ADVERTISEMENT

‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?’, വൈറ്റില ബസ് സ്റ്റാൻഡിൽ നിന്നും കണ്ടുമുട്ടിയ ഒരു വിദ്വാനോട് വീട് കോഴിക്കോടാണെന്ന് പറഞ്ഞപ്പോൾ ആദ്യം വന്ന ചോദ്യം..

ഓഹോ..അങ്ങനെ ഒരു നാടോ.. ന്താ ആടെയുള്ളത്?’

‘ആടെ മഴയുണ്ട്, ബല്യ മലകളുണ്ട്, റോഡിലൊക്കെ വെള്ളച്ചാട്ടം ഇണ്ട്.’

‘മഴയൊക്കെ ഈടെയില്ലേ?’

.... അല്ലല്ല, ആടെ കൊറേ മഴയുണ്ട്, ഓരോ സമയോം ഓരോ മഴയാ..ഒന്ന് പോയി നോക്കീ..’

ആശാൻ പറഞ്ഞതല്ലേ..നാട്ടിലെത്തി നേരെ വിട്ടത് പൂവാറൻതോട്ടിലേക്കാണ്. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളിലൊന്നാണ് പൂവാറൻതോട്. സദാസമയവും കോടമഞ്ഞുപുതഞ്ഞു കിടക്കുന്ന, കുത്തിയൊലിച്ചൊഴുകുന്ന ചെറു അരുവികളുള്ള, നട്ടുച്ച നേരത്തും സുഖകരമായ തണുപ്പിലമരുന്ന ഗ്രാമം. മഴയത്താണ് ഇറങ്ങിപ്പുറപ്പെടുന്നത് എങ്കിൽ ബൈക്കാണ് മെച്ചം. പക്ഷേ സൂക്ഷിച്ച് ഓടിക്കണമെന്ന് മാത്രം. ആവേശം കാണിച്ചാലോ, ന്യൂട്രൽ ഗിയറിട്ടോ ഓഫ് ചെയ്തോ ഇന്ധനം ലാഭിക്കാൻ ശ്രമിച്ചാലോ വണ്ടി ചിലപ്പോൾ കൊക്കകളിൽ കിടക്കും.!

നല്ല കയറ്റം, ആ കയറ്റങ്ങളിൽ തന്നെ അടപടലം തിരിയാവുന്ന വളവുകൾ. ലൈസൻസ് എടുത്ത കാലത്തെ എട്ടും എച്ചുമെല്ലാം മഞ്ഞിലിരുന്ന് ചിരിക്കും. ഒരു പ്രത്യേക സ്ഥലം കാണാൻ വേണ്ടിയോ പെട്ടെന്ന് ഇറങ്ങിപ്പോകാൻ വേണ്ടിയോ ഈ വഴി വരരുത്. കാരണം നിങ്ങൾ കയറി പോകുന്ന വഴി മാത്രമേ ഇറങ്ങി വരാനുമുള്ളു. എന്നാൽ കാഴ്ചകൾക്ക് പലവഴിയാണ്.

മേടപ്പാറ, ഉടുമ്പുപാറ എന്നിങ്ങനെ 2 വമ്പൻ പാറകളാണ് ഈ നാടിന്റെ പ്രധാന ആകർഷണം. കൂട്ടത്തിൽ ഭീമൻ മേടപ്പാറയാണ്. എന്നാൽ കൃത്യമായ വഴിയുള്ളതും കുറച്ചുകൂടെ എളുപ്പത്തിലുള്ള ട്രക്കിങ്ങും ഉടുമ്പ്പാറയിലേക്കാണ് ഉള്ളത്. ഉടുമ്പ് പാറയുടെ വളരെ അടുത്ത് വരെ കാറുകൾക്കും പിന്നേം കുറേ അടുത്തേക്ക് ഓഫ് റോഡ് വണ്ടികൾക്കും എത്താനാകും. ഇതിന്റെ മുകളിൽ കയറിയിട്ട് എന്താണെന്നല്ലേ?

