ADVERTISEMENT

യാത്രാവിമാനങ്ങൾക്ക് സമീപം പറക്കുന്ന മനുഷ്യനെ (ജെറ്റ്പാക്ക്) വീണ്ടും കണ്ടുവെന്ന് അനുഭവം പങ്കുവെച്ച് പൈലറ്റുമാർ രംഗത്ത്. ബുധനാഴ്ച കലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ വന്ന വിമാനത്തിന്റെ പൈലറ്റുമാരാണ് പറക്കുന്ന വിചിത്ര വസ്തുവിനെ കണ്ടത്. വിമാനത്തിന് സമീപത്തു കൂടെ പറക്കുന്ന ‘ജെറ്റ്പാക്ക്’ പോലുള്ള വസ്തുവെന്നാണ് പൈലറ്റുമാരുടെ വിശദീകരണം. 

 

ബുധാനാഴ്ച പ്രാദേശിക സമയം ഏകദേശം ഉച്ച കഴിഞ്ഞ് 2 മണിക്കാണ് സംഭവം. ചൈനീസ് എയർലൈൻസ് വിമാനത്തിന്റെ പൈലറ്റുമാരാണ് വിചിത്ര വസ്തു തങ്ങളുടെ വിമാനത്തിന്റെ സമീപത്തു കൂടെ പറക്കുന്നത് കണ്ടത്. ഇക്കാര്യം എയർ ട്രാഫിക് കൺട്രോൾ ടവറിൽ അറിയിക്കുകയും ചെയ്തിരുന്നു.

 

ഒരു ജെറ്റ്പാക്ക് പോലെ പറക്കുന്ന വസ്തു ഞങ്ങൾ കണ്ടു. വളരെ തിളക്കമുള്ളതും വളരെ വേഗമുള്ളതുമാണ് എന്നാണ് പൈലറ്റ് എടിസിയെ അറിയിച്ചത്. ഇതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് എയർപോർട്ട് ഉദ്യോഗസ്ഥരും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ലോസ് ഏഞ്ചൽസിലേക്ക് പോകുന്നതിനിടെ ജെറ്റ്പാക്കിൽ പറക്കുന്ന മനുഷ്യരെ കണ്ടുവെന്ന് പൈലറ്റുമാർ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.

 

ഓഗസ്റ്റ് 30 ന് രണ്ടു വിമാനത്തിന്റെ പൈലറ്റുമാരാണ് പറക്കുന്ന വിചിത്ര വസ്തുവിനെ കണ്ടെതായി റിപ്പോർട്ട് ചെയ്തിരുന്നത്. 3,000 അടി ഉയരത്തിൽ യാത്രാവിമാനങ്ങൾക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായാണ് അന്ന് പൈലറ്റുമാർ വെളിപ്പെടുത്തിയത്. ഓഗസ്റ്റ് 30ന് ഞായറാഴ്ച വൈകുന്നേരം ലോസ് ഏഞ്ചൽസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ പൈലറ്റുമാർ ജെറ്റ്പാക്ക് ധരിച്ച ഒരാൾ തങ്ങളുടെ വിമാനങ്ങൾക്ക് സമീപം പറക്കുന്നത് കണ്ടതായാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

 

ഫിലാഡൽഫിയയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് വന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1997 ലെ പൈലറ്റാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ‘ടവർ, അമേരിക്കൻ 1997, ഞങ്ങൾ ജെറ്റ്പാക്കിൽ പറക്കുന്ന ഒരാളെ കടന്നുപോയി,’ ഇതായിരുന്നു അമേരിക്കൻ എയർലൈൻസ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് സന്ദേശം കൈമാറിയത്. ഇതുകേട്ട എയർ ട്രാഫിക് കൺട്രോളറുകൾ സ്തബ്ധരായി, കൂടുതൽ വിശദാംശങ്ങൾ പൈലറ്റിനോട് ചോദിക്കുന്നതും ഓഡിയോയിൽ കേൾക്കാം.

 

‘അമേരിക്കൻ 1997… അവർ നിങ്ങളുടെ ഇടതുവശത്താണോ വലതുവശത്താണോ കണ്ടത്?’ എടിസി വക്താവ് ചോദിക്കുന്നുണ്ട്. 3,000 അടി ഉയരത്തിൽ ജെറ്റ്പാക്കുമായി ഇയാൾ പറക്കുകയായിരുന്നുവെന്നും വിമാനത്തിൽ നിന്ന് 300 അടി മാത്രം അകലെയായിരുന്നു എന്നും എയർബസ് എ 321 ന്റെ പൈലറ്റ് പറഞ്ഞു.

 

താമസിയാതെ, മറ്റൊരു പൈലറ്റും അവരുടെ വിമാനത്തിന് സമീപം ജെറ്റ്പാക്കിൽ ഒരാൾ പറക്കുന്നത് കണ്ടതായി റിപ്പോർട്ട് ചെയ്തു. ‘ജെറ്റ്പാക്കിൽ ആ വ്യക്തി കടന്നുപോകുന്നത് ഞങ്ങൾ കണ്ടു,’ സ്കൈവെസ്റ്റ് പൈലറ്റ് എടിസിയോട് പറഞ്ഞു. ജെറ്റ്പാക്ക് ധരിച്ച ഒരാൾ വിമാനങ്ങളുടെ പാതയിൽ പറക്കുന്നതിനാൽ മറ്റ് വിമാനങ്ങൾക്ക് ഉടൻ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പും നൽകിയിരുന്നു.

 

പൈലറ്റുമാരുടെ റിപ്പോർട്ട് ലോസ് ഏഞ്ചൽസ് പൊലീസിന് കൈമാറിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. എന്നാൽ ജെറ്റ്പാക്ക് ഉള്ള ആരെയും അധികൃതർ കണ്ടെത്തിയിട്ടില്ല. ആരാണ് വിമാനത്തിന് സമീപം വന്നത് എന്നത് ഒരു രഹസ്യമായി തുടരുകയാണ്. അന്വേഷണം നടക്കുന്നുണ്ടെന്ന് എഫ്എൻഎ അറിയിച്ചു. 

 

അരലക്ഷം ഡോളർ വിലയുള്ള, 12,000 അടി വരെ ഉയരത്തിൽ പറക്കാൻ കഴിയുന്ന ചില മനുഷ്യ ജെറ്റ്പാക്കുകൾ ഇപ്പോൾ ലഭ്യമാണ്. ഇത്തരം ജെറ്റ്പാക്കുകൾ ധരിച്ച മനുഷ്യന്‍റെ വലുപ്പവും ഭാരവും പരിഗണിക്കുമ്പോൾ വിമാനങ്ങളുമായി കൂട്ടിയിടിച്ചാൽ വൻ ദുരന്തത്തിന് വരെ സാധ്യതയുണ്ടെന്നാണ് വ്യോമയാന വിദഗ്ധർ പറയുന്നത്.

 

English Summary: ‘Too Shiny, Too Fast’: ‘Jetpack Man’ Spotted Again Outside Los Angeles Airport by Airline Pilots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com