ADVERTISEMENT

‘‘തേക്കടിയുടെ മനോഹര പ്രഭാതം. മഞ്ഞിൽ കുളിച്ച മരക്കുറ്റികളും നീരാവി പൊങ്ങുന്ന തടാകവും പക്ഷികളുടെ കളകളാരവവും തികഞ്ഞ നിശ്ശബ്ദത നിറഞ്ഞ വന്യതയും ആരെയും വശീകരിക്കുന്ന പ്രകൃതി സൗന്ദര്യവും ഒത്തിണങ്ങിയ ഈ കാഴ്ച തേക്കടിക്കു മാത്രം സ്വന്തം. ഇത് ഏതാനും വർഷങ്ങൾക്കു മുമ്പ് എടുത്ത ചിത്രം. ഇന്ന് ഇങ്ങനെ ഒരു ചിത്രം എടുക്കാൻ അവസരമില്ല കാരണം അന്ന് ഫസ്റ്റ് ബോട്ട് സർവീസ് രാവിലെ 6 മണിക്ക് തുടങ്ങുമായിരുന്നു. ഇന്ന് കേരള ടൂറിസം വളർന്നു വളർന്ന് രാവിലത്തെ ബോട്ട് സർവ്വീസ് ആരംഭിക്കുന്നത് ഏഴരയ്ക്കും എട്ടു മണിക്കുമൊക്കെയാണ്. പ്രഭാതത്തിന്റെ പ്രകൃതി ഭംഗി ഏതാനും മണിക്കൂറുകൾ കൊണ്ട് തീരും. ടൂറിസം സർക്കാർ ഓഫിസുകൾ പോലെ ആയിക്കഴിഞ്ഞാൽ മനുഷ്യനു നഷ്ടപ്പെടുന്നത് നന്മയുള്ള കാഴ്ചകളാണ്’’ – ഫൊട്ടോഗ്രഫർ സഖറിയ പൊൻകുന്നം സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. 46 വർഷങ്ങളായി ഫൊട്ടോഗ്രഫിയെ ജീവിതത്തിന്റെ ഭാഗമാക്കിയൊരാൾ, എൺപതിൽപരം ചിത്രങ്ങൾക്ക് അവാർഡും ലഭിച്ചിട്ടുണ്ട്. നല്ല ചിത്രങ്ങൾക്കു വേണ്ടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാനും തയാർ. പക്ഷേ അതിനുള്ള അവസരം നിഷേധിക്കപ്പട്ടാലോ? കേരളത്തിൽ ടൂറിസംമേഖല മെച്ചപ്പെടുത്താൻ പല നടപടികളും ആലോചിക്കുമ്പോഴും അടിസ്ഥാന പ്രശ്നങ്ങൾ അങ്ങനെതന്നെ നിൽക്കുന്നു. സഖറിയ പൊൻകുന്നം മനോരമ ഓൺ‍ലൈനോടു സംസാരിക്കുന്നു.

 

വർഷങ്ങൾക്കു മുൻപ് തേക്കടിയിൽ കണ്ട കാഴ്ച

25 വർഷമായിട്ടും എന്റെ ഹൃദയത്തിൽ നിന്ന് മായാത്ത ചിത്രം. നാല് ദേശീയ അവാർഡുകൾ നേടി തന്ന ചിത്രം. ഡിജിറ്റലിന്റെ കാലത്തെ പോലെ ഒരു സെക്കന്റിൽ പത്തും ഇരുപതും ഫ്രെയിം എടുക്കാൻ പറ്റാത്ത ഫിലിമിന്റെ കാലത്തെടുത്ത ചിത്രം. ഒറ്റ ക്ളിക്ക്. അടുത്ത ക്ലിക്കിന് ഫിലിം വൈൻഡ് ചെയ്യുമ്പോഴേക്കും ഡിസൈൻ മാറി പോകുന്ന നിമിഷങ്ങൾ. തേക്കടിയിലെ ഒരു ബോട്ടുയാത്രയിൽ 25 വർഷങ്ങൾക്ക് മുൻപ് എടുത്ത ചിത്രം. Gods own painting image by Zacharia Ponkunnam.
25 വർഷമായിട്ടും എന്റെ ഹൃദയത്തിൽ നിന്ന് മായാത്ത ചിത്രം. നാല് ദേശീയ അവാർഡുകൾ നേടി തന്ന ചിത്രം. ഡിജിറ്റലിന്റെ കാലത്തെ പോലെ ഒരു സെക്കന്റിൽ പത്തും ഇരുപതും ഫ്രെയിം എടുക്കാൻ പറ്റാത്ത ഫിലിമിന്റെ കാലത്തെടുത്ത ചിത്രം. ഒറ്റ ക്ളിക്ക്. അടുത്ത ക്ലിക്കിന് ഫിലിം വൈൻഡ് ചെയ്യുമ്പോഴേക്കും ഡിസൈൻ മാറി പോകുന്ന നിമിഷങ്ങൾ. തേക്കടിയിലെ ഒരു ബോട്ടുയാത്രയിൽ 25 വർഷങ്ങൾക്ക് മുൻപ് എടുത്ത ചിത്രം. Gods own painting image by Zacharia Ponkunnam.