ആദ്യം ആകാശം കാണാം, പിന്നെ ഭൂമി കാണാം, ചെങ്കുത്തായ മലയുടെ അടിവാരത്തിലൂടെ ഇരുവഴിഞ്ഞിയിലേക്ക് ഒഴുകുന്ന പൊയിലിങ്ങാപ്പുഴയെ കാണാം. നിരനിരയായി കിടന്നുറങ്ങുന്ന മൊട്ടക്കുന്നുകളെ ഇക്കിളിപ്പെടുത്തി കടന്നുവരുന്ന കോടമഞ്ഞിന്റെ വിക‍ൃതികൾ കാണാം. അതിനുള്ളിലാണത്രേ കോഴിക്കോട് ജില്ല മുഴുവനുമുള്ളത്. 300 ഡിഗ്രി തുറന്നു കിടക്കുന്ന ഈ വ്യൂ പോയിന്റിൽ നിന്നും നല്ല തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ അങ്ങ് ദൂരെയുള്ള ചാലിയാർ കണ്ണിൽപ്പെടും, അതിനുമപ്പുറമുള്ള അറബിക്കടലും. മഴ പെയ്തിറങ്ങി പോയ അന്തരീക്ഷമാണെങ്കിൽ പുഴയൊഴുകും വഴി കാണാം. നമ്മുടെ മുടിയിഴകളിൽ നിന്നും ഇറങ്ങിപ്പോയ വെള്ളത്തുള്ളികൾ ചാലുകളായി, അരുവിയായി, പൊയിലിങ്ങാപ്പുഴയിലെ ചെറു കയങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഇരുവഴിഞ്ഞി വഴി ചാലിയാറിലേക്കെത്തി, അവിടെ നിന്ന് അറബിക്കടലിലേക്കെത്തി...ചിന്തിച്ചു നിൽക്കാൻ സമയമില്ല. വയനാടൻ മലനിരകളുടെ മറപറ്റി അടുത്ത മഴ എത്തിക്കഴിഞ്ഞു.

ഉടുമ്പ് പാറയുടെ മുകൾ ഭാഗത്തിന്റെ നടുവിലേക്ക് ആണ് കയറിച്ചെല്ലുന്നയാൾ ആദ്യം എത്തുക. കുറച്ചു മുന്നിലായി 2 ആൾ പൊക്കത്തിൽ ഒരു പച്ചപ്പ് കാണും. കാലിൽ നിന്നും അട്ടപ്പുഴു എന്ന ചോരകുടിയൻ ലീച്ചിനെ എടുത്ത് കളഞ്ഞിട്ട് അതിനരുകിലേക്ക് നടക്കുക. അടുത്ത് എത്തുമ്പോഴെ അതിനുള്ളിലെ വഴി കാണൂ. കുനിഞ്ഞ് നടന്നാൽ കാട് കഴിയുമ്പോൾ നടു നിവർത്താം. തലപൊക്കി നോക്കുന്നത് മറ്റൊരു കാഴ്ചയിലേക്ക് ആയിരിക്കും. നമുക്ക് മുന്നിൽ തടസങ്ങളൊന്നുമില്ല. മഴ മേഘങ്ങൾക്കുള്ളിലിരുന്ന് താഴെ തിമിർത്ത് പെയ്യുന്ന മഴയുടെ ശബ്ദം കേട്ടിട്ടുണ്ടോ..ദം ബിരിയാണിച്ചെമ്പ് തുറക്കുമ്പോൾ കിട്ടുന്ന ഒരു സുഖമില്ലേ,. അതുപോലെയാണ്.. മനസ്സ് നിറ‍ഞ്ഞുപോകും.

