ADVERTISEMENT

ഓരോ യാത്രയും ജീവിതത്തിലേക്കു നിറയ്ക്കുന്നത് സ്നേഹവും ശക്തിയുമാണ്. കാരണം, യാത്ര ഒരു വ്യക്തിയുടെ ഹൃദയം തുറക്കുന്നു. കാഴ്ചപ്പാടുകൾ വിശാലമാക്കുന്നു. നിറയെ കഥകൾ സമ്മാനിക്കുന്നു. പിന്നീടുള്ള ജീവിതത്തിന് ഊർജവും ഉന്മേഷവും നൽകുന്നു. യാത്രകൾ ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും കൂടുതൽ ഊഷ്മളത നൽകുകയും ചെയ്യുന്നു. അതുകൊണ്ടാണ് പ്രണയം തുറന്നുപറയാൻ പലരും അത്രയും മനോഹരമായ സ്ഥലങ്ങളിലേക്കു തങ്ങളുടെ പ്രിയപ്പെട്ടവരുമായി പോകുന്നത്.

‘‘നിങ്ങൾ സ്നേഹിക്കാത്ത ഒരാളുമായി, നിങ്ങൾക്ക് യാതൊരു ഇഷ്ടവും തോന്നാത്ത ഒരാളുമായി, ഒരിക്കലും യാത്ര പോകരുത്’’  

വീണ്ടുമൊരു വാലന്റൈൻസ് ഡേ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഏറ്റവും പ്രിയപ്പെട്ടവരോട് തന്റെ പ്രണയം തുറന്നു പറയാൻ ആഗ്രഹിക്കുന്നവരും മനോഹരമായ ഏതെങ്കിലും സ്ഥലത്തേക്കു യാത്ര പോയി അവിടെ വച്ച് പ്രണയം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവരും അതിനായി ദൂരേക്ക് ഒന്നും പോകണ്ട, നമ്മുടെ കേരളത്തിൽ തന്നെയുണ്ട് പ്രകൃതിസുന്ദരമായ പ്രണയാർദ്ര ഇടങ്ങൾ. മഞ്ഞുമൂടിയ മലനിരകൾ, തടാകങ്ങൾ, മനോഹരമായ ഡ്രൈവ് സമ്മാനിക്കുന്ന ഹെയർപിൻ വളവുകൾ. എവിടേക്കു യാത്ര പോകണമെന്ന തിരഞ്ഞെടുപ്പു മാത്രമാണ് ഇനി ബാക്കി. അതിനായി ഇതാ കുറച്ചു സ്ഥലങ്ങൾ.

പ്രകൃതിയുടെ സിംഫണി ആയ വെള്ളച്ചാട്ടത്തിലേക്ക്

ജീവിതം ഒരു വെള്ളച്ചാട്ടം പോലെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം, വെള്ളച്ചാട്ടത്തിൽ താഴേക്ക് പതിക്കുന്ന ജലത്തിന് ഒരു തിരിച്ചു പോക്കില്ല. ജീവിതത്തിൽ കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും അങ്ങനെയാണ്.  വീണ്ടും അതിലേക്കു തിരിച്ചു പോകാനോ തിരുത്താനോ ഒന്നും കഴിയില്ല.  പ്രണയദിനത്തിൽ പ്രിയപ്പെട്ട ആൾക്കൊപ്പം ഒരു മനോഹരദിനം ആഗ്രഹിക്കുന്നവർക്കു പോകാൻ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം മനോഹരമായ നിരവധി മറ്റ് ടൂറിസ്റ്റ് സ്പോട്ടുകളുമുണ്ട്. നീന്തൽ ഇഷ്ടമുള്ളവരാണെങ്കിൽ അധികമായി വസ്ത്രങ്ങൾ കരുതണം. ഷോളയാർ വനമേഖലകളിലൂടെ മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാം. കൂടാതെ, കോഴിക്കോട് ജില്ലയിലെ തുഷാരഗിരി, വയനാട് ജില്ലയിലെ സൂചിപ്പാറ, കാന്തൻപാറ, മീമുട്ടി വെള്ളച്ചാട്ടങ്ങൾ പ്രകൃതിഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കു പറ്റിയ ഇടങ്ങളാണ്.

Image Credit : t-lorien/istockphoto
Image Credit : t-lorien/istockphoto

ആലപ്പുഴയിലെ കായലുകളിലൂടെ ഒരു ഹൗസ്ബോട്ട് യാത്ര

കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. കാരണം ഇവിടുത്തെ കായലുകളും വഞ്ചിവീടുകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. കായലിലെ ഇളംകാറ്റ് ആസ്വദിച്ചു പ്രിയപ്പെട്ടവർക്കൊപ്പം ഒരു യാത്ര. ഹണിമൂൺ ആസ്വദിക്കാൻ എത്തുന്നവർക്കും പ്രണയം പങ്കുവയ്ക്കാൻ എത്തുന്നവർക്കും രണ്ടാമതൊന്ന് ആലോചിക്കാതെ ഒരു റൊമാന്റിക് ഹൗസ്ബോട്ട് യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.

