ADVERTISEMENT

പിഎസ്‌സി ലിസ്റ്റുകളിൽ ആളെക്കുറയ്ക്കൽ വ്യാപകമാകുന്നു. സമീപകാലത്തെ ഭൂരിപക്ഷം ലിസ്റ്റുകളിലും സംഭവിച്ച ഈ സാഹചര്യം ഉദ്യോഗാർഥികളെ തീർത്തും നിരാശരാക്കുകയാണ്.

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റ് വെട്ടിച്ചുരുക്കിയതാണ് ഈയിടെ ഉദ്യോഗാർഥികൾക്കുണ്ടായ പ്രധാന തിരിച്ചടി. മെയിൻ ലിസ്റ്റിൽ 1753, സപ്ലിമെന്ററി ലിസ്റ്റിൽ 1722, ഭിന്നശേഷി ലിസ്റ്റിൽ 51 എന്നിങ്ങനെ 3526 പേരെ മാത്രമേ ലിസ്റ്റിൽ ഉൾപ്പെടുത്തിയുള്ളൂ. 53.67 ആണു കട്ട് ഓഫ് മാർക്ക്.

മുൻ റാങ്ക് ലിസ്റ്റിൽ 7702 േപർ (മെയിൻ ലിസ്റ്റ്–4898, സപ്ലിമെന്ററി ലിസ്റ്റ്–2401, ഭിന്നശേഷി ലിസ്റ്റ്–403) ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണത്തെ ‘വെട്ടിനിരത്തൽ’. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്ക് ഉദ്യോഗാർഥികളുടെ എണ്ണം വീണ്ടും കുറയും.

ഒഴിവ് 297: മുൻ ലിസ്റ്റിൽനിന്ന് 1684 നിയമന ശുപാർശ

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് അസിസ്റ്റന്റ് തസ്തികയുടെ 297 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എൻജെഡി ഒഴിവുകൾ ധാരാളം റിപ്പോർട്ട് ചെയ്യുന്ന തസ്തികയാണിത്. മുൻ റാങ്ക് ലിസ്റ്റിലെ 1684 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. അന്നത്തെ ആകെ നിയമന ശുപാർശയിൽ 1022 എണ്ണം എൻജെഡിയായിരുന്നു. ഇതിനനുസരിച്ച് റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികളില്ലാത്തത് ധാരാളം പേരുടെ അവസരം നഷ്ടമാക്കും.

ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെല്ലാം കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും ഉൾപ്പെടും. അതിൽനിന്നു നിയമന ശുപാർശ ലഭിക്കുന്നവരാരും ഈ ലിസ്റ്റിൽനിന്നു ജോലി സ്വീകരിക്കാൻ സാധ്യതയില്ല. കഴിഞ്ഞ ലിസ്റ്റിലും ഇതേ സാഹചര്യമായിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഉദ്യോഗാർഥികൾ നിവേദനം നൽകിയെങ്കിലും പിഎസ്‌സി പരിഗണിച്ചിരുന്നില്ല.

ബീറ്റ് ഫോറസ്റ്റ് ഓഫിസർ ലിസ്റ്റ് പകുതിപോലുമില്ല!

∙എൻഡ്യുറൻസ്, കായികക്ഷമതാ പരീക്ഷകൾക്കുശേഷം ലിസ്റ്റ് ശുഷ്കമാകും

വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയതും കുറച്ചു പേരെ മാത്രം.

വയനാട്, കാസർകോട് ജില്ലകളിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 257, സപ്ലിമെന്ററി ലിസ്റ്റിൽ 96 എന്നിങ്ങനെ 353 പേരാണു വയനാട് ലിസ്റ്റിൽ. ഇവർക്ക് ഇനി എൻഡ്യുറൻസ് ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ് എന്നിവ നടത്താനുണ്ട്. അതോടെ ഷോർട് ലിസ്റ്റിലെ 60 ശതമാനത്തിലേറെപ്പേരും പുറത്താകും. റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ തീരെ കുറയുകയും ചെയ്യും.

കഴിഞ്ഞ തവണ വയനാട് ജില്ലയിൽ എൻഡ്യുറൻസ് ടെസ്റ്റിനായുള്ള ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ മാത്രം 719 പേരെ ഉൾപ്പെടുത്തിയിരുന്നു. എൻഡ്യുറൻസ് ടെസ്റ്റിനുശേഷം ഇത് 325 ആയി കുറഞ്ഞു. കായികക്ഷമതാ പരീക്ഷയ്ക്കുശേഷം 196 പേരായി ചുരുങ്ങി. ഇക്കണക്കിൽ നോക്കിയാൽ ഇപ്പോഴത്തെ ലിസ്റ്റിലെ 100 പേർപോലും റാങ്ക് ലിസ്റ്റിലുണ്ടാവില്ല.

കാസർകോട് ജില്ലയിലെ മെയിൻ ലിസ്റ്റിൽ 74, സപ്ലിമെന്ററി ലിസ്റ്റിൽ 60 എന്നിങ്ങനെ 134 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഉൾപ്പെടുത്തിയവരുടെ എണ്ണം അപേക്ഷിച്ച് ഇവിടെയും വലിയതോതിൽ ഉദ്യോഗാർഥികളെ കുറച്ചു. 

English Summary:

PSC Company Board Assistant Ranklist Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com