ADVERTISEMENT

റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ ഉയർന്ന പ്രായപരിധി 30ൽ നിന്നു 33 വയസ്സാക്കി.

പ്രായപരിധിയിൽ ഇളവ് അനുവദിച്ച് ജനുവരി 29നാണു റെയിൽവേ റിക്രൂട്മെന്റ് ബോർഡ് തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 01.07.2024ന് 18–33 എന്നതാണു പുതിയ പ്രായപരിധി. അർഹരായവർക്കു വീണ്ടും ഇളവുണ്ട്.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഉദ്യോഗാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെട്ടതു കണക്കിലെടുത്താണ് പ്രായപരിധിയിൽ വർധന വരുത്തിയത്. 2019ലാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (ആർആർബി) ഒടുവിൽ അപേക്ഷ ക്ഷണിച്ചത്.

പരീക്ഷ ജൂൺ മുതൽ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയുടെ താൽക്കാലിക പരീക്ഷാ കലണ്ടർ ആർആർബി പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട കംപ്യൂട്ടർ ബേസ്‌ഡ് പരീക്ഷ ജൂണിനും ഓഗസ്റ്റിനും ഇടയിൽ നടക്കും. രണ്ടാം ഘട്ട കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ സെപ്റ്റംബറിലും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നവംബറിലുമാണ്. നവംബറിൽത്തന്നെ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സർട്ടിഫിക്കറ്റ് പരിശോധന ഡിസംബറിൽ.

ഒഴിവ് 5696; അപേക്ഷ ഫെബ്രുവരി 19 വരെ

വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകളിലെ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്കാണ് വിജ്ഞാപനം (CEN 01/2024) പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ആർആർബിയിൽ 70 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19.

ലോക്കോ പൈലറ്റ് വിജ്ഞാപനം ഇനിയും; അടുത്ത ജനുവരിയിൽ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയുടെ അടുത്ത വിജ്ഞാപനം 2025 ജനുവരിയിൽ പ്രസിദ്ധീകരിക്കും.

ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ താൽക്കാലിക പരീക്ഷാകലണ്ടറിനൊപ്പമാണ് പുതിയ വിജ്ഞാപനം അടുത്ത ജനുവരിയിലുണ്ടാകുമെന്ന സൂചന റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നൽകിയിരിക്കുന്നത്.

ലോക്കോ പൈലറ്റുമാരുടെ പതിനാറായിരത്തിലേറെ ഒഴിവ് നിലവിലുണ്ടെങ്കിലും 5696 ഒഴിവിലേക്കു മാത്രമാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയിൽ മാത്രം 581 ഒഴിവുണ്ട്. ഇതിൽ 200 എണ്ണം കേരളത്തിലാണ്. വന്ദേഭാരത് അടക്കമുള്ള പുതിയ ട്രെയിനുകൾ, അധിക ഗുഡ്സ് ട്രെയിനുകൾ എന്നിവയിലെ ജീവനക്കാരുടെ എണ്ണംകൂടി കണക്കാക്കിയാൽ ഒഴിവുകൾ വർധിക്കും.

ലോക്കോ പൈലറ്റ് തസ്തികയിലെ നിയമന നിഷേധം ചൂണ്ടിക്കാട്ടി ‘ലോക്കോ പൈലറ്റ് ഒഴിവ്, ഈ വിജ്ഞാപനം പോരാ’ എന്ന പേരിൽ ഫെബ്രുവരി 3 ലക്കം തൊഴിൽവീഥിയിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. 

English Summary:

Assistant Loco Pilot News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com