ADVERTISEMENT

ജോലിത്തിരക്കുകളും ഭാരിച്ച ഉത്തരവാദിത്വമോ ആശങ്കകളോ ഒന്നുമില്ലാതെ യാത്ര ചെയ്യാന്‍ പറ്റിയ സമയാണ് വിരമിച്ച ശേഷമുള്ള കാലം. അന്നുവരെയുള്ള ജീവിതം നല്‍കിയ അനുഭവങ്ങള്‍ യാത്രകളെ കൂടുതല്‍ മനോഹരമാക്കും. സമയവും പണവും നിർലോഭം മുടക്കാൻ സാധിച്ചാൽ, വിശ്രമജീവിതം യാത്രയുടെ സുവര്‍ണകാലമാക്കാന്‍ സഹായിക്കുന്ന ആറു യാത്രകളെക്കുറിച്ചാണ് വടക്കേ അമേരിക്കയിലെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഫെയര്‍ പോര്‍ട്ടല്‍ വിവരിക്കുന്നത്. സജീവമായി ജോലിയെടുക്കുന്ന കാലത്ത് ഒരിക്കലും സ്വപ്‌നം പോലും കാണാനാവാത്ത എന്നാല്‍ വിരമിച്ച ശേഷം സാധ്യമാക്കാനാവുന്ന ആറു യാത്രകള്‍. 

 

1. കപ്പലില്‍ ലോകം ചുറ്റാം

 

കപ്പലില്‍ ലോകം ചുറ്റാന്‍ കുറഞ്ഞത് മൂന്നു മാസം വേണം. സമയവും പണവും നിര്‍ലോഭമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ആഗോളയാത്ര തന്നെ തെരഞ്ഞെടുക്കാനാവും. ലോകത്തിന്റെ പ്രമുഖ തുറമുഖ നഗരങ്ങളില്‍ നിന്നും ലോകം ചുറ്റി വരുന്ന ക്രൂസ് കപ്പലുകള്‍ പുറപ്പെടാറുണ്ട്. സിഡ്‌നിയില്‍ നിന്നും 106 ദിവസം കൊണ്ട് കടലിലൂടെ ലോകം ചുറ്റുന്ന പദ്ധതി പ്രിന്‍സസ് വേള്‍ഡ് ക്രൂസാണ് ചെയ്യുന്നത്. 27 രാജ്യങ്ങളിലെ 41 തുറമുഖങ്ങളിലെ കാഴ്ചകള്‍ ഈ യാത്രയിൽ ആസ്വദിക്കാനാവും. അഞ്ചു ഭൂഖണ്ഡങ്ങള്‍ വലം വച്ചുവരുന്ന യാത്ര വൈക്കിങ് വേള്‍ഡും നടത്തുന്നുണ്ട്. മിയാമി, ന്യൂയോര്‍ക്ക്, ലൊസാഞ്ചലസ് എന്നിവിടങ്ങളില്‍ നിന്നുള്ള ലോകയാത്രകള്‍ ഓഷ്യാനിയ ക്രൂസസ് സംഘടിപ്പിക്കുന്നു. 

 

2. അമേരിക്കന്‍ റോഡ് ട്രിപ്പ്

 

അമേരിക്കയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കാറോടിക്കുകയെന്നത് അനുഭവമാണ്. ഈ യാത്രക്കിടെ കുറഞ്ഞത് 2500 മൈല്‍ നിങ്ങള്‍ മറികടന്നിട്ടുണ്ടാവും. മനുഷ്യരേയും സ്ഥലങ്ങളേയും ഭക്ഷണവുമെല്ലാം ആസ്വദിക്കുന്നതിന്റെ ഭാഗമായി പ്രധാനപാതകളില്‍ നിന്നും മാറി യാത്ര ചെയ്യേണ്ടിയും വരും. സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത ആര്‍.വിയിലോ അമേരിക്ക കാണാം. മൂന്നു സംസ്ഥാനങ്ങളിലായുള്ള യെല്ലോ സ്‌റ്റോണ്‍ ദേശീയ പാര്‍ക്കും കലിഫോര്‍ണിയയിലെ യോസ്‌മൈറ്റും ഫ്‌ളോറിഡയിലെ ഡ്രൈ ടോര്‍ട്ടുഗാസ് ദേശീയ പാര്‍ക്കുമെല്ലാം യാത്രയുടെ ഭാഗമാക്കാം. 

