ADVERTISEMENT

താന്‍ ഇന്ത്യയെ ഒരു വിജയി ആയും പ്രതീക്ഷാനിര്‍ഭരമായ പ്രദേശമായും കാണുന്നുവെന്ന് ജര്‍മന്‍ മള്‍ട്ടിനാഷനല്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ സാപ് എസ്ഇയുടെ മേധാവി ക്രിസ്ത്യന്‍ ക്ലെയിന്‍. ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കമ്പനികളിലൊന്നായ സാപ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കുമെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ക്ലെയിന്‍ പറഞ്ഞു. ആഗോള കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ പലതും ഇന്ത്യയിലേക്ക് മാറ്റുന്നത് പരാജയ സാധ്യത കുറയ്ക്കാനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സാപിന്റെ അടുത്ത ചെയര്‍മാനായി മുന്‍ ഡിലോയിറ്റ് മേധാവിയും ഇന്ത്യന്‍ വംശജനുമായ പുനിത് രെന്‍ജെനെ (Renjen) തിരഞ്ഞെടുക്കാനുള്ള സാധ്യതയും ക്ലെയിൻ തള്ളിക്കളയുന്നില്ല.

∙ ഇന്ത്യയെ ഇന്നവേഷന്‍ ഹബാക്കി മാറ്റാന്‍ സാപ്

സമീപ ഭാവിയില്‍ത്തന്നെ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉല്‍പന്നങ്ങള്‍ പരിപൂര്‍ണമായും ഇന്ത്യയില്‍ത്തന്നെ വികസിപ്പിക്കാനാണ് സാപ് ഉദ്ദേശിക്കുന്നതെന്ന് ക്ലെയിന്‍ പറഞ്ഞു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ പലതരം സംഘര്‍ഷങ്ങൾ ഉണ്ട്. എന്നാല്‍, ഏഷ്യ വ്യത്യസ്തമാണ്. അതില്‍ത്തന്നെ ഇന്ത്യ ഒരു വിജയിയാണ്. ഇവിടത്തെ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. ജോലിക്കെടുക്കാന്‍ സമര്‍ഥരായ നിരവധി ആളുകളും ഉണ്ട്. നോര്‍ത്ത് അമേരിക്കയിലെ സമ്പദ്‌വ്യവസ്ഥയ്ക്കും വളര്‍ച്ച പ്രതീക്ഷിക്കുന്നു. എന്നാല്‍, അതല്ല യൂറോപ്പിന്റെ സ്ഥിതി. അവിടെ എല്ലാത്തരം ഊര്‍ജ പ്രതിസന്ധിയും നിലനില്‍ക്കുന്നു. ഇപ്പോള്‍ റഷ്യ കാട്ടിക്കൂട്ടുന്ന വിക്രിയകളും ഇന്ത്യയ്ക്ക് ഗുണമായി തീരുമെന്നും ക്ലെയിന്‍ കരുതുന്നു. തങ്ങള്‍ റഷ്യയില്‍നിന്നു പൂര്‍ണമായും ഒഴിവായി എന്നും യുക്രെയ്നില്‍ ഒരു ചെറിയ ലാബ് മാത്രമാണ് ഇപ്പോൾ പ്രവര്‍ത്തിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

∙ സാമര്‍ഥ്യത്തിലും ഇന്ത്യ

ജര്‍മനിയിലും യൂറോപ്പില്‍ പൊതുവെയും സമര്‍ഥരായ ആളുകളുടെ കുറവുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അമേരിക്കയ്ക്ക് ആ കുറവില്ല. പക്ഷേ, മിടുക്കരെല്ലാം സിലിക്കന്‍ വാലിയില്‍ ഒത്തു കൂടിയിരിക്കുകയാണ്. അതല്ല ഇന്ത്യയുടെ സ്ഥിതി. ധാരാളം മിടുക്കരെ ജോലിക്കു കിട്ടും. അതാണ് ഇന്ത്യയില്‍ വിദേശ കമ്പനികള്‍ ശ്രദ്ധിക്കാന്‍ കാരണം. തങ്ങള്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ 15,000 ജോലിക്കാരുണ്ടെന്നും ഇവിടെയുള്ള ഉദ്യോസ്ഥരുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