കഠിന കഠോരമീ മേടപ്പാറ

മേടപ്പാറയിലേക്കുള്ള വഴി അൽപം കഠിനമാണ്. കൂടരഞ്ഞി –പൂവാറൻതോട്– കല്ലംപുല്ല് റോഡിൽ മേടപ്പാറ ജംക്‌ഷനിൽ നിന്നും വലത് വശത്തേക്കുള്ള വഴിയാണ് മേടപ്പാറയിലേക്കുള്ളത്. ഈ വഴിയിൽ നിന്നു വീണ്ടും വലത് വശത്തേക്ക് തിരിഞ്ഞാണ് ഉടുമ്പ് പാറയിലേക്ക് പോകുന്നത്. റോഡിൽ കയറി അര കിലോമീറ്റർ കഴിയുമ്പോഴേക്കും വലതു വശത്തായി കോടമഞ്ഞ് എടുത്തണിഞ്ഞ് ഭീമാകാരമായ പാറയോട് കൂടിയ മലനിര കാണാം. അതാണ് മേടപ്പാറ മല. സൂക്ഷിച്ച് നോക്കിയാൽ പ്രദേശവാസികൾ അതിന് മുകളിൽ സ്ഥാപിച്ച കുരിശും കാണാം. നേർത്ത വര പോലെ!

കുറച്ച് മുന്നോട്ട് പോകുമ്പോഴേക്കും റോഡിലെ ടാർ പിണങ്ങി നിൽക്കും. മുന്നോട്ട് പോകണമെങ്കിൽ‌ നിങ്ങൾ തന്നെ പൊയ്ക്കോളീ എന്ന് പറയുന്ന പോലെ തോന്നും. ജനവാസം കുറ‍ഞ്ഞ മേഖലയാണിത്. ഓഫ് റോഡ് വാഹനങ്ങളും ബൈക്കുകളും ഉണ്ടെങ്കിൽ ആസ്വദിച്ച് മലകയറാം. റോഡിലേക്ക് എത്തിനോക്കി പോകുന്ന ചെറു അരുവികളിൽ മുഖം കഴുകി ഉഷാർ വീണ്ടെടുക്കാം. ഈ അരുവികളെല്ലാം കാട്ടിൽ നിന്നുള്ള ഉറവകളിൽ നിന്നാണ് ജനനമെടുക്കുന്നത്. നിലമ്പൂർ കാടിന്റെ ഭാഗമാണ് മേടപ്പാറ ഉൾപ്പെടുന്ന കാട്. റോ‍ഡിനരുകിൽ ഇടയ്ക്കിടയ്ക്ക് ആനത്താരകൾ കാണാം. ആന നടക്കുന്ന ഈ വഴികളെ നടുവെ മുറിച്ചുകൊണ്ടാണ് റോഡ് വന്നത്. ഉറുമ്പിന്റെ വഴി തെറ്റിക്കുന്നത് പോലെയൊരു നീക്കമായി അത്. ആനകളുടെ വരവ് കുറഞ്ഞു. കാട്ടുപന്നിയും മാൻ ഇനങ്ങളെയും പക്ഷികളെയും നായ് വർഗങ്ങളെയും പശ്ചിമഘട്ടത്തിന്റെ ജൈവവർണങ്ങളിൽ പലതും ഇവിടെ നമുക്ക് മുന്നിലേക്കെത്തും. കക്കാടംപൊയിൽ നായാടംപൊയിൽ എന്നിവിടങ്ങളിലേക്കാണ് ഈ റോഡ് എത്തുന്നത്. ആനയോ മറ്റ് ജീവികളോ ഉള്ള സമയമാണെങ്കിൽ പട്രോളിങ് നടത്തുന്ന ഫോറസ്റ്റ് ജീവനക്കാർ യാത്രാനുമതി നിരസിക്കും.

ഉടുമ്പുപാറയുടെ മുകളിൽ കയറിയിട്ട് എന്താണെന്നല്ലേ? ആദ്യം ആകാശം കാണാം, പിന്നെ ഭൂമി കാണാം, ചെങ്കുത്തായ മലയുടെ അടിവാരത്തിലൂടെ ഇരുവഴിഞ്ഞിയിലേക്ക് ഒഴുകുന്ന പൊയിലിങ്ങാപ്പുഴയെ കാണാം.
ഉടുമ്പുപാറയുടെ മുകളിൽ കയറിയിട്ട് എന്താണെന്നല്ലേ? ആദ്യം ആകാശം കാണാം, പിന്നെ ഭൂമി കാണാം, ചെങ്കുത്തായ മലയുടെ അടിവാരത്തിലൂടെ ഇരുവഴിഞ്ഞിയിലേക്ക് ഒഴുകുന്ന പൊയിലിങ്ങാപ്പുഴയെ കാണാം.