 

3. ട്രെയിന്‍ യാത്ര

 

ലക്ഷ്യങ്ങള്‍ മാത്രമല്ല അവിടേക്കുള്ള ട്രെയിന്‍ യാത്രകളും അനുഭവങ്ങളാണ്. ഡ്രൈവിങിന്റെ അനാവശ്യ ആശങ്കകളില്ലാതെ ലക്ഷ്യത്തിലേക്കെത്താന്‍ ട്രെയിന്‍ യാത്രകള്‍ സഹായിക്കും. കിഴക്കന്‍ സ്വിറ്റ്സർലൻഡ് മുതല്‍ വടക്കന്‍ ഇറ്റലി വരെ നീളുന്ന ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രയാണ് ബെര്‍നിയ എക്‌സ്പ്രസിലേത്. അല്ലെങ്കില്‍ സമുദ്ര നിരപ്പില്‍ നിന്നും 13,800 അടി ഉയരത്തിലുള്ള അര്‍ജന്റീനയിലെ സാള്‍ട്ടയില്‍ നിന്നും ചിലി അതിര്‍ത്തി വരെ നീളുന്ന മലമുകളിലെ ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കാം. 

 

4 ആഫ്രിക്കന്‍ സഫാരി

 

ഒരു ജന്മം കണ്ടു തീര്‍ക്കാനുള്ള കാഴ്ചകള്‍ ആഫ്രിക്കയിലുണ്ട്. ലോകം കാണാന്‍ തീരുമാനിച്ചിറങ്ങിയാല്‍ ഒരു ആഫ്രിക്കന്‍ സഫാരിയെങ്കിലും നടത്തണം. ആഫ്രിക്കയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ സഫാരി കേന്ദ്രം കെനിയയും അവിടുത്തെ മസായ് മരാ ദേശീയ പാര്‍ക്കുമാണ്. മൃഗങ്ങളുടെ കൂട്ടമായ കുടിയേറ്റം നടക്കുന്ന ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് യോജിച്ച സമയം. സിംബാബ്‌വേയിലെ ഹ്വാങേ ദേശീയ പാര്‍ക്കും ഉഗാണ്ടയിലെ ബ്വിണ്ടിയുമെല്ലാം ആഫ്രിക്കന്‍ സഫാരിക്ക് പറ്റിയ ഇടങ്ങളാണ്. 

 

5 ധ്രുവദീപ്തി

 

ഭൂമിയിലെ ചില ഭാഗങ്ങളിലെത്തിപ്പെട്ടാല്‍ വേറേതോ ഗ്രഹത്തിലെത്തിയ പോലെ തോന്നാം. അത്തരമൊന്നാണ് ധ്രുവദീപ്തി ദൃശ്യമാകുന്ന ധ്രുവപ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ധ്രുവദീപ്തി പ്രത്യക്ഷമാവാറുണ്ട.് നോര്‍വേയിലെ ട്രോംസോയില്‍ വര്‍ഷത്തില്‍ 250 രാത്രിയും ധ്രുവദീപ്തി കാണാനാവും. ആര്‍ട്ടിക്ക് ധ്രുവത്തോടു ചേര്‍ന്നു കിടക്കുന്ന സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലും ഗ്രീന്‍ലാന്‍ഡിലും അലാസ്‌കയിലുമെല്ലാം ധ്രുവദീപ്തി ആസ്വദിക്കാനാവും. 

 

6 യൂറോപ്പില്‍ ഒരു അവധിക്കാലം

 

യൂറോപ്പില്‍ കുറച്ചു ദിവസങ്ങള്‍ യാത്രക്കായി പോവുന്നതു പോലെ ഒരു വേനലവധിക്കാലം തന്നെ കഴിയുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അങ്ങനെയുള്ള യാത്രകള്‍ക്കും സാധ്യതകളുണ്ട്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്തു താമസിച്ചുകൊണ്ടു കൂടുതല്‍ സ്ഥലങ്ങള്‍ കാണുകയും ചെയ്യാം.

 

Content Summary : Since most retirees see travel as their top priority as they enter their golden years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com