∙ ചാറ്റ്ജിപിടിയും മെറ്റാവേഴ്‌സും

ടെക്‌നോളജിയുടെ മുന്നേറ്റം സ്പഷ്ടമാക്കുന്ന രണ്ട് സങ്കല്‍പങ്ങളാണ് എഐ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേര്‍ച് എൻജിനായ ചാറ്റ്ജിപിടിയും ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടമെന്നു കരുതുന്ന മെറ്റാവേഴ്‌സും. ഇതു രണ്ടും ടെക്‌നോളജിയുടെ ഇതുവരെയുള്ള ചില കീഴ്‌വഴക്കങ്ങളെ ഉടച്ചുവാര്‍ക്കാന്‍ കെല്‍പ്പുള്ളതാണെന്ന് ക്ലെയിന്‍ പറഞ്ഞു. അതേസമയം, എല്ലാ മേഖലകളെയും സ്വാധീനിക്കാന്‍ ചാറ്റ്ജിപിടിക്കു കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്പനി എന്ന നിലയില്‍ സാപ്പും എഐ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, എഐ നിശ്ചയമായും കൂടുതല്‍ പക്വത ആര്‍ജ്ജിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ അത്യുജ്വല പ്രകടനം പ്രതീക്ഷിക്കാമെന്നും ക്ലെയിന്‍ പ്രവചിക്കുന്നു. സോഫ്റ്റ്‌വെയര്‍ ലോകം ഏറെ വലുതാണെന്നും ഒരു മൈക്രോസോഫ്‌റ്റോ ഗൂഗിളോ സാപ്പോ ഒന്നും എല്ലാം അടക്കിവാഴുന്ന സ്ഥിതിവിശേഷം ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.

chat-gpt-3

∙ ആപ്പിളിന്റെ എയര്‍ടാഗിനെ വെല്ലുന്ന ടെക്‌നോളജി ഒപ്പോ വില്‍പനയ്‌ക്കെത്തിക്കുമോ?

താക്കോലുകള്‍ പോലുള്ള സാധനങ്ങള്‍ക്കൊപ്പം പിടിപ്പിക്കാവുന്ന, ബ്ലൂടൂത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഉപകരണമാണ് ആപ്പിള്‍ എയര്‍ടാഗ്. താക്കോല്‍ എവിടെയെങ്കിലും മറന്നെങ്കില്‍ എയര്‍ടാഗുമായി പെയര്‍ ചെയ്ത ഐഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് അത് എളുപ്പത്തില്‍ കണ്ടെത്താം. പക്ഷേ എയര്‍ടാഗിന് ബാറ്ററി വേണം. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഒപ്പൊ അവതരിപ്പിച്ച സമാനമായ ഉപകരണം ബാറ്ററിയില്ലാതെ പ്രവര്‍ത്തിപ്പിക്കാം.

∙ വരുന്നു സീറോ-പവര്‍ ടാഗ്

സീറോ-പവര്‍ ടാഗ് എന്നാണ് ഒപ്പോ ഇതിനു പേരിട്ടിരിക്കുന്നത്. സീറോ-പവര്‍ ടാഗിന്റെ ആദിമരൂപം മാത്രമാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചിരിക്കുന്നത്. സമീപത്തുള്ള റേഡിയോ തരംഗങ്ങൾ ശേഖരിച്ചാണ് അത് പ്രവര്‍ത്തിക്കുന്നതെന്ന് ഒപ്പോ പറയുന്നു. ആര്‍എഫ് സിഗ്നല്‍ ശേഖരിക്കല്‍, ബാക്‌സ്‌കാറ്ററിങ്, ലോ-പവര്‍ കംപ്യൂട്ടിങ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ അടക്കംചെയ്താണ് തങ്ങളുടെ സീറോ-പവര്‍ ടാഗ് പുറത്തിറക്കാന്‍ ഒപ്പോ ഉദ്ദേശിക്കുന്നത്. പുറത്തിറക്കുമ്പോള്‍ ഇതൊരു സ്റ്റിക്കറിന്റെ രൂപത്തിലായിരിക്കാമെന്നും കമ്പനി പറഞ്ഞു. ഇത് ഏതു പ്രതലത്തിലും പതിപ്പിക്കാന്‍ സാധിക്കും. വംശനാശം വന്ന പക്ഷികളുടെ കാലുകളില്‍ പോലും ഇവ പിടിപ്പിക്കാമെന്നും അങ്ങനെ അവയുടെ കുടിയേറ്റം അടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാമെന്നും കമ്പനി പറയുന്നു. ഇനിയുള്ള കാലം ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റേതുകൂടിയാണ‍െന്ന വിളിച്ചറിയിക്കലാണ് സീറോ-പവര്‍ ടാഗ് എന്നു പറയുന്നവരും ഉണ്ട്.

