ADVERTISEMENT

ജിയോസിനിമ ആപ് പിസിയിലും ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവിയിലും കാണാമെന്നിരിക്കെ എന്തുകൊണ്ടാണ് ജിയോടിവിയും വലിയ സ്‌ക്രീനിൽ നല്‍കാത്തതെന്ന പരിഭവം പല ജിയോ വരിക്കാര്‍ക്കും ഉണ്ട്. ജിയോടിവി 822 ടിവി ചാനലുകളാണ് നല്‍കുന്നത്. ഇതാകട്ടെ കഴിഞ്ഞ ഏഴു ദിവസത്തെ ഉള്ളടക്കം വീണ്ടും കാണാനും അനുവദിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് ജിയോ വരിക്കാര്‍ ജിയോടിവി സേവനങ്ങള്‍ ആസ്വദിക്കുന്നുമുണ്ട്. അവര്‍ക്കു വേണ്ടത് സ്മാര്‍ട് ഫോണിന്റെ കൊച്ചു സ്‌ക്രീനിൽ നിന്നൊരു മോചനമാണ്. മിററിങ് ഡോങ്ഗിളുകള്‍ അടക്കമുള്ള അധിക ഹാര്‍ഡ്‌വെയര്‍ വാങ്ങാതെ തന്നെ എങ്ങനെ ടിവിയിലും പിസിയിലും കാണാമെന്നാണ് നോക്കുന്നത്.

 

∙ ടിവിയില്‍

 

നിലവില്‍ മൈക്രോസോഫ്റ്റ് ആപ് സ്റ്റോറില്‍ ജിയോടിവി ലഭ്യമല്ല. എന്നാല്‍, അല്‍പം വളഞ്ഞവഴിയില്‍ പോയാല്‍ ടിവിയിലും പിസിയിലും ജിയോടിവി പലര്‍ക്കും എത്തിക്കാനായേക്കും. ടിവിയില്‍ കാണണമെങ്കില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവി തന്നെ വേണമെന്ന കാര്യം മനസ്സില്‍ വയ്ക്കണം. ആദ്യമായി ജിയോടിവിയുടെ എപികെ (APK) കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഒരു പെന്‍ഡ്രൈവ് ഉപയോഗിച്ച് അത് ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവിയിലേക്ക് കോപി, പേസ്റ്റ് ചെയ്യുക. ജിയോടിവി ഇങ്ങനെ സ്ട്രീം ചെയ്യാന്‍ സാധിക്കുമെങ്കിലും ചാനല്‍ മാറ്റല്‍ അനുഭവം അത്രസുഖകരമല്ല. എന്നാല്‍ അതല്ല കംപ്യൂട്ടറിലെ കാര്യം.

 

∙  പിസി അല്ലെങ്കില്‍ ലാപ്‌ടോപ്

 

ആദ്യമായി ബ്ലൂസ്റ്റാക്‌സ് ആന്‍ഡ്രോയിഡ് എമ്യുലേറ്റര്‍ (Bluestacks Android Emulator) പിസിയില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി ജിയോടിവി ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ബ്ലൂസ്റ്റാക്‌സിന്റെഹോം സ്‌ക്രീനില്‍ തന്നെ ജിയോടിവി ആപ് ലഭ്യമായിരിക്കും. യഥേഷ്ടം ഇത് ഉപയോഗിക്കാം. ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് കേര്‍സര്‍ ഉപയോഗിച്ച് പോകാം. മറ്റെല്ലാ നിയന്ത്രണങ്ങളും എളുപ്പത്തില്‍ സാധ്യമാണ്. ജിയോടിവി ആപ് തുറക്കുമ്പോള്‍ അത് പോര്‍ട്രെയ്റ്റ് മോഡിലായിരിക്കും ഇരിക്കുന്നത്. എന്നാല്‍ ചാനല്‍ തുറക്കുമ്പോള്‍ അത് തനിയെ ലാന്‍ഡ്‌സ്‌കെയ്പ് മോഡിലേക്കു മാറും. ഇനി അങ്ങനെ മാറിയില്ലെങ്കില്‍ ആപ്പിന്റെ വലതുഭാഗത്തുള്ള റൊട്ടേയ്റ്റ് ബട്ടണ്‍ ഉപയോഗിച്ച് മാറ്റാം. വിഡിയോ മിനിമൈസു ചെയ്യുകയും ആകാം. ആപ്പില്‍ കിട്ടുന്ന ഫുള്‍സ്‌ക്രീന്‍ മോഡ് പോരെന്നു തോന്നിയാല്‍ ബ്ലൂസ്റ്റാക്‌സില്‍ ഉള്ള ഫുള്‍സ്‌ക്രീന്‍ മോഡ് ഉപയോഗിക്കാം. ഇനി ഫുള്‍സ്‌ക്രീന്‍ മോഡില്‍ നിന്നു പുറത്തുവരാന്‍ വിഷമം തോന്നിയാല്‍, കംപ്യൂട്ടര്‍ കീബോര്‍ഡിലുള്ള എസ്‌കേപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും. ഒരു വിഡിയോ കണ്ടുകൊണ്ട് മറ്റു ചാനലുകളില്‍ എന്താണ് നടക്കുന്നതെന്ന് നോക്കുകയും ചെയ്യാമെന്നത് ഒരു ഗുണമാണ്. 

