ADVERTISEMENT

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നടപ്പാക്കുന്ന തസ്തികനിർണയം തസ്തികനിരോധനമായി മാറാതിരിക്കാൻ സർക്കാരും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും ശ്രദ്ധിക്കണം. കുറച്ചു കാലമായി പുതിയ തസ്തിക സൃഷ്ടിക്കാത്തതിനാൽ വിരമിക്കൽ, സ്ഥാനക്കയറ്റം ഒഴിവുകളിൽ മാത്രമാണു ഹയർ സെക്കൻഡറിയിൽ നിയമനം നടക്കുന്നത്. തസ്തികനിർണയത്തോടെ ഇതും കുറയുമോ എന്ന ആശങ്കയിലാണു തൊഴിലന്വേഷകർ.

തസ്തികനിർണയത്തോടെ പ്ലസ് വണ്ണിലും പ്ലസ് ടുവിലും 25 വിദ്യാർഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്തിക ഇല്ലാതാകും. സംസ്ഥാനത്ത് ഇത്തരം 129 ബാച്ചുകൾ ഉണ്ടെന്നാണു വിവരം. ഈ സ്കൂളുകളിലെ അധ്യാപക നിയമനത്തെ തസ്തികനിർണയം സാരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

എയ്ഡഡ് ഹയർ സെക്കൻഡറി മേഖലയിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ മാത്രമായിരുന്നു ഇതുവരെ കണക്കെടുപ്പു നടത്തിയിരുന്നത്. ഇനി തസ്തിക നിലനിർത്താനും ഇതുതന്നെയാവും അടിസ്ഥാനമാക്കുക. സർക്കാർ സ്കൂളുകളിൽ ബാച്ചുകൾ അനുവദിക്കുന്നതിനൊപ്പവും വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവയുടെ അടിസ്ഥാനത്തിലുമാണു തസ്തിക അനുവദിക്കുന്നത്. തസ്തികനിർണയത്തോടെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനും പുനർവിന്യസിക്കാനും കഴിയും. കുട്ടികൾ കുറഞ്ഞാൽ തസ്തിക നഷ്ടപ്പെടും. പുതിയ നിയമനത്തിനും സാധ്യത കുറയും. അധിക അധ്യാപകരുടെ പുനക്രമീകരണത്തിനു ശേഷമേ സ്ഥാനക്കയറ്റം, വിരമിക്കൽ ഒഴിവിൽപോലും നിയമനം നടക്കൂ. പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം പ്രതീക്ഷിക്കുന്നവർക്ക് ഇതു വലിയ തിരിച്ചടിയാകും.

കുറച്ചു നാളായി ഹയർ സെക്കൻഡറിയിൽ വലിയതോതിൽ അധ്യാപക നിയമനം കുറഞ്ഞിട്ടുണ്ട്. മുൻപൊക്കെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുന്നവരിൽ പകുതിയിലേറെപ്പേർക്കു നിയമനം ലഭിച്ചിരുന്നത് ഇപ്പോൾ ഗണ്യമായി കുറഞ്ഞു. ഏപ്രിൽ 12നു കാലാവധി അവസാനിക്കുന്ന എച്ച്എസ്എസ്ടി കൊമേഴ്സ് ജൂനിയർ റാങ്ക് ലിസ്റ്റ് പ്രധാന ഉദാഹരണമാണ്. 3 വർഷമെത്താറായിട്ടും ലിസ്റ്റിലെ 8% പേർക്ക് മാത്രമാണു നിയമന ശുപാർശ ലഭിച്ചത്.

സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള നിയന്ത്രണം വളരെക്കാലമായുണ്ട്. തസ്തികനിർണയത്തോടെ ഈ സാഹചര്യം ഗുരുതരമായേക്കാം. തസ്തികനിർണയവും അധ്യാപക പുനർവിന്യാസവും ഉറപ്പാക്കുമ്പോൾ, അതിന്റെ പേരിൽ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസരം കുറയില്ലെന്നും സർക്കാർ ഉറപ്പുവരുത്തണം. 

English Summary:

Higher Secondary Teacher Posts Editorial Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com