ഈ റോഡിൽ നിന്നും കുത്തനെ മല കയറിവേണം മേടപ്പാറയിലേക്കെത്താൻ. വഴി അറിയാവുന്ന ആൾ കൂടെ ഇല്ലേൽ കാട്ടിൽ വഴി തെറ്റും. മരത്തിലും കാട്ടുവള്ളികളിലും പിടിച്ച് കയറണം. ഇടയ്ക്ക് തോടുകളും വലിയ പാറകളും കടക്കണം. മുളങ്കാടാണ്, ഇടയ്ക്ക് എത്തുന്ന കാറ്റ് മുളന്തണ്ടുകളിൽ സംഗീതമൊരുക്കും. എന്നാൽ മഴക്കാലത്ത് ഈ പാട്ട് ഉണ്ടാകില്ല. മഴ മുളങ്കാടുകളിൽ പെയ്തിറങ്ങുന്ന മറ്റൊരു പാട്ടുണ്ടാകും. കാടിന്റെ വന്യതയിൽ അത് മാത്രം മുഴങ്ങിക്കേൾക്കും. കടുത്ത വേനലിൽ ഈ മലകളിലേക്കുള്ള പ്രവേശനം നിഷേധിക്കും. തീപിടിത്ത സാധ്യത കുറയ്ക്കാൻ വേണ്ടിയാണിത്. കയറ്റത്തേക്കാൾ കഠിനം മലയിറക്കമാണ്. പക്ഷേ അൽപം സാഹസികത ഉള്ളിലുണ്ടെങ്കിൽ ഈ സ്ഥലം നിങ്ങളെ വശീകരിച്ചുകളയും.



മുളങ്കാടുകൾക്കിടയിലെ ആനത്താരകളിൽ കൂടി

മേടപ്പാറയുടെ മുകളിൽ കയറിക്കഴിഞ്ഞാൽ വിനയവീനീതനായി താഴെ ഉടുമ്പുപാറയെ കാണാം. ട്രാഫിക് സിഗ്നലിൽ നിർത്തുമ്പോൾ വലിയ പാണ്ടി ലോറിയിലെ ഡ്രൈവർമാർ സ്കൂട്ടർ യാത്രികരെ പുച്ഛത്തോടെ നോക്കുന്ന ഒരു നോട്ടമില്ലേ, അതേ നോട്ടം ഉടുമ്പ് പാറയിലേക്ക് എറിയാം. പാറ കയറിയെത്തുന്നത് കാട്ടിലേക്ക് കൂടെയാണ്. ഇതിനുള്ളിൽ സജീവമായ ആനത്താരകൾ ഉണ്ട്. മഴ വെള്ളം വീണ് ആവി കെട്ടടങ്ങിയ പിണ്ടങ്ങളൊക്കെ ഉള്ളിലേക്ക് കയറിയാൽ കാണാം. ആന സ്ഥിരമായി കടന്നു പോരുന്ന വഴികളിലേക്ക് ചെരിഞ്ഞു നിൽക്കുന്ന പാറകൾ രസകരമാണ്. ആനയുടെ കറുത്ത പുറംതോൽ ഉരഞ്ഞ് ഉരഞ്ഞ് പാറകൾ കൂടുതൽ മിനുസമുള്ളതായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ കാട്ടിലേക്ക് കയറുന്നത് അത്ര സുരക്ഷിതമല്ല, മുളങ്കാടുകൾക്കിടയിൽ നമ്മളെയും നോക്കി നിശബ്ദമായി കാട്ടാനക്കൂട്ടം ഉണ്ടാകും.

