ADVERTISEMENT

സഹകരണമേഖലയിൽ ജോലി സ്വപ്നം കാണുന്നവർ ഏറെക്കാലമായി കാത്തിരുന്നതാണ് ‘കേരളത്തിന്റെ സ്വന്തം ബാങ്ക്’ ആയ കേരള ബാങ്കിലേക്കുള്ള പരീക്ഷ. പുതുതായി ജോലിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കു നേരിട്ടും സഹകരണമേഖലയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കു സർവീസ് ക്വാട്ടയിലൂടെ തസ്തികമാറ്റം വഴിയും കേരള ബാങ്കിൽ ഉദ്യോഗസ്ഥരാകാൻ അവസരമൊരുക്കിയാണ് അടുത്തിടെ പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കിയത്. മേയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാനതീയതി.

ഒരു നിമിഷം പോലും പാഴാക്കാതെ ഇപ്പോൾ മുതൽ ചിട്ടയായി പഠനം തുടങ്ങിയാൽ ‘ഇഷ്ടജോലി’ കൈപ്പിടിയിൽ ഒതുക്കാം. ഏതു പരീക്ഷയാണെങ്കിലും കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ വിജയത്തിലേക്ക് എത്താൻ കഴിയൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സഹകരണമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു തസ്തികയിലേയ്ക്കാണ് നിങ്ങൾ ഒരുങ്ങുന്നതെന്ന് ഓർക്കുക– കേരള ബാങ്ക് ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കും ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്കും. ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുകയും ചെയ്യാം.

അവസരം ആർക്കൊക്കെ? ക്ലാർക്ക്/കാഷ്യർ തസ്തികയുടെ വിശദാംശങ്ങൾ:

∙യോഗ്യത: ബികോം (കോഓപ്പറേഷൻ)/ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും എച്ച്ഡിസി/ജെഡിസി കോഴ്സ് വിജയവും അല്ലെങ്കിൽ മണ്ണുത്തി അഗ്രികൾചർ യൂണിവേഴ്സിറ്റി നടത്തുന്ന നാലു വർഷ ബികോം (കോഓപ്പറേഷൻ ആൻഡ് ബാങ്കിങ്).

∙പ്രായപരിധി: 40 വയസ്സ്. വിവിധ വിഭാഗങ്ങൾക്കു പിഎസ്‌സി നൽകുന്ന പ്രായപരിധി ഇളവുകൾ ഇവിടെ ബാധകമാകും.

∙തസ്തികമാറ്റത്തിന് പ്രാഥമിക കാർഷിക വായ്പ സംഘങ്ങളിലോ അർബൻ ബാങ്കുകളിലോ മൂന്നു വർഷം സമാനതസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്ന 50 വയസ്സുവരെ പ്രായക്കാർക്ക് അപേക്ഷിക്കാം.

സിലബസ്/തയാറെടുപ്പ്

ക്ലാർക്ക്/കാഷ്യർ പരീക്ഷയുടെ സിലബസ് പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ, ഏപ്രിൽ 23നു പിഎസ്‌സി നടത്തിയ കേരള ബാങ്ക് ക്ലാർക്ക്/ക്യാഷ്യർ എൻസിഎ സംവരണക്കാർക്കുള്ള പരീക്ഷയുടെ സിലബസ് മാതൃകയാക്കി പഠിച്ചുതുടങ്ങാം.

∙ഇംഗ്ലിഷിലായിരിക്കും പരീക്ഷ.

∙കോഓപ്പറേഷൻ, കേരള സഹകരണം നിയമവും ചട്ടവും, ഓഡിറ്റ്, ബാങ്കിങ് എന്നീ ഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

∙ഐടി ആൻഡ് സൈബർ ലോ, കേരള നവോത്ഥാനം, ആനുകാലികം എന്നിവകൂടി പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു.