മൂന്നാർ. Image Credit : Pikoso.kz/shutterstock
മൂന്നാർ. Image Credit : Pikoso.kz/shutterstock

തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും ആസ്വദിച്ച് പ്രണയം പങ്കുവയ്ക്കാം

മൂന്നാർ സഞ്ചാരികളെ ആകർഷിക്കുന്നത് അതിന്റെ വശ്യമായ സൗന്ദര്യം കൊണ്ടാണ്. മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസം ജനുവരി മുതൽ മാർച്ച് വരെയാണ്. കോടമഞ്ഞ് നിറഞ്ഞ ചെറു തണുപ്പുള്ള പ്രഭാതവും ചെറുതായി വീശുന്ന കാറ്റും ഏതൊരു കഠിനഹൃദയമുള്ളയാളെയും പ്രണയാർദ്രമാക്കി മാറ്റും. കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ മനോഹരമായ റിസോർട്ടുകളും ഹോം സ്റ്റേകളുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കമിതാക്കളുടെ പറുദീസ എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. ടീ മ്യൂസിയങ്ങളിൽ നിന്ന് ഏറ്റവും പുതിയ തേയില കൊണ്ടുണ്ടാക്കിയ ചായ ആസ്വദിക്കാം. ഗ്രാമീണ  പാതകളുടെ ലാളിത്യം ആസ്വദിക്കാം. തേയിലത്തോട്ടങ്ങളുടെ ഭംഗിയിൽ ചിത്രങ്ങൾ എടുക്കാം. മൂന്നാർ പോലെ തന്നെ തേക്കടിയും ടീ പ്ലാന്റേഷനുകളാൽ സമ്പന്നാണ്. വടക്കൻ ജില്ലകളിൽ ഒന്നായ വയനാട്ടിലും നിരവധി തേയില തോട്ടങ്ങൾ ആസ്വദിക്കാവുന്നതാണ്.

കാപ്പാട് ബീച്ച്. (ഫയൽ ചിത്രം)
കാപ്പാട് ബീച്ച്. (ഫയൽ ചിത്രം)

തിരമാലകളെ സാക്ഷിയാക്കി പ്രണയം പ്രഖ്യാപിക്കാം

കേരളത്തിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര തീരം കേരളത്തിന്റെ കടൽത്തീരം തന്നെയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന കടൽത്തീരം തൊടാത്തതായി ചുരുക്കം ജില്ലകളേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇത്തവണ പ്രണയത്തെ ചേർത്തുപിടിക്കാൻ, ഇഷ്ടമുള്ള ബീച്ചിലേക്ക് പോകാം. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന ബ്ലൂഫ്ലാഗ് പുരസ്കാരം സ്വന്തമാക്കിയ കാപ്പാട് ബീച്ച് ഭംഗിയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും ലോകനിലവാരത്തിലുള്ളതാണ്. ചെറായി ബീച്ച്, സ്നോർക്കെലിങ്ങ് പോലുള്ള സാഹസിക വിനോദങ്ങൾ ലക്ഷ്യമാണെങ്കിൽ വർക്കല ബീച്ച്, സൂര്യാസ്തമയത്തിന് പ്രസിദ്ധമായ കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളിൽ ഒന്നായ കോവളം, കോഴിക്കോട് ബീച്ച്, പയ്യാമ്പലം ബീച്ച്, കൊളവിപാലം ബീച്ച് തുടങ്ങി എത്രയെത്ര ബീച്ചുകൾ.

fort-kochi-trip1

കമിതാക്കളുടെ ഇഷ്ടകേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക്

പൈതൃകവും പാരമ്പര്യവും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് പറ്റിയ ഇടമാണ് ഫോർട്ട് കൊച്ചി. കൊച്ചിയിൽ എത്തിക്കഴിഞ്ഞാൽ ഫോർട്ട് കൊച്ചിയിലേക്ക് എത്താൻ ഒന്നുകിൽ ബസിനെ ആശ്രയിക്കാം. അല്ലെങ്കിൽ ടാക്സി പിടിക്കാം. ഫോർട്ട് കൊച്ചിയിൽ നിരവധി വിസ്മയങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചൈനീസ് ഫിഷിങ്ങ് നെറ്റ് കേന്ദ്രങ്ങളാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ജൂത സംസ്കാരം ഇഷ്ടപ്പെടുന്നവർക്ക് അതിനോട് ഇണങ്ങി നിൽക്കുന്ന ഷോപ്പിങ്ങ് കേന്ദ്രങ്ങളിൽ ഷോപ്പിങ്ങ് നടത്താം. കൂടാതെ, പോർച്ചുഗീസ് വാസ്തുവിദ്യാ ശൈലിയിൽ പണി കഴിപ്പിച്ചിട്ടുള്ള ദേവാലയങ്ങളും ഫോർട്ട് കൊച്ചിയുടെ പ്രത്യേകതയാണ്. 

English Summary:

Valentine week: The most romantic Kerala destinations for couples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com