ADVERTISEMENT

നമ്മൾ എല്ലാവരും പ്രണയിക്കുന്ന ചില പ്രിയദർശൻ മാജിക്കുകളുണ്ട്, പ്രണയം പങ്കുവയ്ക്കാൻ, വിരഹം മാറോടണച്ച് എങ്ങോട്ടെങ്കിലും യാത്ര തിരിക്കാൻ, കാത്തിരിപ്പിന്റെ കയ്പ്പുനിര് നുകർന്ന് ഒരാൾക്കായി നോക്കിയിരിക്കാൻ, എല്ലാം പ്രിയദർശൻ ദൃശ്യവത്കരിച്ചത് ഒരു റയിൽവേ സ്റ്റേഷനിലായിരുന്നു. എല്ലാ മലയാളികൾക്കും എങ്ങനെ നോക്കിയാലും കണക്ട് ചെയ്യാൻ സാധിക്കുന്ന ആ റയിൽവേ സ്റ്റേഷൻ നമുക്കൊക്കെ ചിരപരിചിതമാണ്. നമ്മളിൽ പലരും ചിന്തകളിലെങ്കിലും അവിടെ അൽപ്പനേരം പോയിനിന്നിട്ടുണ്ടാകും. മുതലമട റയിൽവേ സ്റ്റേഷൻ എന്നുപറഞ്ഞാൽ നമുക്ക് ചിലപ്പോൾ മനസിലാകണമെന്നില്ല. എന്നാൽ മേൽപ്പറഞ്ഞ സിനിമ രംഗങ്ങൾ ഓർക്കുമ്പോഴെല്ലാം തെളിഞ്ഞുവരുന്ന സ്റ്റേഷനാണത്. പലരുടേയും ഇഷ്ടലൊക്കേഷനായ മുതലമടയിലേയ്ക്ക് നടത്തിയ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശാലീൻ സോയ.

 

 

“ വെട്ടം സിനിമയോടും ഈ ലൊക്കേഷനോടുമുള്ള എന്റെ ഇഷ്ടം എന്നോട് അടുപ്പമുള്ളവർക്കറിയാം. വിന്റേജ് പ്രിയദർശൻ സിനിമകളിലെ ഇതിഹാസ മുഹൂർത്തങ്ങൾ നമ്മൾ കണ്ട ഇടം. ഞാൻ വിന്റേജ് മലയാളം സിനിമകളുടെ ആരാധികയാണ്. എന്നും എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന് ഇവിടെ നിന്നും തുടങ്ങുന്ന ഇല്ലത്തെ കല്യാണത്തിന് ആണ്.  ഈ സ്ഥലം എക്കാലവും എന്റെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കും. “ 

 

പാലക്കാടിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാനാവില്ല

 

ശാലിന്റെ ഇൻസ്റ്റാ പോസ്റ്റിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്. പ്രിയദർശൻ ചിത്രങ്ങളുടെ ആരാധിക ഇങ്ങനെയെല്ലാതെ പിന്നെ എങ്ങനെയാണ് ഈ മനോഹരമായ സ്ഥലത്തെ പ്രശംസിക്കുക. പലപ്പോഴായി കണ്ടിട്ടുണ്ടെങ്കിലും മുതലമടയിലേയ്ക്കുള്ള തന്റെ ആദ്യ യാത്രയായിരുന്നു ഇതെന്ന് ശാലീൻ പറയുന്നു. പ്രിയൻ സിനിമകളിലെ പ്രധാന കഥാപാത്രത്തെ ഒന്നുകാണണമെന്ന് ഒത്തിരിനാളായുള്ള ആഗ്രഹമായിരുന്നു. പാലക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ ഒരു ദിവസം നിൽക്കാം എന്ന പ്ലാനിലാണ് യാത്ര ആരംഭിക്കുന്നത്. അവന്റെ ഉമ്മ ടീച്ചറും നല്ലൊരു യാത്രികയുമാണ്. അങ്ങനെ അവിടെയെത്തി ചിറ്റൂർ പുഴയിലൊന്ന് മുങ്ങിക്കുളിച്ച് അടിച്ചുപൊളിച്ച് നടക്കുന്ന സമയത്താണ് വെള്ളാരംകുന്ന്മല  ഡാമിലേക്ക് ഒരു ഡ്രൈവ് പോകാം എന്ന് പ്ലാനിടുന്നത്. അതിമനോഹരമായൊരു സ്ഥലമാണത്. പുറമേ പറയപ്പെടുന്നത് പാലക്കാട് പൊതുവേ നല്ല ചൂടുള്ള നാടാണ് എന്നാണല്ലോ. എന്നാൽ ഈ വെള്ളാരംകുന്ന് മല, കൊല്ലംകോട്, മുതല മട എന്നി സ്ഥലങ്ങളൊന്നും നമുക്ക് അത്തരമൊരു ഫീൽ നൽകില്ല. നല്ല കാലാവസ്ഥയാണ് സത്യത്തിൽ പാലക്കാടിന്റേത്. രാത്രിയിലൊക്കെ ഒന്ന് വന്നിരിക്കാൻ തോന്നുന്ന സ്പോട്ടുകളാണ് ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ. ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൊല്ലങ്കോട് കുറച്ച് തിരക്കേറിയ സ്ഥലമായി മാറിയിട്ടുണ്ട്. ആളുകളുടെ കടന്നുകയറ്റം ഇവിടുത്തെ വഴികളിലും മറ്റും പ്ലാസ്റ്റികും വേയ്സ്റ്റുമായെല്ലാം പ്രതിധ്വനിപ്പിക്കുന്നുണ്ട്. എന്നാലും ഇവിടമൊക്കെ സ്വർഗ്ഗം പോലെ മനോഹരമാണെന്നതാണ് സത്യം. 

