ADVERTISEMENT

ശാസ്ത്രലോകത്തെ ഞെട്ടിച്ചു ചൊവ്വാഗ്രഹത്തിൽ കഴിഞ്ഞവര്‍ഷം ഒരു വലിയ കമ്പനം നടന്നു. ഇതിന്റെ തുടർകമ്പനങ്ങൾ 6 മണിക്കൂറോളം നീണ്ടുനിന്നു. ഭൂകമ്പത്തിനു സമാനമായ വമ്പൻ പ്രകമ്പനം ചൊവ്വയിൽ സംഭവിച്ചെന്നു നാസ കഴിഞ്ഞവർഷം ഒക്ടോബറിലാണു പറഞ്ഞത്. ചൊവ്വാ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നാസയുടെ ഇൻസൈറ്റ് എന്ന ലാൻഡർ ദൗത്യമാണ് പ്രകമ്പനം പിടിച്ചെടുത്തത്. 

5 തീവ്രതയിൽ സംഭവിച്ച പ്രകമ്പനം ഭൂമിയിലെ കമ്പനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ശരാശരി തീവ്രത മാത്രമുള്ളതാണെങ്കിലും മറ്റു ഗ്രഹങ്ങളിൽ ഇത്രയും തീവ്രതയുള്ള ഒരു കമ്പനം നടക്കുന്നത് അതാദ്യമായിരുന്നു.  മോൺസ്റ്റർ ക്വേക്ക് എന്നാണ് ഈ കമ്പനത്തെ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്. കഴിഞ്ഞവർഷം മേയ് നാലിനാണ് ഇതു നടന്നത്.

എന്താണ് ഈ കമ്പനത്തിനു വഴിവച്ചതെന്ന കാര്യത്തിൽ വിവിധ അഭിപ്രായങ്ങളുണ്ടായിരുന്നു. ഉൽക്ക ഇടിച്ചാണോ ഇതു നടന്നതെന്നായിരുന്നു ഒരു സംശയം. ഇങ്ങനെയെങ്കിൽ ചൊവ്വയിൽ ഗർത്തമുണ്ടായേനെ. എന്നാൽ ഇതു കണ്ടെത്തിയില്ല.ചൊവ്വയുടെ ഉപരിതലത്തിനടിയിൽ നിന്നുള്ള ആന്തരീയശക്തികളാണ് ഇതിനു കാരണമായിരിക്കുന്നതെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പുറത്തുവിട്ട വിവരം. ചൊവ്വയും ഭൂമിയെപോലെ തന്നെ ആന്തരികമായി സജീവമാണെന്നാണ് ഇതു വെളിവാക്കുന്നതത്രേ.

ഇൻസൈറ്റ് ലാൻഡർ നിർമിച്ചത് ലോക്ഹീഡ് മാർട്ടിൻ സ്പേസ് എന്ന കമ്പനിയാണ്.നാസയുടെ ജെറ്റ് പ്രപ്പൽഷൻ ലബോറട്ടറിയാണ് ഇതിന്റെ നിയന്ത്രണം. ഇതിനുള്ളിലുള്ള ശാസ്ത്രീയ ഉപകരണങ്ങൾ അധികവും നിർമിച്ചത് യൂറോപ്യൻ ഏജൻസികളാണ്.2018 മേയ് അഞ്ചിനാണു ലാൻഡറെ വഹിച്ചുള്ള ദൗത്യം അറ്റ്ലസ് റോക്കറ്റിൽ ഭൂമിയിൽ നിന്നു പുറപ്പെട്ടത്. ചൊവ്വയിലെ എലീസിയം പ്ലാനീഷ്യ എന്ന മേഖലയായിരുന്നു ലക്ഷ്യം.2018 നവംബറിലാണ് ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ ലാൻഡ് ചെയ്തത്. 

mars - 1
Image Credit:Nasa

ഈ ലാൻഡറിൽ വളരെയേറെ സെൻസിറ്റിവിറ്റിയുള്ള ഒരു സീസ്മോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണമാണ് കമ്പനത്തെ തിരിച്ചറിഞ്ഞ് അതിന്റെ തോത് ഭൂമിയിലെ ശാസ്ത്രജ്ഞരെ അറിയിച്ചത്. 2018 മുതലുള്ള കാലയളവിൽ 1300 കമ്പനങ്ങൾ ചൊവ്വയിൽ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലം, ആന്തരിക ഘടന തുടങങിയവ വിലയിരുത്തുകയായിരുന്നു ലാൻഡറിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി സൗരയൂഥത്തിന്റെ ആദിമകാല ഘടനകളെക്കുറിച്ചും മനസ്സിലാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. 

അതുവരെയുള്ള കമ്പനങ്ങളൊന്നും ശാസ്ത്രീയമായ ജിജ്ഞാസ ഉയർത്തിയിരുന്നില്ല. എന്നാൽ മേയ് നാലിനു സംഭവിച്ച കനത്ത കമ്പനം ചൊവ്വാപഠനത്തിനു പുതിയ ഊർജം നൽകിയിരുന്നു. 2021ലും സാമാന്യം തീവ്രതയുള്ള രണ്ട് പ്രകമ്പനങ്ങൾ ചൊവ്വയിൽ സംഭവിച്ചിരുന്നു.എസ്0976എ എന്നു പറയുന്ന പ്രകമ്പനം സംഭവിച്ചത് ചൊവ്വയിലെ വാലിസ് മറീനറിസ് മേഖലയിലാണ്. 4000 കിലോമീറ്ററോളം നീളത്തിൽ വമ്പൻ മലകളും മലയിടുക്കുകളും സ്ഥിതി ചെയ്യുന്ന ഈ മേഖലയെ ചൊവ്വയിലെ ഗ്രാൻഡ് കാന്യോൺ എന്നുവിശേഷിപ്പിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com