മലമുകളിൽ നിന്നാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ മേലെ കണ്ണെത്തിക്കാം. ചെറുകുന്നുകളിലൂടെ താഴേക്ക് പതിക്കുന്ന അരുവികളുടെ ‘വെള്ളിച്ചാട്ടങ്ങൾ’ കാണാം. തൊട്ടുതാഴെയായി പൂവാറൻതോടിനെ കാണാം. ഈ നാട്ടിലെ പ്രധാന കൃഷി ഇപ്പോൾ ജാതിയാണ്. മുൻപ് അടയ്ക്കയും, തെങ്ങും, വാഴയും, റബറുമൊക്കെയായിരുന്നു. തിരുവിതാംകൂറിൽ നിന്നും മധ്യകേരളത്തിൽ നിന്നുമുണ്ടായ കുടിയേറ്റ സമയത്താണ് ഈ മലനിരകളിലേക്ക് ജനങ്ങൾ എത്തുന്നത്. കോളറയും മഞ്ഞപ്പിത്തവും കാട്ടാനയടക്കമുള്ള വന്യജീവി ശല്യവും ഉണ്ടായിരുന്ന ഇവിടം ഇന്നത്തെ പൂവാറൻതോട് ആയി മാറുന്നതിൽ പൂർവികർക്ക് വലിയ പങ്കുണ്ട്. കാപ്പി, കൊക്കോ, കുരുമുളക്, ഏലം തുടങ്ങിയവ ഇടവിളയായും അല്ലാതെയും കൃഷി ചെയ്യുന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. ഉടുമ്പ് പാറയിലേക്ക് പോകുന്ന വഴിക്കിരുവശവുമുള്ളത് ജാതിക്കയും കാപ്പിയും കൊക്കോയുമാണ്. വെറുതെ പറിച്ച് തിന്നാൻ നോക്കണ്ട. ചോക്ലേറ്റ് കഴിക്കുമ്പോൾ കിട്ടുന്ന രുചിയൊന്നും അസംസ്കൃത വസ്തുവായ കൊക്കോയ്ക്ക് ഇല്ല.

അടയ്ക്കാ കമുകുകൾക്ക് മഴക്കാലത്ത് ഉണ്ടാകുന്ന രോഗ ബാധയാണ് മഹാളി എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഫംഗസ് ബാധ. ചെറു അടക്കകളിൽ‌ ചീയൽ വന്ന് കൊഴിഞ്ഞുപോകും. കോടമഞ്ഞ് തോട്ടങ്ങളിലേക്ക് കയറുന്നതോടെ അതിന്റെ ചിറകിലേറി മറ്റ് തോട്ടങ്ങളിലേക്ക് രോഗം ബാധിക്കും. പൂവാറൻതോട്ടിൽ മഴയുടെ തുടക്കത്തിലെത്തുന്ന പലർക്കും ഈ രോഗം തടയാനായി നടത്തുന്ന മരുന്നടി കാണാനുള്ള ഭാഗ്യം ഉണ്ടാകാറുണ്ട്. നീളൻ തോട്ടികളിൽ പമ്പ് വലിച്ചു കെട്ടി, കമുകിൽ നിന്ന് കമുകിലേക്ക് പറന്ന് കയറുന്ന കാഴ്ച, അടയ്ക്കാ കുലകളിലും, ഓലകളിലും തട്ടി ഇളം നീലനിറമാർന്ന മരുന്നിന്റെ തുള്ളികൾ വായുവിൽ ചിതറിപ്പടരും. അഹങ്കാരം കൂടിയവ താഴെയുള്ള ഇലകളിലേക്ക് എത്തും. ദിവസങ്ങളോളം ഈ തുള്ളിപ്പാടുകൾ ആ ഇലകളിലുണ്ടാകും.