 

∙ ആപ്പിള്‍ ടിവി ആന്‍ഡ്രോയിഡിലും

 

ആപ്പിള്‍ ഉപകരണങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ആപ്പിള്‍ ടിവി സേവനങ്ങള്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ലഭിച്ചു തുടങ്ങി. കമ്പനിയുടെ വിഡിയോ സ്ട്രീമിങ് സേവനങ്ങളാണ് ആപ്പിള്‍ ടിവിയിലൂടെ നല്‍കുന്നത്. പുതിയ മാറ്റത്തോടെ, ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവി ഉപയോഗിക്കുന്നവര്‍ക്കും ആപ്പിള്‍ ടിവി പ്രോഗ്രാമുകള്‍ ആസ്വദിക്കാം. ആന്‍ഡ്രോയിഡ് ടിവി8 മുതലുള്ള വേര്‍ഷനുകളിലാണ് ഇതു ലഭിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. അള്‍ട്രാഎച്ഡി റെസലൂഷനിലുള്ള ഉള്ളടക്കം വരെ ലഭിക്കും. എച്ഡിആര്‍, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റമോസ് തുടങ്ങിയ ഫീച്ചറുകളും ആപ്പിള്‍ടിവിയില്‍ ലഭ്യമാണ്. സോണി, ഷഓമി, ടിസിഎല്‍, വണ്‍പ്ലസ്, റിയൽമി, വിയു തുടങ്ങിയ ടിവി നിര്‍മാതാക്കളുടെ ടിവികളില്‍ ഇതു കാണാമെന്നത് ആപ്പിള്‍ ടിവി പ്രേമികള്‍ക്ക് ഉത്സാഹം പകരുന്ന കാര്യമാണ്. ടെഡ് ലാസോ, ദി മോണിങ് ഷോ തുടങ്ങിയവ ആപ്പിള്‍ ടിവിപ്ലസ് സബ്‌സ്‌ക്രൈബര്‍മാരുടെ ഇടയില്‍ പ്രിയങ്കരമാണ്. ആപ്പിള്‍ ടിവി വരിക്കാര്‍ക്കു മാത്രമാണ് ലഭിക്കുക.

 

firefox

∙ ആപ്പിള്‍ ഡബ്ല്യുഡബ്ല്യൂഡിസി ലൈവായി കാണാനുള്ള ലിങ്കുകള്‍ ഇതാ

 

വാര്‍ഷിക കോണ്‍ഫറന്‍സായ വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് (ഡബ്ല്യുഡബ്ല്യൂഡിസി) ജൂണ്‍ 7ന് തുടങ്ങാനിരിക്കുകയാണ് ആപ്പിള്‍ കമ്പനി. മുഖ്യപ്രഭാഷണം അന്നേ ദിവസം ഇന്ത്യന്‍ സമയം രാത്രി 10.30ന് തുടങ്ങും. ഇതു ലൈവായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള യൂട്യൂബ് ലിങ്ക് ഇതാ: https://bit.ly/34Hmpdf

കീനോട്ട് പേജിലേക്കു നേരിട്ടുള്ള ലിങ്ക്: https://apple.co/2SPNM2e

 

∙ സോണിയുടെ സെന്‍സര്‍ നിര്‍മാണശാലയെക്കുറിച്ചുള്ള വിഡിയോ കാണാം

 

