ADVERTISEMENT

പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ വൈകുന്നതുമൂലം താൽക്കാലികനിയമനത്തിനു വഴിയൊരുക്കുന്ന സാഹചര്യം ഒഴിവാക്കണം. പ്രധാന തസ്തികകളിലെങ്കിലും കൃത്യമായ ഇടവേളകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കിൽ പിഎസ്‌സിയുടെ ഉദ്ദേശ്യശുദ്ധിതന്നെ ചോദ്യചിഹ്നമാകും.

റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കമ്പനി/ കോർപറേഷൻ/ ബോർഡുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളാണ് റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ താൽക്കാലിക നിയമനം നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങൾ. രണ്ടു തസ്തികകളുടെയും മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ട് ഒരു വർഷമാകുന്നു. പുതിയ റാങ്ക് ലിസ്റ്റ് വൈകുകയാണ്. കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് സാധ്യതാ ലിസ്റ്റ് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിച്ചിരുന്നു. സൈക്ലിങ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന എന്നിവകൂടി പൂർത്തിയാക്കി വേണം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ ലിസ്റ്റ്പോലും പ്രസിദ്ധീകരിച്ചിട്ടില്ല.

ഏറെ നാളായി നിർത്തിവച്ചിരുന്ന ഡപ്യൂട്ടേഷൻ നിയമനം, റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ ബവ്റിജസ് കോർപറേഷനിൽ നടപ്പാക്കാൻ പോകുന്നു. എൽഡി ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്/ഷോപ്പ് അറ്റൻഡന്റ് തസ്തികകളിലാണു ഡപ്യൂട്ടേഷൻ നിയമനം. ഓഫിസ് അറ്റൻഡന്റ്/ഷോപ്പ് അറ്റൻഡന്റ് തസ്തികയുടെ 300 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടും റാങ്ക് ലിസ്റ്റ് വരാത്തതിനാൽ ‍ഡപ്യൂട്ടേഷനിലേക്കു നീങ്ങുകയാണ്. ഇതടക്കം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 765 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൽഡി ക്ലാർക്ക് തസ്തികയ്ക്കായി പ്രത്യേക വിജ്ഞാപനം പ്രസിദ്ധീകരിച്ചാണു ഡപ്യൂട്ടേഷൻ നിയമനം. ഓഫിസ് അറ്റൻഡന്റ്/ഷോപ്പ് അറ്റൻഡന്റ് തസ്തികയിൽ കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിൽനിന്നാണു നിയമനം.

ഡിജിറ്റൽ സർവേയുടെ ഭാഗമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലും താൽക്കാലികനിയമനം നടത്തുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം. വിവിധ ജില്ലകളിലായി ഈ തസ്തികയുടെ 384 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തെങ്കിലും റാങ്ക് ലിസ്റ്റ് വൈകുകയാണ്.

വിജ്ഞാപനത്തോടൊപ്പം റാങ്ക് ലിസ്റ്റ് പുറത്തുവരുന്ന ഷെഡ്യൂളും ഉൾപ്പെടുത്തി റിക്രൂട്മെന്റ് ആസൂത്രണം ചെയ്യാൻ പിഎസ്‌സി ശ്രദ്ധിക്കണം. പരമാവധി തസ്തികകളിൽ ഒറ്റപ്പരീക്ഷ നടപ്പാക്കിയും തിരഞ്ഞെടുപ്പു നടപടികളിലെ കാലതാമസം കുറയ്ക്കണം. ഇല്ലെങ്കിൽ, പിഎസ്‌‍‌സി നടപടികളിൽ വന്ന നല്ല മാറ്റങ്ങളുടെ ശോഭ കുറയ്ക്കാൻ ഈ സാഹചര്യങ്ങൾ വഴിയൊരുക്കും. 

English Summary:

PSC Ranklists Delay News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com