ADVERTISEMENT

മുൻ വിജ്ഞാപനങ്ങളെ അപേക്ഷിച്ച് എൽഡി ക്ലാർക്ക് അപേക്ഷകരുടെ എണ്ണം ഇത്തവണ വലിയതോതിൽ കുറഞ്ഞതാണ് ഉദ്യോഗാർഥികൾക്കിടയിലെ ഇപ്പോഴത്തെ സുപ്രധാന ചർച്ച.

ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ സംസ്ഥാനം വിടുന്നതിൽ വന്ന വർധന, സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിലെ കുറവ്, കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വിജ്ഞാപനം ഒരു വർഷം വൈകിയത്, പിഎസ്‌സി വെബ്സൈറ്റിൽ അവസാനനിമിഷം ഉണ്ടായ തിരക്ക് എന്നിവയൊക്കെ ഇതിനു കാരണങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. എങ്കിലും, 14 ജില്ലയിലുമായി പന്ത്രണ്ടായിരത്തോളം നിയമനം നടക്കുന്ന തസ്തികയിലേക്ക് 12,95,446 അപേക്ഷകർ ഉണ്ട് എന്നത് മത്സരത്തിന്റെ തീവ്രത ഇത്തവണയും കുറയാനിടയില്ലെന്ന സൂചനയാണ്.

2010 മുതലുള്ള 5 എൽഡിസി വിജ്ഞാപനങ്ങൾ വിലയിരുത്തിയാൽ 2010, 2013, 2016 വർഷങ്ങളിൽ എൽഡിസി അപേക്ഷകരുടെ എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ടായെങ്കിലും 2019ൽ 35,753 അപേക്ഷകർ കുറഞ്ഞു. ഇത്തവണ 4,62,892 അപേക്ഷകരുടെ കുറവാണു സംഭവിച്ചത്.

പരീക്ഷ എഴുതുന്നവർ പിന്നെയും കുറയും

കഴിഞ്ഞ തവണ 17,58,333 പേർ എൽഡിസി അപേക്ഷ നൽകിയെങ്കിലും 5,15,339 പേർ കൺഫർമേഷൻ നൽകിയില്ല. 14 ജില്ലയിലുമായി 12,42,999 പേരാണു കൺഫർമേഷൻ നൽകിയത്. ഇതിൽ 10 ലക്ഷത്തോളം പേർ മാത്രമേ പരീക്ഷ എഴുതിയുള്ളൂ എന്നാണു വിവരം.

പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയാതിരിക്കാൻ അപേക്ഷാഫീസ് ഏർപ്പെടുത്തുക, കൺഫർമേഷൻ നൽകി പരീക്ഷ എഴുതാത്തവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പല നിർദേശങ്ങൾ പലപ്പോഴായി വന്നതാണ്. കോവിഡിനെത്തുടർന്ന് പരീക്ഷാ നടപടി നീണ്ടുപോയതും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർധിക്കാൻ കാരണമായി. രണ്ടു ഘട്ട പരീക്ഷ ഒഴിവാക്കിയതും പരീക്ഷ നടക്കുന്ന മാസം മുൻകൂട്ടി പ്രഖ്യാപിച്ചതുമൊക്കെ ഇത്തവണ അപേക്ഷകരിൽ ഭൂരിപക്ഷവും പരീക്ഷയെഴുതാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണു വിലയിരുത്തൽ.

നിയമന ശുപാർശ ക്രമേണ പിന്നോട്ട്

എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിലെ നിയമന ശുപാർശ കുറഞ്ഞുവരുന്നത് ഉദ്യോഗാർഥികൾക്കിടയിൽ ആവേശം കുറയ്ക്കുന്ന സാഹചര്യമുണ്ടോയെന്നതും ചർച്ചകളിൽ നിറയുന്നു.

കഴിഞ്ഞ 4 തവണത്തെയും വിജ്ഞാപനപ്രകാരമുള്ള നിയമനം താരതമ്യപ്പെടുത്തിയാൽ, നിയമനം ക്രമേണ കുറയുകയായിരുന്നു. സാമ്പത്തികപ്രതിസന്ധി കാരണം പുതിയ തസ്തിക സൃഷ്ടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിയമനങ്ങൾ വർധിക്കാത്ത സ്ഥിതിയായി. വിരമിക്കൽ ഒഴിവുകളിൽ മാത്രമാണ് ഇപ്പോൾ നിയമനം നടക്കുന്നത്.

2010 വിജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റിൽനിന്ന് 15,357 പേർക്കു നിയമന ശുപാർശ ലഭിച്ചപ്പോൾ 2013ൽ 12,181 ആയി കുറഞ്ഞു. 2016ലെ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്കായിരുന്നു നിയമന ശുപാർശ. 2019 വിജ്ഞാപനപ്രകാരം ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് 5793 പേർക്കുമാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 2025 ജൂലൈ 31 വരെ ഈ ലിസ്റ്റുകൾക്കു കാലാവധിയുണ്ടെങ്കിലും ഇതിനകം റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളെ ആശ്രയിച്ചായിരിക്കും നിയമനം.

English Summary:

LDC Applicants Shortage PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com