ADVERTISEMENT

ലോകത്തെ പ്രമുഖ ചിപ് നിര്‍മാണ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടണമെന്നത് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി 10 ബില്യൻ ഡോളറിന്റെ ചിപ് നിര്‍മാണ പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ലോകത്തെ പ്രധാന ചിപ് നിര്‍മാണ കമ്പനികളുടെ പ്ലാന്റുകളൊന്നും രാജ്യത്ത് സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. പ്രൊസസര്‍ നിര്‍മാതാക്കളിലൊരാളായ ഇസ്രയേലി കമ്പനി 'ടവര്‍' ചിപ് നിര്‍മാണം ആരംഭിക്കാന്‍ 8 ബില്യന്‍ നിക്ഷേപിക്കാന്‍ തയാറാണ് എന്നു പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോള്‍.

പ്രതീതാത്മക ചിത്രം (Photo credit: Eviart/Shutterstock)
പ്രതീതാത്മക ചിത്രം (Photo credit: Eviart/Shutterstock)

അതിവേഗം പരിഗണിക്കാന്‍ സർക്കാർ

രാജ്യത്തെ ആസന്നമായ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ടവറിന്റെ പദ്ധതി നിര്‍ദ്ദേശം അതിവേഗം പരിഗണിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. അംഗീകാരം നല്‍കിയാല്‍ ടവര്‍ ഇന്ത്യയിലെത്തുന്ന ചിപ് നിര്‍മാണത്തില്‍ ശക്തമായ അടിത്തറയുള്ള ആദ്യ കമ്പനി എന്ന പേര് നേടും. ചിപ് നിർമാണത്തിന് എത്തുന്ന കമ്പനികള്‍ക്ക് വേണ്ടിവരുന്ന മൂലധന നിക്ഷേപത്തിന്റെ 50 ശതമാനം തങ്ങള്‍ വഹിക്കാമെന്നാണ് സർക്കാർ നല്‍കിയിരിക്കുന്ന വാഗ്ദാനം. 

അതായത്, ടവര്‍ 8 ബില്യന്‍ ഡോളറിന്റെ പദ്ധതിയാണ് ആരംഭിക്കുന്നതെങ്കില്‍, അതില്‍ 4 ബില്യന്‍ സർക്കാർ നല്‍കും. അതിനു പുറമെ ഏതു സംസ്ഥാനത്താണോ ചിപ് നിര്‍മാണശാല തുടങ്ങുന്നത് ആ സംസ്ഥാനവും ധനസഹായം നല്‍കിയേക്കും. 65 നാനോമീറ്റര്‍, 40 നാനോമീറ്റര്‍ ചിപ്പുകള്‍ ഇന്ത്യയില്‍നിന്ന് ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് ടവര്‍ അറിയിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കും വെയറബ്ള്‍സ് ഇലക്ട്രോണിക്‌സിനും ശക്തി പകരാനായിരിക്കും ഈ ചിപ്പുകള്‍ ഉപയോഗിക്കുക. 

ചിപ് നിര്‍മാണ സഹകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ടവര്‍ സിഇഒ റസല്‍ സി എല്‍വങ്ഗറും കഴിഞ്ഞ ഒക്ടോബറില്‍ ചിപ് നിര്‍മാണ മേഖലയിലുള്ള സഹകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. കര്‍ണാടകത്തില്‍ 3 ബില്യന്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഒരു ചിപ് നിര്‍മാണശാല സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ആയ ഐഎസ്എംസിയുമായി സഹകരിച്ചായിരുന്നു ഇത്. എന്നാല്‍ ചിപ് നിര്‍മാണ ഭീമന്‍ ഇന്റല്‍, ടവര്‍ കമ്പനിയെ ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ കര്‍ണാടകത്തില്‍ ചിപ് നിര്‍മാണശാല സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുപോയില്ല. അതേസമയം, രാജ്യാന്തര അംഗീകാരം ലഭിക്കാതെ പോയതോടെ ഇന്റലിന്റെ ടവര്‍ ഏറ്റെടുക്കലും നടന്നില്ല.

ചിപ് പാക്കിങ്

രാജ്യാന്തര ചിപ് നിര്‍മാണ ഭീമന്മാര്‍ ഇന്ത്യന്‍ മണ്ണില്‍ ഇനിയും കമ്പനികള്‍ സ്ഥാപിച്ചിട്ടില്ലെങ്കിലും, മൈക്രോണ്‍ കമ്പനി ചിപ് പാക്കിങ് യൂണിറ്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി 825 ദശലക്ഷം ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍, മൈക്രോണ്‍ ഇന്ത്യയില്‍ ചിപ് നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചിട്ടില്ല.