 

വെളുപ്പിനെയുള്ള തേക്കടി ബോട്ട് യാത്രകളിൽ സൂര്യൻ ഉദിച്ചു വരുന്നിടത്തേക്കാണ് യാത്ര. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭവമാണ്. രാത്രി മുഴുവൻ മഞ്ഞുവീണു കിടന്ന തടാകത്തിലേക്കു സൂര്യപ്രകാശം വന്നു വീഴുമ്പോൾ നീരാവി ഉയരുന്നു, തടാകത്തിലെ മരക്കുറ്റികൾ, പറന്നുയരുന്ന പക്ഷികൾ... ഒരു ഗോൾഡൻ ഇഫക്ടാണ് പ്രകൃതി അവിടെ ഒരുക്കിയിരിക്കുന്നത്. യാത്രകളിൽ അന്ന് ഞാൻ ശ്രദ്ധിച്ചൊരു കാര്യം, ഒരു മലയാളി പോലും ബോട്ടിൽ ഇല്ല, വിദേശികളാണ് ഈ കാഴ്ചകൾക്കായി ടിക്കറ്റ് എടുത്തിരിക്കുന്നത്. വിദേശത്തുള്ളവർ നമ്മുടെ നാട്ടിലേക്ക് എത്തുന്നത് നമ്മുടെ നാടിനെക്കുറിച്ച് നന്നായി പഠിച്ചിട്ടാണ്. മലയാളികളുടെ ലക്ഷ്യം ആന, കടുവ പോലുള്ള മൃഗങ്ങളെ കാണുന്നതാണെന്നു തോന്നുന്നു, പ്രകൃതി ദൃശ്യം കാണാൻ നമ്മുടെ നാട്ടിലുള്ളവർക്കു താൽപര്യം കുറവാണ്. തേക്കടി പോലുള്ള മനോഹര സ്ഥലങ്ങളിൽ ഇനിയെങ്കിലും രാവിലെ ആറിന് ബോട്ട് സഫാരി തുടങ്ങണം, ശരിക്കുള്ള തേക്കടിയുടെ ഭംഗി കാണാൻ പറ്റിയ സമയം അതാണ്. കേരളത്തിൽ ടൂറിസം വികസിപ്പിക്കാൻ ഏറ്റവും മികച്ചൊരു തീരുമാനമായിരിക്കും സമയക്രമത്തിലെ മാറ്റം. ഇതിനായി താൽപര്യമുള്ള ഉദ്യോഗസ്ഥർ മുൻപോട്ടു വരണം.

 

uttarakhand
ഉത്തരാഖണ്ഡിലെ അതിരാവിലെയുള്ള സഫാരി. ചിത്രം സഖറിയ പൊൻകുന്നം

ഈ സ്ഥലങ്ങളൊക്കെ തുറന്നു കൊടുത്താൻ സന്ദർശകർ എത്തും

 