ലോകത്തെ ക്യാമറാ സെന്‍സര്‍ നിര്‍മാണത്തിലെ ഏറ്റവും വമ്പന്മാരിലൊരാളാണ് സോണി. ക്യാമറാ സെന്‍സറുകള്‍ എന്നു പറഞ്ഞാല്‍, ക്യാമറകളില്‍ മാത്രമല്ല അവ ഉപയോഗിക്കപ്പെടുന്നത്. സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രിക് കാറുകള്‍, റോബോട്ടുകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കായി ഇവ ഉപയോഗിക്കപ്പെടുന്നു. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ സോണിയുടെ കസ്റ്റമര്‍മാരാണ്. തങ്ങളുടെ ഒസാക്കയിലെ സീമോസ് സെന്‍സര്‍ നിര്‍മാണശാലയെക്കുറിച്ചുള്ള വിഡിയോ ആണ് സോണി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ കാണാം: https://bit.ly/3uQ3Jm1

 

∙ മോസിലാ ഫയര്‍ഫോക്‌സിന് പുതിയ ടാബ് ഇന്റര്‍ഫെയ്‌സ്

 

സ്വകാര്യതാ പ്രേമികളായ ഉപയോക്താക്കളുടെ പ്രിയ ബ്രൗസറായ മോസിലാ ഫയര്‍ഫോക്‌സിന് പുതിയ ഡിസൈന്‍. പുതിയ വേര്‍ഷന് കൂടുതല്‍ സ്പീഡുള്ളതുമാണെന്നും കമ്പനി അവകാശപ്പെടുന്നു. കൂടുതല്‍ സുരക്ഷിതമായ അനുഭവം പകരുന്നതാണ് പുതിയ വേര്‍ഷനെന്നും കമ്പനി പറയുന്നു. പുതിയ മാറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ടാബ് ഇന്റര്‍ഫെയ്‌സില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ്. ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയിലെ ഫയര്‍ഫോക്‌സും പുതുക്കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

 

∙ രണ്ടു പുതിയ മാക്രോ ലെന്‍സുകളുമായി നിക്കോണ്‍

 

സെഡ് മൗണ്ടിനുള്ള ആദ്യ മാക്രോ ലെന്‍സുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് ക്യാമറാ നിര്‍മാണ കമ്പനിയായ നിക്കോണ്‍. നിക്കോര്‍ 105എംഎം (Nikkor Z MC 105mm F2.8 VR S), നിക്കോര്‍ 50എംഎം (Nikkor Z MC 50mm F2.8) എന്നീ രണ്ടു മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നിക്കോര്‍ 105എംഎം മോഡലിന് 999.95 ഡോളറായിരിക്കും വിലയെങ്കില്‍ 50എംഎം മോഡലിന് 649.95 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. നിക്കോര്‍ 105എംഎംനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലങ്ക് ഉപയോഗിക്കാം: https://bit.ly/3id5veD; 50എംഎം ലെന്‍സിനെക്കുറിച്ചറിയാന്‍ ഈ ലിങ്കും പരിശോധിക്കാം: https://bit.ly/3pcp2NG. ഇരു ലിങ്കുകളിലും സാംപിള്‍ ചിത്രങ്ങളടക്കം ലഭ്യമാണ്.

 

∙ വാവെയ് ഹാര്‍മണിഒഎസ് അവതരിപ്പിച്ചു

 

അമേരിക്കന്‍ ശിക്ഷാനടപടി നേരിടുന്ന ചൈനീസ് കമ്പനിയായ വാവെയ് സ്വന്തം സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണിഒഎസ് പുറത്തിറക്കി. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവുക എന്ന കമ്പനിയുടെ സ്വപ്‌നം നേരത്തെ തന്നെ അമേരിക്ക തകര്‍ത്തിരുന്നു. പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്. 

 

∙ ആമസോണ്‍ പ്രൈം ഡേ വില്‍പന ജൂണ്‍ 21ന്

 

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനശാലയായ ആമസോണിന്റെ ഈ വര്‍ഷത്തെ പ്രൈം ഡേ ജൂണ്‍ 21ന് തുടങ്ങുമെന്ന് അറിയിച്ചു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ഇത്തവണ പ്രൈം ഡേ സംഘടിപ്പിക്കുക എന്നു തോന്നുന്നു. ആമസോണിന്റെ ലിസ്റ്റില്‍ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല.

 

English Summary: How you can install JioTV in Smart TV and PC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com