ADVERTISEMENT

നെറ്റ്ഫ്‌ളിക്‌സ്, ആപ്പിള്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അമേരിക്കയിലെ എക്കാലത്തെയും അതിപ്രശസ്ത സിനിമാ നിര്‍മാണശാല സ്വന്തമാക്കുകയാണ് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍. ഇതിനായി ആമസോണ്‍ 850 കോടി ഡോളറാണ് (ഏകദേശം 61,516 കോടി രൂപ) മുടക്കുന്നത്.‌ മെട്രോ ഗോള്‍ഡ്‌വിന്‍ മേയര്‍ (എംജിഎം) 1924ല്‍ സ്ഥാപിതമായ കമ്പനിയാണ് . ആമസോണിന്റെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ പ്രൈമിലേക്ക് കൂടുതൽ വരിക്കാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കച്ചവടമെന്നത് വ്യക്തമാണ്. എപിക്‌സ് കേബിള്‍ ചാനലും, അതിപ്രശസ്ത സീരീസുകളായ ഫാര്‍ഗോ, വൈക്കിങ്‌സ്, ഷാര്‍ക് ടാങ്ക് തുടങ്ങിയവയുടെയും ഉടമ കൂടിയാണ് എംജിഎം. 

 

എന്തുകൊണ്ടാണ് ആമസോണ്‍ എംജിഎം വാങ്ങുന്നതെന്നത് സംബന്ധിച്ച് കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് ബെസോസ് വിശദീകരണം നല്‍കിയിരുന്നു. അവരുടെ കൈയ്യില്‍ ബൗദ്ധികാവകാശത്തിന്റെ വളരെ നീണ്ട കാറ്റലോഗ് ഉണ്ട്. അതു കൂടാതെ എംജിഎമ്മില്‍ ധാരാളം കഴിവുറ്റ ജോലിക്കാരും ഉണ്ട്. അവര്‍ ആമസോണ്‍ സ്റ്റുഡിയോയില്‍ എത്തിയാല്‍ 21-ാം നൂറ്റാണ്ടിനുതകുന്ന ഉള്ളടക്കം നിര്‍മിക്കാന്‍ തുടങ്ങാമെന്നാണ് ബെസോസ് പറഞ്ഞത്. ആമസോണ്‍ എന്ന അതിബൃഹത്തായ ബിസിനസ് സംരംഭത്തിന്റെ നാലാമത്തെ തൂണാകുകയാണോ ആമസോണ്‍ സ്റ്റുഡിയോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാവില്ലെന്ന മറുപടിയാണ് ബെസോസ് നല്‍കിയത്. ആമസോണ്‍ ഓണ്‍ലൈന്‍ വില്‍പന ശാല, ആമസോണ്‍ ക്ലൗഡ് സേവനങ്ങള്‍, ആമസോണ്‍ പ്രൈം എന്നിവയാണ് ചോദ്യകര്‍ത്താവ് ഉദ്ദേശിച്ച മറ്റു മൂന്നു തൂണുകള്‍. കഴിഞ്ഞ വര്‍ഷം 175 ദശലക്ഷത്തിലേറെ പ്രൈം വരിക്കാർ ആമസോണ്‍ വഴി ഉള്ളടക്കം കണ്ടുവെന്നും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനം വര്‍ധനവാണ് കാഴ്ചക്കാരുടെ കാര്യത്തില്‍ കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടത്തി. 

 

നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നിപ്ലസ്, എച്ബിഒ മാക്‌സ്, ആപ്പിളിന്റെ ആപ്പിള്‍ ടിവിപ്ലസ് തുടങ്ങിയവയാണ് ആമസോണ്‍ പ്രൈമിനെ വെല്ലുവിളിക്കുന്ന ചില പ്ലാറ്റ്‌ഫോമുകള്‍. വിദേശ വിപണികളിലും ആമസോണ്‍ നല്ല രീതിയില്‍ ഇപ്പോള്‍ പുതിയ മുതല്‍മുടക്കുകള്‍ നടത്തുന്നുണ്ട്. മഹാമാരി പടര്‍ന്നതോടെ ഓണ്‍ലൈനായി സിനിമകളും സീരിയലുകളും കാണുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. സിനിമകളില്‍ മാത്രം ഉപയോക്താക്കളെ തളച്ചിടാനാവില്ലെന്നു മനസ്സിലാക്കിയ ആമസോണ്‍ കഴിഞ്ഞ വര്‍ഷം പല കായിക വിനോദങ്ങൾ സ്ട്രീം ചെയ്യാനുള്ള ലൈസന്‍സും വാങ്ങിക്കൂട്ടിയിരുന്നു. അമേരിക്കയുടെ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് സ്ട്രീം ചെയ്യാന്‍ മാത്രം ഏകദേശം 100 കോടി ഡോളറാണ് പ്രതിവര്‍ഷം ആമസോണ്‍ മുടക്കുന്നത്. ഇന്ത്യക്കാരുടെ ക്രിക്കറ്റ് പ്രേമം മുതലാക്കാനും ആമസോണ്‍ ശ്രമിച്ചാല്‍ അതില്‍ അദ്ഭുതപ്പെടേണ്ട. ലോകമെമ്പാടും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ കൂണുപോലെ മുളച്ചുപൊന്തുകയാണ്. ഇവരെല്ലാം ഉള്ളടക്കം എവിടെ നിന്നു കിട്ടുമെന്ന് അന്വേഷിച്ചു നടക്കുകയുമാണ്. എംജിഎം വാങ്ങി പുതിയ നിക്ഷേപം ഇറക്കാന്‍ ഇതാണ് പറ്റിയ സമയമെന്ന് ലോകത്തെ ഏറ്റവും വലിയ കച്ചവടക്കാരിലൊരാളായ ബെസോസിന്റെ ബുദ്ധിയിലുദിച്ചെങ്കില്‍ അതിലെന്തെങ്കിലും കാര്യം കാണുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പുതിയ ഒടിടി സേവനങ്ങള്‍ തുടങ്ങുന്നതോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ആളുകള്‍ കൊഴിയുന്നത് ഒഴിവാക്കാനുള്ള ശ്രമവും ഇതിനു പിന്നില്‍ വ്യക്തമാണ്.

