ADVERTISEMENT

അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി സ്ഥാനമേറ്റതോടെ, ലോകത്തെ ‘യുവ’ രാജ്യങ്ങളിലൊന്നായിരിക്കുന്നു ഈ രാജ്യം! കോവിഡ് തരംഗത്തെ അയർലൻഡ് വിജയകരമായി അതിജീവിച്ചതിനു പിന്നിൽ പ്രവർത്തിച്ച മുൻ ആരോഗ്യ, ഉന്നതവിദ്യാഭ്യാസ മന്ത്രികൂടിയാണു രാജ്യത്തിന്റെ 16–ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തേഴുകാരൻ സൈമൺ ഹാരിസ്. അതേസമയം, രൂക്ഷമായി തുടരുന്ന ഭവനപ്രതിസന്ധി, അഭയാർഥികളുടെ എണ്ണത്തിലുള്ള വർധന തുടങ്ങിയവ ഹാരിസിനു തലവേദനയാകാവുന്ന ആഭ്യന്തരവിഷയങ്ങളാണ്.

പഠിത്തം കളഞ്ഞ് രാഷ്ട്രീയത്തിൽ!

തലസ്ഥാനമായ ഡബ്ലിനിൽനിന്നു 30 കിലോമീറ്റർ അകലെ തീരനഗരമായ ഗ്രേസ്റ്റോൺസിലാണു സൈമൺ ഹാരിസ് ജനിച്ചത്. പിതാവ് ടാക്സി ഡ്രൈവറും മാതാവ് സ്പെഷൽ സ്കൂൾ ജീവനക്കാരിയും. ഓട്ടിസം ബാധിച്ച സഹോദരൻ ആഡമിന്റെ അവകാശങ്ങൾക്കുവേണ്ടി ചെറുപ്പത്തിൽ നടത്തിയ പ്രാദേശിക ക്യാംപയിനാണു തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്ന് ഹാരിസ് പറഞ്ഞിട്ടുണ്ട്.

16–ാം വയസ്സിൽ ഫിനഗെയ്ൽ പാർട്ടിയുടെ യുവജനവിഭാഗത്തിൽ ചേർന്ന ഹാരിസ്, മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകാൻ ഇരുപതാം വയസ്സിൽ സർവകലാശാലാ പഠനം ഉപേക്ഷിച്ചു. ഡബ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജേണലിസവും ഫ്രഞ്ച് സാഹിത്യവുമായിരുന്നു പഠനവിഷയം. 24–ാം വയസ്സിൽ പാർലമെന്റ് അംഗവും 29–ാം വയസ്സിൽ കാബിനറ്റ് മന്ത്രിയുമായി. ക്വീവ വേഡ് ആണു ഭാര്യ. രണ്ടു മക്കളുണ്ട്.

2.40 ലക്ഷം യൂറോയാണ് (2.16 കോടി രൂപ) അയർലൻഡ് പ്രധാനമന്ത്രിയുടെ വാർഷികശമ്പളം. ഐറിഷ് സർക്കാർ ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 44,000 യൂറോയാണ്.

അടുത്ത വർഷം തിരഞ്ഞെടുപ്പ്

ഫിനഗെയ്ൽ പാർട്ടിയുടെ ഇന്ത്യൻ വംശജനായ നേതാവ് ലിയോ വരാഡ്കർ (45) പ്രധാനമന്ത്രിപദം രാജിവച്ചതോടെയാണു ഹാരിസ് ആ സ്ഥാനത്തെത്തിയത്. രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയായിരുന്നു മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായ വരാഡ്കർ.

ഫിനോഫാൾ, ഫിനഗെയ്ൽ, ഗ്രീൻ പാർട്ടി എന്നീ 3 കക്ഷികൾ ചേർന്നതാണ് അയർലൻഡിലെ ഭരണമുന്നണി. 160 അംഗ പാർലമെന്റിൽ 37 സീറ്റുള്ള ഇടതു ദേശീയവാദികൾ ഷിൻ ഫെയ്‌ൻ ആണു പ്രധാന പ്രതിപക്ഷകക്ഷി. ഭരണമുന്നണിയിൽ ഫിനോഫാൾ പാർട്ടിക്കു 38 സീറ്റും ഫിനഗെയ്‌ലിനു 35 സീറ്റും ഗ്രീനിനു 12 സീറ്റുമുണ്ട്. സ്വതന്ത്രർക്കു 19 സീറ്റാണുള്ളത്.

2025 മാർച്ചിലാണ് അടുത്ത പൊതുതിരഞ്ഞെടുപ്പ്. സമീപകാല അഭിപ്രായ സർവേകളിലെല്ലാം ഷിൻ ഫെയ്ൻ പാർട്ടിക്കാണു മുൻതൂക്കം. യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിൽ ഷിൻ ഫെയ്ൻ നേതാവ് മിഷേൽ ഒനീലാണു ഫസ്റ്റ് മിനിസ്റ്റർ. അടുത്ത വർഷം ഇരു അയർലൻഡുകളിലും ഷിൻ ഫെയ്‌ൻ അധികാരത്തിലെത്തിയാൽ ഐക്യ അയർലൻഡ് വാദം കൂടുതൽ ശക്തമാകും. 

English Summary:

Ireland Prime Minister Simon Harris current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com