ഇടുക്കിയിലെ രാജമലയിലൊക്കെ പണ്ട് വെളുപ്പിനെ പ്രവേശനമുണ്ടായിരുന്നു. ഇപ്പോൾ 8 മണിക്കാണ് പ്രവേശനം. ആ സമയം ലൈറ്റ് വളരെ ഫ്ലാറ്റ് ആകും. ഞാനെവിടെ പോയാലും 6 മണിക്കു ഡെസ്റ്റിനേഷനിൽ എത്തും. ഈ സ്ഥലങ്ങളൊക്കെ അതിരാവിലെ തുറന്നു കൊടുത്താൽ യാത്രക്കാർ സ്വാഭാവികമായും ഇവിടേക്ക് എത്തും. ഇവിടെ നിന്നുള്ള ചിത്രങ്ങൾ ആളുകളിലേക്ക് എത്തുന്നതിലൂടെ കൂടുതൽ സഞ്ചാരികള്‍ ആ സ്ഥലത്തേക്ക് എത്തും. വനപ്രദേശങ്ങളിലേക്കുള്ള യാത്രയിൽ മൃഗങ്ങളുടെ ചിത്രങ്ങൾ എടുക്കുക മാത്രമായിരിക്കരുത് ലക്ഷ്യം. പ്രകൃതിയുടെ പല രൂപ ഭാവങ്ങൾ അവിടുണ്ട്. ഇതൊക്കെ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം സഞ്ചാരികൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്.

Landscape

 

കേരളത്തിനു വെളിയിൽ വനയാത്രകൾ അതിരാവിലെ

 

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷനൽ പാർക്ക് ഉത്തരവാദിത്തത്തോടെ സഞ്ചാരികളെ സ്വീകരിക്കുന്ന സ്ഥലമാണ്. രാവിലെ 5.30 ന് സഫാരിക്കുള്ള വണ്ടിവരും, അതിൽ കൊണ്ടുപോയി 10 മണിയാകുമ്പോൾ തിരിച്ചു കൊണ്ടുവരും. പ്രഭാത ഭക്ഷണത്തിനു ശേഷം ആവശ്യത്തിന് വിശ്രമിച്ച്, മൂന്ന് മണിക്കു വീണ്ടും സഫാരിക്കു കൊണ്ടുപോകും. സൂര്യാസ്തമയത്തിനു ശേഷം തിരിച്ചുവരും. ഓരോ സ്ഥലവും അവർക്ക് അറിയാം. എവിടെയൊക്കെ മൃഗങ്ങൾ ഏതൊക്കെ സമയത്ത് ഇറങ്ങും എന്നൊക്കെ അവർ മനസ്സിലാക്കി വച്ചിട്ടുണ്ട്. അതനുസരിച്ച് വണ്ടിയിൽ നിന്നും ഇറങ്ങാതെ കാത്തിരുന്നു കാഴ്ചകൾ കാണിച്ചു തരും. ഇതിലും വനസമ്പത്തുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നു ചെയ്യുന്നില്ല എന്നത് വളരെ കഷ്ടമാണ്. അവരെങ്ങനെ വനത്തെ ഉപയോഗിക്കുന്നു എന്നത് നമ്മുടെ വനംവകുപ്പ് കണ്ടു പഠിക്കേണ്ട കാര്യമാണ്. നമുക്ക് ഇഷ്ടം പോലെ വനമുണ്ട്, ഇത് പൂഴ്ത്തികെട്ടി വച്ചിരിക്കുകയാണ്. കോടിക്കണക്കിനു വരുമാനം ഉണ്ടാക്കാനുള്ള വനപ്രദേശങ്ങളുണ്ട്. ഇതൊക്കെ ആർക്കു വേണ്ടി സൂക്ഷിച്ചു വച്ചിരിക്കുകയാണ്. പ്രകൃതിയെ നശിപ്പിക്കാതെ തന്നെ ടൂറിസ്റ്റുകളെ കാണിച്ച് ഉത്തരവാദിത്വത്തോടെ തിരിച്ചു വിടാവുന്നതാണ്. ആദ്യം തന്നെ സ്റ്റേറ്റിനോട് കൂറുള്ള ഉദ്യോഗസ്ഥർ വരണം. സ്ഥലങ്ങൾ നാടിനു ഗുണമുള്ള രീതിയിൽ നാട്ടുകാരെ കാണിക്കണമെന്നും അങ്ങനെ നല്ല വരുമാനം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നുമുള്ള ചിന്ത വേണ്ടപ്പെട്ടവരുടെ ‘തലയിൽ’ ഇല്ല എന്നത് അത്യന്തം വേദനയുളവാക്കുന്നതാണ്.