ചിപ് നിര്‍മാണം തുടങ്ങുന്നത് നേട്ടമാകും

രാജ്യത്തുനിന്ന് ചിപ് നിര്‍മാണം തുടങ്ങണം എന്ന ആഗ്രഹം കേന്ദ്രം പ്രകടിപ്പിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന തയ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണും വേദാന്ത കമ്പനിയും ചേര്‍ന്ന് 19.5 ബില്യന്‍ ഡോളറിന്റെ പടുകൂറ്റന്‍ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇരു കമ്പനികളും വഴിപിരിഞ്ഞു. വേദാന്തയുമായി സഹകരിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞാണു ഫോക്‌സ്‌കോണ്‍ പിന്‍വലിഞ്ഞത്.

അതേസമയം, ഇരു കമ്പനികളോടും തനിച്ച് ചിപ് നിര്‍മാണശാലകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാന്‍ സർക്കാർ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും മുന്നോട്ടു പോയില്ല. ആ പശ്ചാത്തലത്തിലാണ് ടവര്‍ കമ്പനിയുടെ നിര്‍ദേശം പ്രാധാന്യം നേടുന്നത്.

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

∙എഐ കുതിപ്പിന് ആപ്പിള്‍; 30 സ്റ്റാര്‍ട്ട്അപ്പുകളെ ഏറ്റെടുത്തു

ഓപ്പണ്‍എഐ, മെറ്റാ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ നിര്‍മിത ബുദ്ധിയുടെ വികസിപ്പിക്കലില്‍ കാര്യമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു എങ്കിലും, ആപ്പിൾ ഇതുവരെ ഈ മേഖലയില്‍ ശക്തമായ സാന്നിധ്യമായിട്ടില്ലെന്നുള്ളത് വിശകലനവിദഗ്ധരുടെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ കാര്യമാണ്. തങ്ങളുടെ എതിരാളികളുടെ കുതിപ്പ് ആപ്പിളിന് തിരിച്ചടി തന്നെയായിരുന്നു. സ്വന്തമായി എഐ വികസിപ്പിച്ചെടുക്കുക എന്ന ആഗ്രഹം വേണ്ടരീതിയില്‍ മുന്നേറിയിട്ടില്ല എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

എന്തായാലും, ഇതിനെ മറികടക്കാനുള്ള പദ്ധതികള്‍ ആപ്പിള്‍ നടപ്പിലാക്കിത്തുടങ്ങിയെന്നാണ് സ്റ്റാറ്റിസ്റ്റയുടെ (statista) റിപ്പോര്‍ട്ടിലുള്ളത്. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം 32 എഐ സ്റ്റാര്‍ട്ടഅപ്പുകളെ സ്വന്തമാക്കിയത്രെ. ഗൂഗിള്‍ 21, മെറ്റാ 18, മൈക്രോസോഫ്റ്റ് 17 എന്നിങ്ങനെയാണ് മറ്റു കമ്പനികള്‍ വാങ്ങിക്കൂട്ടിയ എഐ സ്ഥാപനങ്ങളുടെ എണ്ണം. 

ഇ-ഇങ്ക് ടാബുമായി റിമാര്‍കബ്ള്‍

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇ-ഇങ്ക് ടാബ്‌ലറ്റും അക്‌സസറികളും അവതരിപ്പിച്ചിരിക്കുകയാണ് റിമാര്‍ക്കബ്ള്‍ (reMarkable) കമ്പനി. ആമസോണ്‍ വഴിയാണ് വില്‍ക്കുന്നത്. റിമാര്‍ക്കബ്ള്‍ 2 എന്ന പേരില്‍ വില്‍ക്കുന്ന ടാബിന് 43,999 രൂപയാണ് വില. ഇത് ഒരു  10.3-ഇഞ്ച് എച്ഡി ഡിസ്പ്ലെയാണ്. ഇതില്‍ മാര്‍കര്‍ പ്ലസ് എന്ന പേരില്‍ വില്‍ക്കുന്ന സ്റ്റൈലസ് ഉപയോഗിച്ച് നോട്ട് കുറിച്ചെടുക്കാനും മറ്റും സാധിക്കും. ഇത് ഇറെയ്‌സറായും ഉപയോഗിക്കാം. ഇരട്ട കോര്‍ പ്രൊസസര്‍, 1ജിബി റാം, 8ജിബി സംഭരണശേഷി തുടങ്ങിയവയാണ് മറ്റു ഹാര്‍ഡ്‌വെയര്‍ ശേഷികള്‍. കൊഡെക്‌സ് എന്നു പേരിട്ടിരിക്കുന്ന, ലിനക്‌സ്-കേന്ദ്രീകൃത ഓഎസില്‍ പ്രവര്‍ത്തിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com