 

 

ആദ്യമായിട്ടാണ് മുതലമട റയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നതെങ്കിലും നമ്മൾ പലവട്ടം കണ്ടുപരിചിതമായ ഒരിടത്തിൽ എത്തിയതുപോലെ തോന്നി അവിടെ നിന്നപ്പോൾ. പുതിയ പ്ലാറ്റ്ഫോം ഈയടുത്താണ് നിർമ്മിച്ചത്. സുഹൃത്തിന്റെ ഉമ്മ പറഞ്ഞത്, പ്ലാറ്റ്ഫോം ഇല്ലാത്തപ്പോഴായിരുന്നു സ്റ്റേഷൻ കാണാൻ ഇതിലും ഭംഗിയെന്ന്. കുറേനേരം ഞാനവിടെ സമയം ചെലവഴിച്ചു. ഒരു മെഡിറ്റേഷൻ പോലെയാണ് എനിക്ക് അവിടെ ചെലവഴിച്ച സമയമത്രയും തോന്നിയത്. എന്ത് ഭംഗിയാണ് പാലക്കാടിന്റെ ഓരോ സ്ഥലങ്ങൾക്കും, യാത്രകളും മലയാളസിനിമയും സ്നേഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഒരിക്കലെങ്കിലും ഇവിടെ ഒന്ന് സന്ദർശിക്കണം, കുറച്ചുസമയം ഈ സ്റ്റേഷനിലിരുന്ന് നമ്മുടെ സ്വപ്നങ്ങളുടെ തീവണ്ടികയറി ദൂരെയ്ക്ക് യാത്ര ചെയ്യാം. ശാലിന്റെ വാക്കുകളിൽ നിന്നും മുതലമടയെന്ന സ്ഥലത്തിന്റെ മനോഹാരിത നമുക്ക് ഇങ്ങനെ വർണ്ണിക്കാം. 

 

 

