ADVERTISEMENT

പതിനാറാം നൂറ്റാണ്ടിന്റെ മനോഹാരിതയ്ക്ക് തെല്ലും ഭംഗി ചോരാതെ, അധികം യാത്രികരാൽ കണ്ടെടുക്കപ്പെടാതെ പോയ ഒരിടമുണ്ട്, അതും സഞ്ചാരികളുടെ പ്രിയപ്പെട്ട ഗോവയിൽ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ? കടലിന്റെ ഭംഗിയും ഭക്ഷണവും ഒക്കെ ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഗോവ, വെക്കേഷൻ കാലം അടിച്ചു പൊളിക്കാൻ പറ്റിയ ഡെസ്റ്റിനേഷൻ.എന്നാലിപ്പോഴും അധികമാരും പോയിട്ടില്ലാത്ത ഇടങ്ങൾ ഇവിടെയുണ്ട്. ഗോവയിൽ പനാജിയിൽ നിന്ന് പത്തു കിലോമീറ്റർ അകലെയാണ് ഡൈവേർ ഐലൻഡ്. പഴയ ഗോവയിലെ ഫെറി സർവീസുമായി ബന്ധിപ്പിക്കുന്ന ഒരിടം കൂടിയാണ് ഈ പുരാതനമായ ഇടം. ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി എത്തുന്നത്. ഗോവ എന്നാൽ പറയപ്പെടുന്ന അല്ലെങ്കിൽ പൊതുവിൽ ആഘോഷിക്കപ്പെടുന്ന ഇടങ്ങളുടെ ലിസ്റ്റിൽ ഡൈവേർ ഐലൻഡ് ഇല്ലാത്തതാണ് കാരണം. 

ഗോവയിലെ മറ്റു ഡെസ്റ്റിനേഷനുകളെ അപേക്ഷിച്ച് ശാന്തമായ വഴികളും ഇടവുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.  പോർച്ചുഗീസ് മാതൃകയിൽ പണിത പഴയ വീടുകളാണ് ഇപ്പോഴും ഇവിടെയുള്ളത്. അതോടൊപ്പം വിശാലമായ വയലുകളും പഴയ ശൈലിയിലുള്ള പള്ളികളും ഇവിടെയുണ്ട്. കൊങ്കണി ഭാഷയിൽ ചെറിയ ഗ്രാമം എന്ന അർത്ഥമുള്ള പേരിൽ നിന്നാണ് ഡൈവേർ എന്ന വാക്കു തന്നെയുണ്ടായത്. പ്രത്യേകിച്ച് എടുത്തു പറയാൻ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനല്ല ഡൈവേർ ഉള്ളത്. പകരം നാടൻ ചായക്കടകളും ഗ്രാമീണരും വയലും കാടും ഒക്കെയുള്ള ഒരു തനി ഗ്രാമമാണ്. അതായത് സ്വാഭാവികമായ ആഘോഷ രീതികളുള്ള ഗോവയിൽ നിന്നും ഏറെ വ്യത്യാസപ്പെട്ട ശാന്ത സുന്ദരമായ ഒരിടം. 

goa-island
Sri Saptakoteshwar Temple built by Kadamba Kings in Divar island. Image Source: Matjoe/shutterstock

പണ്ട് കാലത്ത് ഹൈന്ദവരുടെ തീർത്ഥാടന കേന്ദ്രമായിരുന്നു ഇത്. ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ പലയിടങ്ങളിലേക്കായുണ്ട്, എന്നിരുന്നാലും ഇപ്പോഴും അതിന്റെ ഓർമപ്പെടുത്തലുകൾ നിറഞ്ഞ അടയാളങ്ങൾ ഡൈവേർ ഐലൻഡിലുണ്ട്. മൂന്ന് ഗ്രാമങ്ങൾ ചേർന്നതാണ് ഡൈവേർ ഐലൻഡ്. ചെറു കുന്നുകളുടെ ഒക്കെ താഴെയാണ് ഇവയിൽ പലതും സ്ഥിതി ചെയ്യുന്നത്. ഇത്തരം മലകളുടെ മുകളിൽ നിന്നാൽ താഴെയുള്ള ഗ്രാമീണ ഭംഗി അപ്പാടെ ആസ്വദിക്കാനാകും. ഉപേക്ഷക്കപ്പെട്ട കോട്ടകളും വീടുകളും ഇവിടെയുണ്ട്. പക്ഷെ ഇപ്പോഴും ഇവിടെ ഗ്രാമീണർ താമസമുണ്ട്. അധികം എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്ത സ്ഥലമായതുകൊണ്ടു തന്നെ പഴമയുടെ ഭംഗി ഇതുവരെ ഡൈവേർ ദ്വീപിനു കൈമോശം വന്നിട്ടില്ല. 

ഫെറി വഴിയാണ് ഇവിടേയ്ക്ക് എത്തേണ്ടത്. മൂന്നു ഫെറി സർവീസുകൾ ഇവിടെയുണ്ട്. പഴയ ഗോവയിൽ നിന്നും ഇവിടേയ്ക്ക് ഫെറി സർവീസ് ലഭ്യമാണ്. 

English Summary: Divar island in Goa, India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com