ADVERTISEMENT

കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഷോർട് ലിസ്റ്റിൽ ഉദ്യോഗാർഥികളെ വലിയതോതിൽ വെട്ടിക്കുറച്ചു. മുൻ റാങ്ക് ലിസ്റ്റിൽ 2572 പേരെ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണത്തെ ലിസ്റ്റിൽ 785 പേർ മാത്രമാണുള്ളത്.

23,855 പേർ അപേക്ഷ നൽകുകയും ഏകദേശം 18,000 പേർ പരീക്ഷ എഴുതുകയും ചെയ്ത തസ്തികയുടെ ലിസ്റ്റിലാണ് ഈ ‘കടുംവെട്ട്’. കഴിഞ്ഞ തവണ മെയിൻ ലിസ്റ്റിൽ മാത്രം 969 പേരുണ്ടായിരുന്നു. ഇത്തവണ 383 പേരാണു മെയിൻ ലിസ്റ്റിൽ.

അടുത്ത 3 വർഷത്തിനകം എഴുനൂറിലധികം എൻജിനീയർമാർ കെഎസ്ഇബിയിൽനിന്നു വിരമിക്കാനിരിക്കേ, ഇത്രയും ശുഷ്കമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ജോലിസാധ്യത ഗണ്യമായി കുറയാൻ ഇടയാക്കുമെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

185 ഒഴിവ്; റിപ്പോർട്ട് ചെയ്തത് 6 മാത്രം

കഴിഞ്ഞ നവംബർ 14ന് ഉദ്യോഗാർഥികൾക്ക് കെഎസ്ഇബിയിൽനിന്നു ലഭിച്ച വിവരാവകാശ രേഖപ്രകാരം അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയുടെ 185 ഒഴിവുണ്ട്. എന്നാൽ, 6 എൻജെഡി ഒഴിവു മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. റിപ്പോർട്ട് ചെയ്ത ഒഴിവു മാത്രം കണക്കാക്കി ആളെ ഉൾപ്പെടുത്തിനാലാകണം ലിസ്റ്റ് ഇത്രയും ശുഷ്കമായത്.

മുൻ ലിസ്റ്റിലെ നിയമന ശുപാർശയും, ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ സാധ്യതയുള്ള ഒഴിവും കണക്കാക്കിയിരുന്നെങ്കിൽ ആയിരത്തിലധികം പേരെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. 2020 സെപ്റ്റംബർ 14നു ശേഷം ഈ തസ്തികയിൽ പിഎസ്‌സി വഴി നിയമനം നടന്നിട്ടില്ല.

വിരമിക്കൽ ഒഴിവ് എഴുനൂറിലധികം

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ), എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ), ഡപ്യൂട്ടി ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ), ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികകളിലായി അടുത്ത 3 വർഷത്തിനകം ആയിരത്തിലധികം പേർ വിരമിക്കുന്നുണ്ട്. ഇതിൽ എഴുനൂറിലധികം ഒഴിവും അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലാണ്. നിലവിലുള്ള ലിസ്റ്റിൽ ഉദ്യോഗാർഥികൾ കുറവായതിനാൽ ഇനി ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാലേ ഈ ഒഴിവ് പൂർണമായി നികത്താൻ കഴിയൂ.

ഇപ്പോൾ പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട പലരും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ, പോളിടെക്നിക് ലക്ചറർ തുടങ്ങി മറ്റു ലിസ്റ്റുകളിലും ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ എൻജെഡി ഒഴിവ് റിപ്പോർട്ട് ചെയ്യാനിടയുണ്ട്. ഇപ്പോൾ പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ പിഎസ്‌സി തയാറായാൽ പ്രായപരിധി അവസാനിക്കാറായവർ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു നിയമനം ലഭിച്ചേക്കും.

മുൻ ലിസ്റ്റിൽ നിയമന ശുപാർശ 385

കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത് 385 പേർക്ക്. 2016 ഡിസംബർ 30നു നിലവിൽ വന്ന ഈ റാങ്ക് ലിസ്റ്റിലെ അവസാന നിയമന ശുപാർശ 2020 സെപ്റ്റംബര്‍ 14നായിരുന്നു.

നിയമനനില: ഒാപ്പൺ മെറിറ്റ്–334, ഈഴവ–361, എസ്‌സി–796, എസ്ടി–എല്ലാവരും, മുസ്‌ലിം–411, എൽസി/എഐ–552, ഒബിസി–363, വിശ്വകർമ–469, എസ്ഐയുസി നാടാർ–555, ഹിന്ദു നാടാർ–508, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–511. ഭിന്നശേഷി: എൽവി–5, എച്ച്ഐ–5, എൽഡി/സിപി–9.‌ 

English Summary:

KSEB Assistantengineer-shortlist-news-updates-thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com