പൂ വാരാൻ കഴിയുന്ന തോട്


പൂവാറൻതോടിന്റെ പേര് അൽപം വെറൈറ്റി ആണ് ല്ലേ?, പൂവും ആറും തോടുകളുമുള്ള പ്രദേശമായതിനാലാണ് ഈ പേര് കിട്ടിയതെന്ന് പറയുന്നവരുണ്ട്. പൂമരങ്ങൾ ധാരാളമുണ്ടായിരുന്ന ഇവിടെ അരുവികളിലൂടെയും പുഴയിലൂടെയും അവ ഒഴുകിയെത്തും. തട്ടുതട്ടായി ഒഴുകുന്ന പുഴയിലെ കയങ്ങളിൽ കറങ്ങിത്തിരിഞ്ഞ് കരയോട് ചേർന്ന് ഒഴുകും. ആദിമകാലത്ത് ഇവിടെയുണ്ടായിരുന്ന ആദിവാസി വിഭാഗങ്ങൾ പൂ വാരാൻ കഴിയുന്ന തോട് എന്ന് ഉപയോഗിച്ച് തുടങ്ങിയത് പൂവാറൻ തോട് ആയതെന്നും പറച്ചിലുണ്ട്. മുതുവാൻ വിഭാഗത്തിലുൾപ്പെട്ട കുടുംബങ്ങൾ ഇവിടെയുണ്ട്.

പുഴയുടെ ഒത്ത നടുക്ക് ആനയേക്കാൾ വലുപ്പമുള്ള ഉരുളൻ പാറ, അതിനെ തള്ളിയിടാൻ താൽപര്യമില്ലാതെ ഇരുവശത്ത് കൂടെയുമൊഴുകുന്ന പുഴ. കാലവർഷം കനക്കുമ്പോൾ കാട്ടിൽ നിന്നുള്ള ഉരുൾപൊട്ടി എത്തുന്ന വെള്ളത്തിനു മുന്നിൽപോലും ഇളകാതെ നിൽക്കുന്ന പാറ.ആ ധീരതയെ നാട്ടുകാർ ആനയോട് ചേർത്ത് വിളിച്ചു. ആ പാറ ആ സ്ഥലത്തിന്റെ ഒരേയൊരു ലാൻഡ്മാർക് ആയി. അതാണ് ആനക്കല്ലുംപാറ. തൊട്ടരുകിലെ വെള്ളച്ചാട്ടം ആനക്കല്ലുംപാറ വെള്ളച്ചാട്ടവുമായി.

മഴക്കാലത്തും തുലാമഴയുടെ സമയത്തും പുഴയ്ക്ക് ദേഷ്യമാണ്. ആരും അടുത്തേക്ക് പോലും ചെല്ലാത്തതാകും നല്ലത്. ശാന്തമായി ഒഴുകുന്ന പുഴയിൽ ഉൾക്കാട്ടിൽ പെയ്യുന്ന മഴയുടെ വെള്ളം പെട്ടെന്ന് കുതിച്ചെത്തും. പരിചയമില്ലാത്തവർ, നീന്താൻ അറിയാത്തവർ ഒക്കെ പകച്ചുപോകും. അപകടത്തിൽ പെടും. എന്നാൽ പശ്ചിമഘട്ട നദികളുടെ സൗന്ദര്യം കണ്ട് ആസ്വദിക്കാനുള്ള സമയമാണിത്. മുഴക്കത്തോടെ പുഴ മലയിറങ്ങി പോകുന്നത് കണ്ടു നിൽക്കാം. വെള്ളച്ചാട്ടത്തിന് കുറുകേ പാലമുണ്ട്. റോഡുമുണ്ട്. ചുമ്മാ കണ്ട് നിന്നാൽ തന്നെ ഒരു കുളിയുടെ കുളിർമ ഉള്ളിൽ കയറും.


ടൂറിസം വകുപ്പ് ഏറ്റെടുത്തിട്ടില്ല!


ഈ പുഴയിൽ വലുതും ചെറുതുമായ ധാരാളം വെള്ളച്ചാട്ടങ്ങൾ ഉണ്ട്. പുഴയിലൂടെ ഒന്ന് സ‍ഞ്ചരിച്ചാൽ ഇവയിലേക്ക് എത്താം. സൂക്ഷിക്കണം, വെള്ളം എപ്പോൾ വേണമെങ്കിലും എത്താം. ഇവിടെയുള്ള ഒരു സ്ഥലവും ടൂറിസം വകുപ്പ് ഏറ്റെടുത്തിട്ടില്ല എന്നതിനാൽ സ്വകാര്യ ഭൂമിയിലൂടെ ആയിരിക്കും വെള്ളച്ചാട്ടങ്ങളിലേക്കും വ്യൂ പോയിന്റുകളിലേക്കും എത്താൻ കഴിയുക.