പാലക്കാടൻ യാത്രയിൽ ഏറ്റവും കൂടുതൽ കണ്ട കാഴ്ച ഗ്രാമഭംഗിയാണ്. ഡ്രൈവ് ചെയ്ത് പോകുമ്പോൾ പലപ്പോഴും പ്രധാന വഴിയിൽ നിന്നും മാറി ചെറിയ വഴികളിലൂടെ സഞ്ചരിച്ചിരുന്നു. അപ്പോഴൊക്കെ ചെറിയ ചെറിയ വീടുകളും വഴിത്താരകളും പാടങ്ങളും കൃഷിയിടങ്ങളുമെല്ലാം കാണാനായി. ശരിക്കും ഓരോ നാടിന്റേയും ഉള്ളറകളിലേക്ക് ഇറങ്ങി യാത്ര ചെയ്യുമ്പോഴാണ് കൂടുതൽ മനോഹരമായ കാഴ്ചകൾ കാണാനാകുന്നത്. ഇതുപോലെയുള്ള സ്ഥലത്ത് ഒരു കുഞ്ഞുവീട് വച്ച് താമസിക്കണെന്ന ഒരു ആഗ്രഹവുമുണ്ടെനിക്ക്. ഉമ്മയടക്കം ഞങ്ങൾ അഞ്ചുപേരായിരുന്നു ആ യാത്രയിലുണ്ടായിരുന്നത്. പുഴയിൽ കുളിയ്ക്കണമെന്ന് പറഞ്ഞപ്പോൾ ഉമ്മയാണ് സപ്പോർട്ട് ചെയ്ത് കൂടെ നിന്നത്. ഇനിയും ഇതുപോലെയുള്ള പുഴകളും കുളങ്ങളുമെല്ലാം യാത്രകളിലൂടെ കണ്ടുപിടിച്ച് അവിടെയൊന്നിറങ്ങി കുളിയ്ക്കണമെന്നാഗ്രഹിക്കുന്നുണ്ട്. സ്വിമ്മിംഗ് പൂളിനേക്കാളൊക്കെ സന്തോഷം നൽകുന്നത് ഇത്തരം സ്ഥലങ്ങൾ തന്നെയാണ്. ആളുകൾ എന്തുചിന്തിക്കും എന്നൊന്നും വിചാരിച്ച് നമ്മുടെ സന്തോഷങ്ങൾക്ക് കൂച്ചുവിലങ്ങിടേണ്ട കാര്യമില്ല. ഇതുപോലെയുള്ള ചെറിയ സന്തോഷങ്ങൾ നേടാൻ നമ്മൾ ആരേയും വേദനിപ്പിക്കുന്നൊന്നുമില്ലല്ലോ. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആഘോഷിക്കാനുള്ളതാണ്. 

 

ലോക്കൽ ബസിൽ കയറി കറങ്ങിനടക്കണം

 

പബ്ലിക്ക് ട്രാൻസ്പോർട്ടേഷനിൽ യാത്ര ചെയ്യാൻ തനിക്കിഷ്ടമാണെന്ന് ശാലീൻ പറയുന്നു. നോർത്ത് ഇന്ത്യയിൽ യാത്ര നടത്തിയപ്പോഴും അജ്മീരിൽ പോയപ്പോഴും യാത്ര ചെയ്യാൻ തെരഞ്ഞെടുത്തത് ബസായിരുന്നു. എസിയുള്ള വിഡിയോകോച്ച് ബസ്സൊന്നുമല്ല, സാധാരണ ലോക്കൽ ബസ്, ആ നാട്ടിലെ ആളുകൾ നിറച്ചുള്ള ആ ബസിൽ കയറിപ്പോകുമ്പോൾ നമ്മളും അവരിലൊരാളാണെന്ന് തോന്നും. അതുപോലെ ഹിമാലൻ യാത്രകളിൽ കാണുന്ന ബസ് യാത്രയും രസമാണ്. തിങ്ങിനിറഞ്ഞ് ആളുകൾ ഉണ്ടാകുമെങ്കിലും നമുക്ക് ഒരിക്കലും അങ്ങനെ അനുഭവപ്പെടില്ല, പകരം നല്ല സമാധാനത്തോടെ യാത്ര ചെയ്യുന്ന അനുഭൂതിയായിരിക്കും ലഭിക്കുക. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യണമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അധികം ഇവിടെ ട്രാവൽ ചെയ്യാൻ സാധിച്ചിട്ടില്ല., പക്ഷേ നോർത്ത് ഇന്ത്യയിലുടനീളം പബ്ലിക്ക് ട്രാൻപോർട്ടേഷനിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. 

 

 

അജ്മീറിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ ഓർത്തിട്ടുണ്ട്, ഈ ആളുകൾ ഇങ്ങനെ തിങ്ങിനിറഞ്ഞ് പോകുമ്പോൾ എന്ത് ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ. പക്ഷേ അവരിലൊരാളായി ആ യാത്രയുടെ ഭാഗമായി മാറിയപ്പോൾ ആ തിരക്കുകളൊന്നും നമുക്ക് അനുഭവപ്പെടില്ല എന്ന് മനസിലാക്കാനായി.ജീപ്പിന്റെ മുകളിലിരുന്ന് യാത്ര ചെയ്തത് എനിക്ക് മറക്കാൻ പറ്റാത്ത അനുഭവമാണ്. അജമീറിൽ താമസസ്ഥലത്തുനിന്നും കുറച്ച് തിരക്കുള്ള സ്ഥലത്തേയ്ക്ക് പോകണമെങ്കിൽ അല്ലെങ്കിൽ അടുത്ത പ്രദേശത്തേയ്ക്ക് പോകാൻ ഈ ജീപ്പുകൾ മാത്രമാണുണ്ടാവുക. അതൊക്കെ നമുക്ക് യാത്രകളിൽ നിന്നും ലഭിക്കുന്ന ബോണസ് പോയിന്റുകളാണ്. നമ്മുടെ നാട്ടിൽ നിന്നും വളരെ വ്യത്യസ്തമാണ് യൂറോപ്യൻ രാജ്യങ്ങളിലെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ. അവിടെയൊക്കെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയുള്ളതാണെന്ന് തോന്നിയിട്ടുണ്ട്. ലണ്ടനിലൊക്കെ യാത്ര ചെയ്ത സമയത്ത് അവിടുത്തെ പൊതുഗതാഗതം വളരെ പ്ലാൻഡ് ആയി ചെയ്തിരിക്കുന്നതായി നമുക്ക് കാണാം. നമ്മുടെ നാട്ടിലും ഇപ്പോൾ മികച്ച സർവ്വീസ് ലഭിക്കുന്നുണ്ട് എന്നുതന്നെ പറയാം. മെട്രോയടക്കം നല്ല രീതിയിൽതന്നെയാണ് നമ്മുടെ പൊതുഗതാഗതവും പ്രവർത്തിക്കുന്നത്. 

