ADVERTISEMENT

പ്രകൃതിയിലെ ചില കാഴ്ചകളുണ്ട് അത് എപ്പോഴും നമുക്കു കാണാൻ കഴിയില്ല.  ചിലപ്പോൾ അതിനായി കാത്തിരിക്കേണ്ടി വരും, അങ്ങനൊരു കാഴ്ച തേടിയാണ് ഇന്നു നമ്മൾ പോകുന്നത്. കേരളത്തിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ രാത്രികളെ മനോഹരമാക്കുന്ന അദ്ഭുത വെളിച്ചമായ കവര് കണ്ടിട്ടുണ്ടോ? വേനല്‍ക്കാലത്ത് ശാന്തമായി കിടക്കുന്ന കുമ്പളങ്ങിയിലെ കായലുകളിൽ ഓളം തട്ടുമ്പോൾ ഒരു നീല വെളിച്ചം തെളിയും അതാണ് കവര്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ ഇറങ്ങിയതോടെയാണ് കവര് ഇത്രയും ആളുകൾ അറിയാൻ തുടങ്ങിയയത്.  അതിനു ശേഷം കുമ്പളങ്ങിയിലേക്ക് കവര് കാണാൻ എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. മാർച്ച് മാസം മുതലാണ് കവര് കണ്ട് തുടങ്ങുന്നത്. ഇരുട്ടുള്ള രാത്രികളിൽ കുമ്പളങ്ങിയിലെ കായലിലും മറ്റു വെള്ളക്കെട്ടുകളിലുമെല്ലാം കവര് പ്രത്യക്ഷമായിത്തുടങ്ങും. ആദ്യ രണ്ട് തവണ കവരു കാണാനുള്ള ശ്രമം പരാജയമായിരുന്നെങ്കിലും ഇത്തവണ കായലിൽ തെളിഞ്ഞ ആ അദ്ഭുതത്തെ കൺ നിറയെ കണ്ടായിരുന്നു മടങ്ങിയത്.

kavaru-02
കുമ്പളങ്ങി

എന്താണ് കവര് 

ബയോലൂമിനസെൻസ് എന്ന പ്രതിഭാസത്തെ ആണ് ഇവിടെ 'കവര്' എന്ന് വിളിക്കുന്നത്. ബാക്ടീരിയ, ആൽഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്. ശത്രുക്കളിൽ നിന്നും രക്ഷനേടാനും ഇണയെ ആകർഷിക്കനുമെല്ലാമായിട്ടാണ് ഈ സൂക്ഷമ ജീവികൾ ഈ പ്രകാശം പുറപ്പെടുവിക്കുന്നത്. കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ഈപ്രതിഭാസം കാണപ്പെടുന്നത്. വേനൽ കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം. ഇരുട്ടിൽ കായലിൽ തെളിയുന്ന ഈ  ന‌ീല വെളിച്ചം കാണാൻ ഒത്തിരി ആളുകൾ എത്തുന്നുണ്ടെങ്കിലും എല്ലാവർക്കും കവര് കാണാൻ കഴിയാറില്ല. 

kavaru-01
കുമ്പളങ്ങിയിലെ കവര്

കവര് എങ്ങനെ കാണാം

കുമ്പളങ്ങി നൈറ്റ്സിൽ നിലാവത്ത് നീല നിറത്തിൽ കവരു കാണിക്കുന്നുണ്ടങ്കിലും നിലാവത്ത് പോയി നിന്നാല്‍ കുമ്പളങ്ങിയിലെ കവര് കാണാൻ കഴിയില്ല. കവര് നന്നായി ദൃശ്യമാകണമെങ്കിൽ ഇരുട്ട് ആവശ്യമാണ് ഇരുട്ട് കൂടുന്നതനുസരിച്ച് കവരിന്റെ നിറവും കൂടുമെന്നാണ് ഇവിടുള്ളവർ പറയുന്നത്. കുമ്പളങ്ങിയിൽ സ്ഥിരമായി കവരു കാണുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിലുണ്ട്. അവിടെ ആദ്യം പോയപ്പോൾ മാനത്ത‍് തെളിഞ്ഞു നിൽക്കുന്ന നിലാവിനെ കണ്ടു മടങ്ങേണ്ടി വന്നു, പിന്നീട് മഴപെയ്തതു കൊണ്ടും കവര് കാണാൻ കഴിഞ്ഞതുമില്ല. മൂന്നാമത്തെ തവണയാണ് കവര് നന്നായി കാണാൻ കഴിഞ്ഞത്. പുറത്തു നിന്ന് വരുന്ന ആളുകൾക്ക് എത്തിപ്പെടാൻ പറ്റാത്ത മേഖലകളിലും കവരുണ്ട് അത് കാണണമെങ്കിൽ പ്രദേശവാസികളുടെ സഹായം തേടേണ്ടി വരും. ഇരുന്നൂറ് രൂപ നൽകിയാൽ തോണിയിൽ കായലിന്റെ ഉൾഭാഗങ്ങളിൽ കൊണ്ടുപോയി കവര് കാണിക്കുന്ന ആളുകളും ഇവിടെയുണ്ട് പക്ഷേ ചിലപ്പോൾ നിങ്ങൾക്ക് കയലിന്റെ ഭംഗി മാത്രമേ കാണാൻ കഴിയൂ. എങ്കിലും രാത്രി തോണിയിലൂടെയുള്ള ആ കായൽ യാത്രയും അതി മനോഹരമാണ്  ഉയരുകയും താഴുകയും ചെയ്യുന്ന ചീന വലകൾക്ക് ഇടയിലുടെയുള്ള മനോഹരമായ യാത്ര. ആ യാത്രയെല്ലാം കഴിഞ്ഞപ്പോൾ സമയം രാത്രി ഒരുമണി, കണ്ട കവരിൽ ഒന്നും തൃപ്തി വരാതെ മടങ്ങുന്ന വഴിയിലാണ് ആളുകൾ കൂടി നിൽക്കുന്ന ഒരു വെള്ളക്കെട്ട് കണ്ടത് അവിടെ നല്ല തെളിച്ചത്തിൽ തന്നെ കവര് കണ്ടു.

കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ് കുമ്പളങ്ങി ഗ്രാമം. ചിത്രം : ആറ്റ്ലി ഫെർണാണ്ടസ്
കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ് കുമ്പളങ്ങി ഗ്രാമം. ചിത്രം : ആറ്റ്ലി ഫെർണാണ്ടസ്

എറണാകുളത്തു നിന്നും 14 കിലോമീറ്റർ മാത്രമേ ഈ കവര് സ്പോടിലേക്ക് ദൂരമുള്ളൂ ആലപ്പുഴയിൽ നിന്നും എഴുപുന്ന വഴിയും വരാം ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് രാവിലെ കുമ്പളങ്ങിയിലെ കാഴ്ചകൾ കണ്ട് വൈകിട്ട് ഉരുളൻ കല്ലുകൾ നിറഞ്ഞ പുത്തൻതോടു ബീച്ചിലെ സൂര്യാസ്തമയവും കണ്ട് വൈകിട്ട് കവരും കണ്ട് മടങ്ങാം.

English Summary:

Step into a world of enchantment as night falls over Kumbalangi, where nature's own light show awaits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com