ആനക്കല്ലുംപാറ അങ്ങാടിയുണ്ട്. ചായയയും അത്യാവശ്യ സാധനങ്ങളൊക്കെ ഇവിടെ ലഭിക്കും. ഒരു കയറ്റത്തിന്റെ തുടക്കത്തിലാണ് കടകളുടെ ഇരിപ്പ്. തൊട്ടടുത്ത് ഒരു അയ്യപ്പൻ ക്ഷേത്രമുണ്ട്. ഡിസംബർ– ജനുവരി മാസങ്ങളിൽ മണ്ഡലകാലത്തോട് അനുബന്ധിച്ച് നടക്കുന്ന ഉത്സവും അഗ്നി പൂജയും പ്രശസ്തമാണ്. വ്രതത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന അയ്യപ്പന്മാർ അഗ്നികുണ്ഡത്തിന് നടുവിലൂടെ നടക്കും. ശരീരത്തിൽ ശൂലം കുത്തി ന‍ൃത്തമാടും.

താഴെയുള്ള നിരപ്പിൽ നിന്നും യാത്ര തുടങ്ങുന്ന കയറ്റം വെള്ളച്ചാട്ടത്തിൽ മുങ്ങിനിവർന്ന് കല്ലംപുല്ലിലേക്ക് എത്തും. പിന്നെയങ്ങോട്ട് വിശാലമായ ജാതിത്തോട്ടമാണ്. ക്രിസ്മസ് ട്രീ സ്റ്റൈലിൽ ജാതി മരങ്ങൾ കുന്നുകളിലിൽ തനതായ ഇടം കണ്ടെത്തി നിൽക്കുന്നത് സുഖകരമായ കാഴ്ചയാണ്. ചിലപ്പോഴൊക്കെ ഇത് വാഗമണ്ണിലെയോ വട്ടവടയിലെയോ മൊട്ടക്കുന്നുകളെ ഓർമിപ്പിക്കും. ഈ തോട്ടങ്ങൾക്കും നടുവിലൂടെ അനേകം അരുവികൾ ഒഴുകുന്നുണ്ട്. കയറ്റം കയറിത്തുടങ്ങുന്നത് വരെയുള്ള നാടല്ല..പിന്നെയങ്ങോട്ട് എന്ന് സാരം. വൻ മരങ്ങളുടെ ഇലച്ചാർത്തുകളില്ലാതെ ജാതിമരങ്ങളിലേക്ക് പെയ്തിറങ്ങുന്ന മഴ ഏറ്റവും സൗന്ദര്യം പ്രാപിക്കുന്നത് വൈകുന്നേരങ്ങളിലാണ്. കാടോത്തിക്കുന്നിന്റെ കൈകളിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന സുവർണ നിറമുള്ള വെയിലും മഴയും കണ്ടുമുട്ടുന്നത് അപ്പോഴാണ്.

ഇവിടെയുള്ളതിൽ ഏറ്റവും ഉയരം കൂടിയ കൊടിക്കൽ മലയിലേക്ക് പൊതുവേ സഞ്ചാരികൾ പോകാറില്ല. പ്രാദേശികവാസികളുടെ സഹായമുണ്ടെങ്കിൽ അവിടെയും കയറാം. മുഴുവൻ സമയവും ആളെപ്പോലും പറത്തുന്ന കാറ്റാണ് അവിടെ. കല്ലംപുല്ലിലെ വാഴത്തോട്ടങ്ങൾക്കും റിസോർട്ടുകൾക്കും നടുവിൽ നിന്നാൽ കാണാം. തലയുയർത്തി ഉറ്റയ്ക്ക് നിൽക്കുന്ന കൊടിക്കൽ മലയെ, ചിലപ്പോഴൊക്കെ കോടമഞ്ഞിന്റെ വിശുദ്ധവലയവും കാണാം. പൂവാറൻതോട്ടിലെ ഏക സ്കൂൾ സർക്കാറിന്റെ ഗവൺമെന്റ് സ്കൂളാണ്. വലിയ മൈതാനത്തിനരുകിലായി മലനിരകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ബാക്ഗ്രൗണ്ട് കൂടെ സെറ്റ് ചെയ്താണ് സ്കൂളിന്റെ നിൽപ്.

നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുണ്ട്. അല്ലേലും മഴ കണ്ട്, മലകയറിയിറങ്ങി എത്തുന്നവർക്ക് നല്ല വിശപ്പായിരിക്കും. മഴ കൂടെ ഉണ്ടേൽ കുശാൽ.


കപ്പേള സിനിമയുടെ ലൊക്കേഷൻ
മലയാള സിനിമകളുടെ ഷൂട്ടിങ് ലിസ്റ്റിലും ഈ നാട് ഇടംപിടിച്ചുകഴിഞ്ഞു. കപ്പേള സിനിമയ്ക്കായി വരച്ച് ചേർത്ത മമ്മൂട്ടിയും മോഹൻലാലും കടകളുടെ ഭിത്തിയിൽ ഇപ്പോഴുമുണ്ട്. കുറേ രാത്രിയാകുന്നതിനും മുന്നേ തിരിച്ചിറങ്ങണം. വളവുകളും ഇറക്കവുമുള്ള വഴികളായതിനാൽ രാത്രി യാത്ര അത്ര സുഖകരമാകില്ല. തിരിച്ചിറങ്ങുന്ന സമയം രാത്രി ആയാൽ ഒറ്റപ്ലാവ് വ്യൂ പോയിന്റ്, ലിസ വളവ് എന്നിവിടങ്ങളിൽ വണ്ടി നിർത്തി ചുമ്മാ നോക്കണം. ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾക്കു നടുവിൽ ഉറങ്ങാൻ പോകുന്ന ജില്ലയെ കാണാം. പ്രധാന ടൗണുകളെ ഒക്കെ ഇവിടുത്തുകാർ ഈ ലൈറ്റിൽ നിന്നും ഉയർന്ന് നിൽക്കുന്ന കെട്ടിടങ്ങളിൽ നിന്നും പള്ളികളിൽ നിന്നും സ്പോട് ചെയ്ത് തരും.

പോകുന്ന വഴിക്ക് ഉറുമി വെള്ളച്ചാട്ടങ്ങളും ഡാമുകളുമൊക്കെയുണ്ട്. പറയാത്തത് ഇത് പൂവാറൻതോടിന്റെ മാത്രം കഥ ആയതിനാലാണ്. മഴയെക്കുറിച്ച് പറയാതെ ആ കഥ പൂർണമാവുകയുമില്ല. വൈറ്റില സ്റ്റാൻഡിൽ നിന്നും പരിചയപ്പെട്ട ആ ചെറുപ്പക്കാരൻ പറഞ്ഞത് എത്രയോ ശരിയാണ്. ഇവിടെ പെയ്തിറങ്ങുന്ന മഴയുടെ ഭാവവും താളവും മുഖവും തീരുമാനിക്കുന്നത് നനയുന്ന മനുഷ്യൻ കൂടെയാണ്. ഒരു മഴ തന്നെ പലർക്കായി പലതായി പെയ്യും. ഇവിടെ മല കയറിയെത്തുന്ന മഴയുണ്ട്, മലമുകളിൽ പെയ്യുന്ന മഴയുണ്ട്. ചിരിക്കുന്ന മഴയുണ്ട്, കരയുന്ന മഴയുണ്ട്. ചേർത്ത് പിടിക്കുന്ന മഴയുണ്ട്, കോടമഞ്ഞിൽ പെയ്യുന്ന മഴയുണ്ട്..പിന്നെയും എത്രയെത്ര മഴ.! മഴയില്ലാക്കാലത്തും ഈ നാട്ടിലേക്ക് നിങ്ങൾക്ക് എത്താം. നല്ല തണുപ്പ് ഉണ്ടാകും...റിസോർട്ടുകളും മലനിരകളും പാറക്കെട്ടുകളും ഇവിടെയുണ്ടാകും. അപ്പോഴും...മഴ മാത്രം.

Content Summary : If you are looking for a peaceful and scenic place to visit in Kerala, Poovaranthode is a great option.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com