 

 

ബക്കറ്റ് ലിസ്റ്റിനേക്കാൾ സംഭവിച്ചുപോകുന്ന മൊമെന്റുകളെയാണ് എനിക്കിഷ്ടം

 

 

വൈകുന്നേരങ്ങളാണ് എനിക്കേറ്റവും ഇഷ്ടമുള്ള സമയം. നമ്മുടേതായ കുറച്ചുസമയം ചെലവഴിക്കാൻ ഏറ്റവും നല്ലത് വൈകുന്നേരങ്ങളാണ്. ഈയടുത്ത് ഞാൻ വിയറ്റ്നാമിൽ പോയപ്പോൾ കുറേയേറെ നല്ല ഓർമ്മകളാൽ മനസുനിറഞ്ഞു. മിക്കവാറും ഒറ്റയ്ക്കാണ് എന്റെ യാത്രകളൊക്കെയും. പക്ഷേ അവിടെ എത്തുന്നതുവരെ മാത്രം. ചെല്ലുന്നയിടങ്ങളിലെല്ലാം പെട്ടെന്ന് സൗഹൃദങ്ങൾ ലഭിക്കും. വിയറ്റ്നാമിൽ ഞാൻ പോകുന്നത് ഉത്സവ സമയത്താണ്. രാത്രിയിൽ പോലും നിറയെ ലൈറ്റുകളും വിളക്കുകളുമായി അതിമനോഹരമായ നിമിഷങ്ങളായിരുന്നു അവിടെ ചെലവഴിച്ചതത്രയും. അവിടെ വച്ച് പരിചയപ്പെട്ട കൂട്ടുകാരിയും ഞാനും കൂടിയാണ് വിയറ്റ്നാം മുഴുവൻ കണ്ടത്. വൈകുന്നേരം ബഞ്ചിലിരുന്ന് വർത്തമാനം പറഞ്ഞതും നല്ലൊരു സൂര്യാസ്തമയവും രാത്രിയുടെ സൗന്ദര്യവും എല്ലാം ആസ്വദിക്കാനായതുമെല്ലാം ഒട്ടും പ്ലാനില്ലാതെ സംഭവിച്ചതാണ്. അതുകൊണ്ടാണ് ബക്കറ്റ് ലിസ്റ്റിലെ രാവിലെ മുതൽ വൈകുന്നേരം വരെ നിങ്ങൾ ഇതൊക്കെയാണ് ചെയ്യേണ്ടത് എന്ന സ്ഥിരം പല്ലവിയെ വിട്ട് സംഭവിച്ചുപോകുന്ന നിമിഷങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നത്. ആ മൊമെന്റുകളായിരിക്കും നമ്മൾ എന്നും ഓർത്തിരിക്കുക. 

 

 

നിലവിൽ സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന മിനുക്കുപണി തിരക്കിലാണ് ശാലിൻ സോയ. ചെറുപ്രായത്തിൽ തന്നെ സംവിധാനകുപ്പായമണിഞ്ഞതിന്റെ യാതൊരു പതർച്ചയുമില്ലാതെ പുതിയ അവസരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഈ യുവനടിയുടേതായി ഇനി ഇറങ്ങാനുള്ളത് ഒരു തമിഴ് ചിത്രമാണ്.

 

Content Summary : From Muthalamada railway station Shaalin Zoya's travel experiance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com