 

ഇവിടുള്ളവരെയല്ലേ ആദ്യം കാണിക്കേണ്ടത്

 

വിദേശത്തുനിന്നു വ്ലോഗേഴ്സിനെ കൊണ്ടുവന്നു നല്ല കാഴ്ചകൾ കാണിച്ചിട്ട് എന്തു പ്രയോജനം? പണം മുടക്കി പുറത്തുനിന്നു യൂട്യൂബേഴ്സിനെയും മറ്റും ഇവിടെ താമസിപ്പിച്ച് അതിരാവിലെയുള്ള കാഴ്ചകളുടെ വിഷ്യൽസ് എടുത്ത് വിഡിയോയാക്കും. ഇവിടുള്ള ആൾക്കാർക്ക് 9 മണിക്ക് ശേഷം അതേ സ്ഥലത്ത് പ്രവേശനം നൽകുകയും ചെയ്യുന്നത് എന്തുകൊണ്ട്? എവിടെയെങ്കിലും അപകടം ഉണ്ടായി എന്നു പറഞ്ഞ് അതിന്റെ ശരിയായ കാര്യ കാരണങ്ങൾ കണ്ടെത്താതെ, ആ സമയത്ത് അവിടെ ബോട്ട് ഓടിക്കാൻ പാടില്ല എന്നു കണ്ണും പൂട്ടി തീരുമാനിക്കുന്നതല്ലല്ലോ അതിന്റെ മര്യാദ.

 

ഏറ്റവും നല്ല വരുമാനമാർഗമാണ് ടൂറിസം

 

സർക്കാരിന് ഏറ്റവും നല്ല വരുമാനമാർഗമാണ് ടൂറിസം. വലിയ മുടക്കില്ലാതെ ഇഷ്ടം പോലെ കാശ് കിട്ടും. പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന ഇടത്തിലേക്കു മനുഷ്യനെ നിയന്ത്രിച്ച് കയറ്റി വിട്ട് അവിടം കാണിച്ചാൽ മാത്രം മതി. തേക്കടിയിലൊക്കെ എന്തൊക്കെ ‘കുനിഷ്ട്’ നിയമമാണ് ഉണ്ടാക്കി വച്ചിരിക്കുന്നത്. ഇപ്പോൾ തേക്കടിക്കു പോകണമെങ്കിൽ കുമളിയിൽ വണ്ടി ഇട്ടിട്ട് (അതിനൊരു ഫീസ്) അവിടുന്ന് വേറെ ഫീസ് കൊടുത്ത് വണ്ടിയിൽ കയറിയുള്ള യാത്ര. ഒരു തവണ വന്നാൽ പിന്നെ ഒരിക്കലും ഈ വഴിക്കു പുറപ്പെടാത്ത അവസ്ഥ. ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ആത്മാർഥമായി ജോലി ചെയ്തില്ലെങ്കിൽ ടൂറിസത്തിന്റെ വളർച്ചയ്ക്ക് മന്ത്രി എന്തൊക്കെ പറഞ്ഞിട്ടും കാര്യമുണ്ടാകില്ല.

 

സന്ദർശകർ അതിരാവിലത്തെ എത്തില്ല എന്നു പറയാൻ പറ്റില്ല, വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു കഴിയുമ്പോൾ ജനം വരും. പ്രകൃതിയുടെ മാന്ത്രിക ലൈറ്റിങിനെക്കാൾ ഭംഗിയുള്ള എന്തുണ്ട്?

 

പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ നിലവിലെ പ്രവേശന സമയം

  • ഗവി (പത്തനംതിട്ട) – 8 മണി
  • തേക്കടി (ഇടുക്കി) – 8 മണി
  • ഇല്ലിക്കൽകല്ല് (കോട്ടയം) – 8.30 AM
  • പൊൻമുടി (തിരുവനന്തപുരം) - 9 ന് ശേഷം
  • ജടായുപ്പാറ – 9 ന് ശേഷം
  • അതിരപ്പിള്ളി വെള്ളച്ചാട്ടം (തൃശ്ശൂർ) – 8 AM
  • സൂചിപ്പാറ വെള്ളച്ചാട്ടം (വയനാട്) – 8.30 AM
  • വയനാട്ടിലെ ഫോറസ്റ്റ് സഫാരി – 7.00 AM
  • തോൽപ്പെട്ടി – 7.00 AM
  • വയനാട്ടിലെ ഇടയ്ക്കൽ കേവ് (8.30 AM – 4.00PM വരെ)
  • കുറുവ ദ്വീപ് – 9 AM

    Content Summary : The concept of "right time right place tourism" for the best possible experience. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com