∙ ചാറ്റ്ജിപിടി ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത മെയില്‍ ആപ് ആപ്പിള്‍ നിരോധിച്ചു

ആപ്പിളിന്റെ ആപ് സ്റ്റോറിലുള്ള ബ്ലൂമെയില്‍ (BlueMail) ആപ് അടുത്തിടെ നിർമിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിരുന്നു. ചാറ്റ്ജിപിടി പ്രവര്‍ത്തിക്കുന്ന, ഓപ്പണ്‍ എഐയുടെ ജിപിടി-3 സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബ്ലൂമെയില്‍‍ അപ്‌ഡേറ്റു ചെയ്തത്. എന്നാൽ ഈ ആപ് ആപ്പിള്‍ ബ്ലോക്കു ചെയ്തുവെന്നാണ് ബ്ലൂമെയില്‍ ആപ് സ്ഥാപകൻ ബെന്‍ വൊലാച് അറിയിച്ചത്. എഐ ഉൾപ്പെടുത്തിയ ടൂളുകള്‍ കുട്ടികള്‍ക്ക് ഉചിതമല്ലാത്ത ഉള്ളടക്കം എത്തിച്ചേക്കാമെന്ന ആശങ്ക മൂലമാണ് ആപ് നിരോധിച്ചത് എന്നാണ് സൂചന. ഇതേക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

∙ ടിക്‌ടോക് നിരോധിക്കാന്‍ ബൈഡന് അധികാരം നല്‍കി

വിവാദ ചൈനീസ് സമൂഹ മാധ്യമ ആപ്പായ ടിക്‌ടോക്ക് നിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരം നല്‍കിയിരിക്കുകയാണ് രാജ്യത്തെ ഫോറിന്‍ അഫയേഴ്‌സ് കമ്മറ്റി. ഏകദേശം 10 കോടി അമേരിക്കന്‍ ഉപയോക്താക്കളുള്ള ടിക്‌ടോക് നിരോധിക്കാനുള്ള അധികാരം നല്‍കണോ വേണ്ടയോ എന്നറിയാന്‍ നടത്തിയ വോട്ടെടുപ്പില്‍ 16 നെതിരെ 24 വോട്ടുകള്‍ക്കാണ് ടിക്‌ടോക് വിരുദ്ധര്‍ ജയിച്ചത്. രാജ്യത്തിന് സുരക്ഷാ ഭീഷണിയാണ് ആപ് സൃഷ്ടിക്കുന്നതെന്നാണ് ടിക്‌ടോക്കിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരായ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും കുത്തക ടിക്‌ടോക് തകര്‍ത്തത് ഞെട്ടലോടെയാണ് സിലിക്കന്‍ വാലി ഭീമന്മാര്‍ കണ്ടത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത്, അത് വിറ്റൊഴിവാക്കണം എന്നൊക്കെയുള്ള ഭീഷണി ഉണ്ടായിട്ടും ആപ് തുടര്‍ന്നു പ്രവര്‍ത്തിക്കുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്തു. കാനഡയും ചില യൂറോപ്യന്‍ രാജ്യങ്ങളും ആപ് നിരോധിക്കാനുള്ള സാധ്യതയുണ്ട്.

∙ ടിക്‌ടോക് നിരോധിക്കുമോ?

യാഹുവിനു വേണ്ടി ഈ വിഷയം വിശകലനം ചെയ്ത ജോണ്‍ ബൗഡന്‍ പറയുന്നത് ബൈഡന്‍ ടിക്‌ടോക് നിരോധിക്കാനുള്ള സാധ്യത കാണുന്നില്ലെന്നാണ്. അമേരിക്ക-ചൈന ബന്ധം അറ്റുപോയേക്കാവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കൂടാതെ, ബൈഡന് അധികാരം നല്‍കി ഇപ്പോള്‍ പാസാക്കിയിരിക്കുന്ന ബില്‍ ഇനി അമേരിക്കന്‍ സെനറ്റ് ചര്‍ച്ചയ്‌ക്കെടുക്കും. ഇപ്പോള്‍ നടന്ന വോട്ടെടുപ്പില്‍ ഡെമോക്രാറ്റ് പ്രതിനിധികള്‍ ടിക്‌ടോക് നിരോധനത്തിനെതിരെയാണ് വ്യക്തമായ നിലപാട് സ്വീകരിച്ചതെന്നും സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും ബൗഡന്‍ ചൂണ്ടിക്കാണിക്കുന്നു. ടിക്‌ടോക് നിരോധിക്കുക എന്നത് കടന്ന കൈയാണെന്നും അത് മറ്റു മേഖലകളെയും ബാധിക്കുമെന്നും ഡെമോക്രാറ്റുകള്‍ കരുതുന്നു.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

∙ ടിക്‌ടോക് തന്റെ പോക്കറ്റിലില്ലെന്ന് ബൈഡന്‍

അതേസമയം, ഓരോ അമേരിക്കക്കാരന്റെയും പോക്കറ്റിലുള്ള സ്‌പൈ ബലൂണാണ് ടിക്‌ടോക് എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണം. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രസിഡന്റ് ബൈഡന്‍ പറഞ്ഞത് അക്കാര്യത്തില്‍ തനിക്ക് ഒരു ഉറപ്പുമില്ല, എന്തായാലും അതെന്റെ പോക്കറ്റിലില്ല എന്നായിരുന്നു.

English Summary: SAP to double India investment in five years: CEO Christian Klein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com