∙സബ്ജക്ട് വിഷയങ്ങൾ (കോഓപ്പറേഷൻ, കേരള സഹകരണ നിയമവും ചട്ടവും, ഓഡിറ്റ്, ബാങ്കിങ്) ഇപ്പോഴേ പഠിച്ചുതുടങ്ങുന്നതാണ് ഉചിതം. ജനറൽ വിഷയങ്ങൾ കൃത്യമായ സിലബസ് വന്നതിനു ശേഷം പഠിക്കാവുന്നതേയുള്ളൂ.

∙പുതിയ സഹകരണ നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പുവച്ചത് അറിഞ്ഞിരിക്കുമല്ലോ. ഗസറ്റ് വിജ്ഞാപനം വരുന്നതോടെ ഈ നിയമം പ്രാബല്യത്തിലാകും. നിലവിലുള്ള നിയമവുമായി ഒട്ടേറെ വ്യത്യാസം വരുന്ന സാഹചര്യത്തിൽ ഭേഗഗതി ചെയ്ത നിയമം വളരെ ആഴത്തിൽ പഠിക്കേണ്ടിവരും.

∙മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ അതുപോലെ ചെയ്തു പഠിക്കുന്ന രീതി ഇത്തവണ മതിയാകില്ല. പുതിയ രീതിയിലുള്ള ചോദ്യങ്ങൾ തന്നെ ചെയ്തു പഠിച്ചാൽ മാത്രമേ പരീക്ഷ സമയം ക്രമീകരിക്കാനുള്ള തന്ത്രം മനസിലാകുകയുള്ളു.

∙പ്രസ്താവനാരീതിയിലുള്ള ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ സമയമെടുക്കും. അതുകൊണ്ട് അത്തരം ചോദ്യങ്ങൾ കൂടുതലായി ചെയ്തുപഠിക്കാം.

പരീക്ഷാരീതി

പിഎസ്‌സി നടത്തുന്ന പരീക്ഷ ആയതിനാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് നെഗറ്റീവ് മാർക്ക് ആണ്. നിലവിൽ സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകൾക്കു നെഗറ്റീവ് മാർക്ക് ഇല്ലാത്ത പരീക്ഷ എഴുതി ശീലിച്ചവർ പിഎസ്‌സിയുടെ രീതിക്കനുസരിച്ചു മാതൃകാപരീക്ഷകൾ എഴുതി ശീലിക്കണം. നെഗറ്റീവ് മാർക്ക് ഉള്ളതുകൊണ്ടുതന്നെ വ്യക്തമായി അറിയുന്ന ചോദ്യങ്ങൾക്കു മാത്രമേ ഉത്തരം എഴുതാവൂ.

∙പിഎസ്‌സിയുടെ പുതിയ രീതി അനുസരിച്ച് പ്രസ്താവനാ ചോദ്യങ്ങൾ (Statement Questions) ധാരാളമായി പ്രതീക്ഷിക്കണം.

∙ബികോം കോഓപ്പറേഷൻ യോഗ്യതയുള്ളവർക്കു വിവിധ തസ്തികകളിലേക്ക് ഏപ്രിൽ 23നു പിഎസ്‌സി നടത്തിയ ചോദ്യ പേപ്പർ വിശകലനം ചെയ്താൽ ചോദ്യങ്ങളുടെ ഘടന മനസ്സിലാക്കാം. അതിനനുസരിച്ചു വേണം ഒരുക്കങ്ങൾ.

∙വിഷയങ്ങൾ ആഴത്തിലും ആശയം കൃത്യമായും മനസ്സിലാക്കി പഠിക്കുന്നവർക്ക് എളുപ്പത്തിൽ വിജയം നേടാം.

∙വരാനിരിക്കുന്ന ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയ്ക്കും ഇതേ പരീക്ഷാരീതി പ്രതീക്ഷിക്കണം. ഈ തയാറെടുപ്പ് അതിനുകൂടി ഗുണം ചെയ്യും.

പുതിയ രീതിയിലുള്ള കേരള ബാങ്ക് പരീക്ഷയ്ക്കായി അടുത്ത ലക്കത്തിൽ തൊഴിൽവീഥി പ്രത്യേക പരിശീലനം ആരംഭിക്കുകയാണ്. കാത്തിരിക്കുക. 

English Summary:

Kerala Bank Exam PSC updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com