ADVERTISEMENT

മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടുകുത്തിമല തുറന്നതോടെ  സഞ്ചാരികളുടെ തിരക്കും വർധിച്ചു. അവധിയായതോടെ നിരവധിപേരാണ് ഈ മനോഹരയിടത്തേക്കു എത്തിച്ചേരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ കൊടികുത്തിമലയുടെ പ്രകൃതിസൗന്ദര്യവും കുളിരും നുകരാന്‍ എത്തുമെന്നാണ് നിഗമനം. കുറഞ്ഞ ചെലവിൽ കുടുംബവുമൊത്തു ഒഴിവ് ദിനം ആഘോഷമാക്കാൻ മികച്ച ഇടങ്ങളിൽ ഒന്നാണ് ഈ  ഹിൽസ്റ്റേഷൻ.

കടുത്ത വേനലിലും തണുപ്പ് 

മലപ്പുറം ജില്ലയിയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടികുത്തിമല. മലപ്പുറത്തിന്റെ മിനി ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു. വെട്ടത്തൂർ, താഴേക്കോട് ഗ്രാമങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് മലയുടെ സ്ഥാനം. അതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും തണുപ്പുള്ള പ്രദേശമാണിത്. സമീപ ജില്ലയായ പാലക്കാട് നിന്നും ഇവിടേയ്ക്ക് ഏറെ ദൂരമില്ല. ചെറു അരുവികളും വനവും പുൽമേടുകളുമൊക്കെ അതിരിടുന്ന ഈ മലമുകളിൽ നിന്നുള്ള സൂര്യാസ്തമയം  സന്ദർശകരുടെ ഹൃദയം കവരുന്ന കാഴ്ചകളിലൊന്നാണ്.

പശ്ചിമഘട്ടത്തിലെ  അമ്മിണിക്കാടൻ മലനിരകളിൽ  ഏറ്റവും ഉയർന്ന ഭൂപ്രദേശമാണ് കൊടികുത്തിമല. വീശിയടിക്കുന്ന കാറ്റും തണുപ്പുമാണ് പ്രധാനാകർഷണം. അടിവാരം വരെ മാത്രമേ കാറിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. താഴെ നിന്നും മുകളിലേയ്ക്കു നടന്നു കയറണം. പാത അത്ര ദുഷ്കരമല്ലാത്തതു കൊണ്ട് തന്നെ മലമുകളിലേയ്ക്കു എത്തുന്നത്  വലിയ പ്രയാസമില്ലാത്ത കാര്യമാണ്. ഒരു മണിക്കൂറോളം നടന്നാൽ മാത്രമേ മുകളിലേയ്ക്കു എത്താൻ കഴിയുകയുള്ളൂ.

സമീപത്തായി സ്ഥിതി ചെയ്യുന്ന മലനിരകളും പെരിന്തൽമണ്ണ നഗരവും മല മുകളിൽ നിന്നാൽ വ്യക്തമായി കാണാൻ കഴിയും. കൂടാതെ, മലപ്പുറം ജില്ലയിലെ കുറച്ചു പ്രദേശങ്ങളും പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും സന്ദർശകർക്കു കാണാവുന്നതാണ്. മുകളിലേയ്ക്കു കയറുമ്പോൾ വീശുന്ന തണുത്ത കാറ്റും നീരുറവകളും ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെ കൊടികുത്തിമലയിലേക്കുള്ള  യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കും.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അമ്മിനിക്കാടുനിന്ന് ആറുകിലോമീറ്ററാണ് ദൂരം. പെരിന്തല്‍മണ്ണയില്‍നിന്ന് മേലാറ്റൂര്‍ റോഡില്‍ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂര്‍ റോഡ് വഴി ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്സണ്‍ എസ്റ്റേറ്റിനുള്ളിലൂടെയും മലയിലേക്കു റോഡുണ്ട്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും മലമുകളിലെത്താം.

English Summary: Visit Kodukuthimala the mini ooty of Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com