ്രുവരിയില്‍ നടന്ന എയ്റോ ഇന്ത്യ 2023 എയര്‍ഷോയുടെ ഭാഗമായാണ് ആദ്യമായി ബി1 ബോംബറുകള്‍ ഇന്ത്യയിലെത്തിയത്. ഈ പ്രദര്‍ശനത്തില്‍ എഫ് 35എസ് പോര്‍വിമാനങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നതാണ് ഇതിന്റെ സൂചന.

ഇന്ത്യയുടെ പരമ്പരാഗത പ്രധാന പ്രതിരോധ പങ്കാളിയാണ് റഷ്യ. പോര്‍വിമാനങ്ങളും ടാങ്കുകളും മുങ്ങിക്കപ്പലുകളും തോക്കുകളും അടക്കം ഇന്ത്യന്‍ സൈനിക ഉപകരണങ്ങളില്‍ വലിയൊരു പങ്കും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. എന്നാല്‍ അടുത്ത കാലത്ത് പ്രതിരോധ ഇറക്കുമതിയില്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ അമേരിക്കയുടെ എഫ് -35എസ് പോര്‍വിമാനങ്ങള്‍ എയര്‍ഷോക്ക് എത്തിയപ്പോള്‍ തന്നെ ഇന്ത്യ ഈ പോര്‍വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നുവെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. 

പ്രധാന പ്രതിരോധ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് അമേരിക്ക അയയ്ക്കുന്നുവെന്നത് ആദ്യ നോട്ടത്തില്‍ ചൈനയ്ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുക. ഇന്ത്യ–പസിഫിക് മേഖലയില്‍ ചൈനയുടെ ശക്തമായ സൈനിക സാന്നിധ്യവും അവകാശവാദങ്ങളും അമേരിക്കയേയും സുഹൃദ്‌രാഷ്ട്രങ്ങളേയും അലോസരപ്പെടുത്തുന്നുണ്ട്. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം അതുകൊണ്ടുതന്നെ അമേരിക്കക്ക് പ്രധാനമാണ്. എങ്കിലും തങ്ങളുടെ അത്യാധുനിക പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള ശ്രമം കൂടിയാണ് അമേരിക്ക നടത്തുന്നതെന്ന് ചില പ്രതിരോധ വിദഗ്ധരെങ്കിലും കരുതുന്നു. 114 ആധുനിക പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതിയിലെ പ്രധാന സാധ്യതകളിലൊന്ന് അമേരിക്കയുടെ ബോയിങ് എഫ് 15ഇഎക്‌സ് ആണ്. 

2016ല്‍ അമേരിക്ക ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ചതിന് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകള്‍ പലതുമുണ്ടായി. ഇരു രാഷ്ട്രങ്ങള്‍ക്കും അറ്റകുറ്റ പണികള്‍ക്കും മറ്റുമായി പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്ന കരാറിനും 2016ല്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചിരുന്നു. 2018ലെ കോംകാസ കരാര്‍ അമേരിക്കയിലെ ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കുന്നു. 2020 ഒക്ടോബറില്‍ ഒപ്പുവെച്ച ബിഇസിഎ കരാര്‍ പ്രകാരം ഇന്ത്യക്കും അമേരിക്കയ്ക്കും പ്രത്യേക പ്രദേശങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പരസ്പരം കൈമാറാനും സാധിക്കും.

English Summary: India Ready With All ‘Pacts & Papers’ To Acquire US Bombers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com