ADVERTISEMENT

132 പേരുമായി പുറപ്പെട്ട ചൈനയിലെ ഈസ്റ്റേൺ എയർലെന്‍സ് യാത്രാ വിമാനം തിങ്കളാഴ്ച തെക്കൻ ചൈനയിലെ പർവതനിരയിൽ തകർന്നുവീണു. എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെടുകയും മൂന്ന് മിനിറ്റിനുള്ളിൽ 29,100 അടി താഴേക്ക് വീഴുകയും ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തീഗോളമാകുകയായിരുന്നു.

 

ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (സിഎഎസി) പറയുന്നതനുസരിച്ച്, കുൻമിങ് നഗരത്തിൽ നിന്ന് തെക്കൻ ഹബ്ബായ ഗ്വാങ്‌ഷൗവിലേക്കുള്ള യാത്രയ്ക്കിടെ ബോയിങ് 737 വിമാനത്തിന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഗ്വാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനു മുകളിലൂടെ പറക്കുമ്പോഴാണ് ബന്ധം നഷ്ടപ്പെട്ടത് എന്നാണ്.

 

ചൈനയിലെ കുൻമിങ്ങിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11നാണ് ഈസ്റ്റേൺ എയർലെൻസിന്റെ ആ എംയു5735 ഫ്ലൈറ്റ് പറന്നുയർന്നത്. പക്ഷേ രണ്ട് മണിക്കൂർ വരുന്ന യാത്രയിൽ ഒന്നേക്കാൽ മണിക്കൂർ തികയും മുൻപ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങളാണ്. അവസാന നിമിഷം വിമാനത്തിന് എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ചൈനീസ് വ്യോമയാന അധികൃതരും വ്യക്തമായ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 

 

യാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് പെട്ടെന്നാണ് തികച്ചും അപ്രതീക്ഷിതമായി വിമാനം കുത്തനെ താഴേക്കു പതിച്ചത്. അതായത് 29,100 അടിയിൽ നിന്ന് 7,850 അടി താഴേക്ക്. കേവലം രണ്ടര മിനിറ്റിനുള്ളിലാണ് ഇത് സംഭവിച്ചത്. പിന്നീട് ലഭ്യമായ ഡേറ്റ പ്രകാരം അടുത്ത 20 സെക്കൻഡിൽ വിമാനം 3,225 അടിയിലേക്കും വീണു. താഴെ വീണ വിമാനം കത്തിയമർന്നു. ദുരന്തത്തിൽ ഒരാളും രക്ഷപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്. 

 

വിമാനം മുകളിൽ നിന്ന് കുത്തനെ താഴോട്ട് വീഴുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണിക്കുന്നത്. അതായത് വിമാനത്തിന്റെ പ്രവർത്തനം നിലച്ച് താഴോട്ട് വീണതായിരിക്കാം എന്നാണ് ഒരു നിഗമനം. എന്നാൽ, വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു എങ്കിൽ പൈലറ്റുമാർ താഴേക്ക് മെസേജ് ചെയ്യുമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ ദുരന്തത്തിന് മുൻപ് അതും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

 

ചൈനയിലായാലും മറ്റെവിടെയെങ്കിലായാലും ഇത്തരത്തില്‍ വിമാനം കുത്തനെ താഴേക്ക് വീണ് ദുരന്തമുണ്ടാകുന്നത് അപൂർവമാണ് എന്നാണ് ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ പ്രസിഡന്റും സിഇഒയുമായ ഹസൻ ഷാഹിദി പറഞ്ഞത്. വിദഗ്ധർ ഈ വിമാനത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. മെക്കാനിക്കൽ അല്ലെങ്കിൽ ഘടനാപരമായ പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

വിദഗ്ധർ വിമാനത്തിന്റെ മെയിന്റനൻസ് ഹിസ്റ്ററിയും പൈലറ്റുമാരുടെ പരിശീലനത്തിന്റെ രേഖകളും പരിശോധിക്കും. ബോയിങ് കമ്പനിയിൽ നിന്നുള്ള വിദഗ്ധരുടെ സേവനവും ഉപയോഗപ്പെടുത്തും. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും വോയ്‌സ് റെക്കോർഡറും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ദുരന്തം സംഭവിച്ചതിന് പിന്നാലെ ചൈനയിലെ ബോയിങ് 737-800 വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചു. ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് പ്രകാരം 109 വിമാനങ്ങൾ ഇതിൽ ഉൾപ്പെടും. ഇന്ത്യയിലും ബോയിങ് 737 വിമാനങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.

 

English Summary: China plane crash: What happened to Eastern Airline flight MU5735?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com