ADVERTISEMENT

പിഎസ്‌സിയുടെ ഫയർ വുമൺ റാങ്ക് ലിസ്റ്റിനു പിറകെ വന്ന വനിതാ സിവിൽ എക്സൈസ് ഓഫിസർ (613/2021) ഷോർട് ലിസ്റ്റിലും ഉദ്യോഗാർഥികൾ കുറവ്.

കഴിഞ്ഞ മേയ് 19നു നടത്തിയ മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ പ്രസിദ്ധീകരിച്ച ലിസ്റ്റുകളിലാണ് ഈ സാഹചര്യം. ഇവർക്ക് ഇനി എൻഡ്യുറൻസ് ടെസ്റ്റ് (15 മിനിറ്റിൽ 2.5 കി.മീ. ഓടിയെത്തണം), കായികക്ഷമതാ പരീക്ഷ എന്നിവകൂടി നടത്തുമ്പോഴേക്കു ലിസ്റ്റിലെ ഭൂരിഭാഗം ഉദ്യോഗാർഥികളും പുറത്താകും. ഫയർ വുമൺ റാങ്ക് ലിസ്റ്റിലേതുപോലെ ഒഴിവിന് ആനുപാതികമായി ഉദ്യോഗാർഥികളില്ലാത്ത സാഹചര്യം ഈ തസ്തികയിലും സംഭവിക്കാം.

 

മുൻ ലിസ്റ്റിന്റെ പകുതി മാത്രം

വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച ജില്ലകളിലെല്ലാം മുൻ ലിസ്റ്റിനെ അപേക്ഷിച്ച് ഉദ്യോഗാർഥികൾ കുറവാണ്. പത്തനംതിട്ട ജില്ലയിൽ ഇപ്പോഴത്തെ ലിസ്റ്റിൽ 175 പേരാണുള്ളത്. മുൻ ലിസ്റ്റിൽ 379 പേരെ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ ജില്ലയിൽ 50 ആയിരുന്നു കട്ട് ഓഫ് മാർക്ക് എങ്കിൽ ഇത്തവണ 63 ആണ്.

കാസർകോട് ജില്ലയിൽ കഴിഞ്ഞ തവണ കട്ട് ഓഫ് മാർക്ക് 45 ആയി നിശ്ചയിച്ച് 357 പേരെ ഉൾപ്പെടുത്തിയെങ്കിൽ ഇത്തവണ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി ഉൾപ്പെട്ടത് 155 പേർ മാത്രം. കട്ട് ഓഫ് മാർക്ക് 62.33 ആയി ഉയർത്തിയാണ് ഉദ്യോഗാർഥികളെ കുറച്ചത്. മറ്റു ജില്ലകളിൽ പ്രസിദ്ധീകരിച്ച ലിസ്റ്റുകളിലും ഉദ്യോഗാർഥികൾ കുറവാണ്.

 

ഇതുവരെ ഒഴിവ് 16

വനിതാ സിവിൽ എക്സൈസ് ഒാഫിസർമാരുടെ 16 ഒഴിവ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതൽ തൃശൂർ, കാസർകോട് ജില്ലകളിലാണ്–3 വീതം. കുറവ് കൊല്ലം, കോഴിക്കോട് ജില്ലകളിൽ–1 വീതം. ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ 2 വീതം ഒഴിവുകളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒഴിവുകളുടെ വിവരം ലഭ്യമല്ല.

മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 172 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com