MGM-M&A/AMAZON.COM

 

∙ എടിആന്‍ഡ്ടി നടത്തിയതാണ് ഏറ്റവും വലിയ നീക്കം

 

കഴിഞ്ഞയാഴ്ച അമേരിക്കന്‍ ടെലികോം കമ്പനിയായ എടിആന്‍ഡ്ടി തങ്ങളുടെ വാര്‍ണര്‍മീഡിയ ബിസിനസും ഡിസ്‌നിയുമായി ഒരുമിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സ്ട്രീമിങ് കാലഘട്ടത്തിലെ ഏറ്റവും വലിയ ഇടപാടെന്നു വിളിക്കുന്ന ഇതിനായി 4300 കോടി ഡോളറാണ് ചെലവിടുന്നത്. ഈ മേഖലയില്‍ വരാന്‍ പോകുന്ന കടുത്ത മത്സരം മുന്നില്‍ കാണാന്‍ ഇതും ആമസോണിനെ പ്രേരിപ്പിച്ചിരിക്കാം. അതേസമയം, ആമസോണിന്റെ പുതിയ നീക്കം മറ്റ് സിലിക്കന്‍ വാലി കമ്പനികളെ ഇനി ഏതെല്ലാം കമ്പനികള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമുന്നയിക്കുന്നവരും ഉണ്ട്. തങ്ങളുടെ മേഖലയ്ക്കു വെളിയിലുള്ള ആദ്യ സുപ്രധാന നീക്കങ്ങളിലൊന്നാണ് എംജിഎം വാങ്ങല്‍ എന്നു നിരീക്ഷകര്‍ പറയുന്നു. ആമസോണിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വാങ്ങല്‍ എന്ന നിലയിലും ഈ കച്ചവടം ശ്രദ്ധ പിടിച്ചുപറ്റുന്നു. 2017ല്‍ ഹോള്‍ ഫുഡ്‌സ് മാര്‍ക്കറ്റ് എന്ന കമ്പനി 1370 കോടി ഡോളറിനു സ്വന്തമാക്കിയതാണ് ആമസോണിന്റെ ഏറ്റവും വലിയ വാങ്ങല്‍.

 

എന്നാല്‍, ഏകദേശം 900 കോടി ഡോളറോളം എംജിഎമ്മിനായി നല്‍കിയത് വളരെ അധികമായിപ്പോയി എന്ന അഭിപ്രായമുള്ളവരും ഉണ്ട്. കഴിഞ്ഞ ഡിസംബറില്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയും ലയണ്‍ട്രിയും നടത്തിയ അനുമാന പ്രകാരം ഏകദേശം 550 കോടി ഡോളറായിരുന്നു എംജിഎമ്മിന്റെ മൂല്യം. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങിയതോടെ ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ഓരോ പാദത്തിലും അമേരിക്കയില്‍ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. ഇതിനാല്‍ തന്നെ അവര്‍ക്ക് പുതിയ നിക്ഷേപം ഒരു പ്രശ്‌നമായിരിക്കില്ലെന്നു വാദിക്കുന്നവരും ഉണ്ട്. അതേസമയം, ആമസോണ്‍ ഇപ്പോള്‍ത്തന്നെ വളര്‍ന്നു പന്തലിച്ചു, വെട്ടിമെരുക്കേണ്ട സമയം കഴിഞ്ഞുവെന്നു വാദിക്കുന്ന നിയമനിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പ്രകോപനമാണ് കമ്പനി സൃഷ്ടിച്ചിരിക്കുന്നതെന്നും കാണാം. എന്തായാലം കച്ചവടം ഉറപ്പിച്ചതോടെ കമ്പനിയുടെ ഓഹരി 0.3 ശതമാനം ഉയര്‍ന്നിരുന്നു.

 

അതേസമയം, ആമസോണിന് പുതിയ കച്ചവടം വഴി അടുത്തെങ്ങും വലിയ ഗുണമുണ്ടാകാന്‍ പോകുന്നില്ലെന്നാണ് പറയുന്നത്. കാരണം എംജിഎം തങ്ങളുടെ പല സിനിമകളും സീരിയലുകളും മറ്റും വിവിധ സ്ട്രീമിങ് സേവനദാതാക്കള്‍ക്കും പല വര്‍ഷത്തേക്കു പ്രദര്‍ശിപ്പിക്കാനുള്ള കരാറിലേല്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അവയൊന്നും പ്രൈം വഴി കാണിക്കാനാവില്ല. അതു കൂടാതെ, ആമസോണില്‍ തലമാറ്റം നടക്കാന്‍ പോകുകയാണ്. ജൂലൈ 5ന് ബെസോസ് മാറി ആന്‍ഡി ജാസി ആമസോണ്‍ മേധാവിയായി ചാര്‍ജെടുക്കും.

 

English Summary: Amazon buys MGM; big changes coming up in OTT sphere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com