ADVERTISEMENT

‘‘കോഴിക്കോടിന്റെ ബീച്ച് കേരളത്തിലെ ഏതൊരു ബീച്ചിനേക്കാളും സുന്ദരമായ ബീച്ചാണ്. എനിക്ക് വളരെ അഭിമാനം തോന്നുന്നു കോഴിക്കോടിന്റെ ഈ മാറ്റങ്ങളിൽ. ലോകത്തിന് മാതൃകയാകുന്ന ലോക നഗരങ്ങളുടെ ഒരു പട്ടികയിലേക്ക് കേരളത്തിലെ ഏതെങ്കിലും ഒരു നഗരം മാറുന്നുണ്ടോ എന്ന് ചോദിച്ചാൽ കോഴിക്കോട് എന്ന് പറയാവുന്നതിലേക്ക് കോഴിക്കോടിലെ ആ മാറ്റങ്ങൾ വന്നിരിക്കുന്നു...’’ - മലയാളികളുടെ പ്രിയപ്പെട്ട ലോകം കണ്ട സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകൾ പൊന്നായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോടിനെ യുനെസ്കോ തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം യുനെസ്കോ പുറത്തുവിട്ട ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിലാണ് കോഴിക്കോടും ഇടം പിടിച്ചത്. 55 ലോകനഗരങ്ങളുടെ പട്ടിക യുനെസ്കോ പുറത്തുവിട്ടപ്പോൾ  ഇന്ത്യയിൽ നിന്ന് രണ്ട് നഗരങ്ങളാണ് ഈ പട്ടികയിൽ ഇടം പിടിച്ചത്. കോഴിക്കോട് സാഹിത്യനഗരമായാണ് പട്ടികയിൽ ഇടം പിടിച്ചതെങ്കിൽ മധ്യപ്രദേശിലെ ഗ്വാളിയോർ സംഗീതനഗരമായാണ് പട്ടികയിൽ ഇടം പിടിച്ചത്.

മിഠായിത്തെരുവ്. ഫയൽ ചിത്രം (മനോരമ)
മിഠായിത്തെരുവ്. ഫയൽ ചിത്രം (മനോരമ)
കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)

‘‘ഊർജ്ജസ്വലമായ സാഹിത്യപാരമ്പര്യമുള്ള നഗരം’’ 

പുതിയ പദവി ലഭിച്ചത് കോഴിക്കോടിന്റെ സാഹിത്യമേഖലയിൽ മാത്രമല്ല വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റം വരുത്തും. കോഴിക്കോടിന്റെ സാഹിത്യപൈതൃകവും ആ മേഖലയിലുള്ള മികവും പരിഗണിച്ചാണ് ഈ നേട്ടം. 2022ലാണ് കോഴിക്കോട് കോർപ്പറേഷൻ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. സാഹിത്യമേഖലയിലെ കോഴിക്കോടിന്റെ പൈതൃകവും 500ലധികം വായനാശാലകൾ ഉള്ളതും 70ൽ അധികം പ്രസാധകർ ഉള്ളതും കൂടാതെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി കോഴിക്കോട് മാറിയതും നഗരത്തിന് സാഹിത്യനഗര പദവിയിലേക്കുള്ള യാത്ര എളുപ്പമാക്കി. കിലയുടെ സഹകരണത്തോടെ ആയിരുന്നു കഴിഞ്ഞ ഒന്നര വർഷമായി കോർപറേഷൻ ഈ ശ്രമം നടത്തിയത്. യുനെസ്കോയുടെ സാഹിത്യനഗര പട്ടികയിലുള്ള പ്രാഗ്, എഡിൻബർഗ് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജൂൺ 30ന് കോഴിക്കോട് കോർപ്പറേഷൻ അപേക്ഷ സമർപ്പിച്ചത്. 

കോഴിക്കോട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
കോഴിക്കോട് ബീച്ച്. ഫയൽ ചിത്രം (മനോരമ)

അഭിനന്ദിച്ച് പ്രധാനമന്ത്രി, സാഹിത്യപ്രേമികൾ ഇനി കോഴിക്കോട്ടേക്ക് ഒഴുകും

സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള വായനക്കാരെയും എഴുത്തുകാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെയെന്നും സാഹിത്യനഗരം പദവി നേടിയ കോഴിക്കോടിനെ അഭിനന്ദിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചു. 2016 മുതൽ ആരംഭിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോടിന് സാഹിത്യലോകത്ത് വലിയ നേട്ടമാണ് നൽകിയത്. സാഹിത്യചർച്ചകൾ മാത്രമല്ല സിനിമയും സംഗീതവും കോഴിക്കോടൻ രുചികളും ചിത്രപ്രദർശനവും തുടങ്ങി ഒരു കലാവിരുന്ന് തന്നെയാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ. കോഴിക്കോട് ബീച്ചിലാണ് ജനുവരി മാസത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നത്. സഞ്ചാരപ്രിയരെ ഏറെ ആകർഷിക്കുന്ന ഒരു നഗരം കൂടിയാണ് കോഴിക്കോട്.  

കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)

മാനാഞ്ചിറയും സായാഹ്നവും

കോഴിക്കോട് എത്തുന്നവർ വൈകുന്നേരങ്ങളിൽ ഏറെ ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് മാനാഞ്ചിറ. അസ്തമയസൂര്യന്റെ ഇളം വെയിലിൽ നഗരം വൈകുന്നേരത്തിൽ നിന്ന് സന്ധ്യയിലേക്ക് മയങ്ങുമ്പോൾ ചെറിയ കാറ്റുകൊണ്ട് നഗരമധ്യത്തിലെ ഈ പുൽത്തകിടിയിൽ ഇരിക്കാൻ കൊതിക്കാത്തവർ ആരാണ്. കൊച്ചു വർത്തമാനങ്ങൾ പറഞ്ഞ് നിരവധി സൗഹൃദ കൂട്ടങ്ങളാണ് മാനാഞ്ചിറ മൈതാനത്തിന്റെ ഓരോ കോണിലും കാണുക. നഗരമധ്യത്തിൽ ശാന്തമായി ഇരിക്കാനുള്ള ഒരു ഇടം കൂടിയാണ് മാനാഞ്ചിറ.

മാനാഞ്ചിറ. ഫയൽ ചിത്രം (മനോരമ)
മാനാഞ്ചിറ. ഫയൽ ചിത്രം (മനോരമ)
മാനാഞ്ചിറ. ഫയൽ ചിത്രം (മനോരമ)
മാനാഞ്ചിറ. ഫയൽ ചിത്രം (മനോരമ)
ചെറുവത്തൂർ ഹൈവേ ബൈപാസ്. ഫയൽ ചിത്രം (മനോരമ)
ചെറുവത്തൂർ ഹൈവേ ബൈപാസ്. ഫയൽ ചിത്രം (മനോരമ)

സ്വീറ്റ് മീറ്റിന്റെ സ്വന്തം മിഠായിത്തെരുവ്

കോഴിക്കോടിന്റെ ഈ തെരുവിന്റെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് വിളിച്ചത് വിദേശികളാണ്. അതിനു കാരണം ഹൽവ ആയിരുന്നു. ഹൽവയുടെ രൂപവും ഭാവവും ഒരു ഇറച്ചിക്കഷണം പോലെയാണ്. എന്നാൽ, രൂചിയോ മധുരവും. സ്വീറ്റ് മീറ്റ് എന്ന് ഹൽവയ്ക്ക് പേര് വരാൻ വേറെ എന്തെങ്കിലും കാരണം വേണോ. എന്നാൽ, ഇന്ന് ഹൽവ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങൾ മാത്രമല്ല തുണിത്തരങ്ങളും മറ്റും മിഠായിത്തെരുവിൽ ലഭിക്കും. മിഠായിത്തെരുവ് നവീകരണത്തിന് ശേഷം കോഴിക്കോട് കാണാൻ എത്തുന്നവർ മിഠായിത്തെരുവിലെ കല്ല് പാകിയ റോഡിലൂടെ നടക്കാനായിട്ട് എങ്കിലും അവിടേക്ക് എത്തിച്ചേരാറുണ്ട്.

മിഠായിത്തെരുവിലെ ഹൽവ. ഫയൽ ചിത്രം (മനോരമ)
മിഠായിത്തെരുവിലെ ഹൽവ. ഫയൽ ചിത്രം (മനോരമ)
കോഴിക്കോട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
കോഴിക്കോട് ബീച്ച്. ഫയൽ ചിത്രം (മനോരമ)

ഉരു കാണാൻ ബേപ്പൂർ തുറമുഖത്തേക്ക്

കോഴിക്കോട് നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ബേപ്പൂർ സ്ഥിതി ചെയ്യുന്നത്. സായാഹ്നങ്ങളെ ആഘോഷമാക്കാൻ ബേപ്പൂരിലേക്ക് പോകാം. ബേപ്പൂർ തുറമുഖവും ഉരുവും പുലിമുട്ടുകളും സഞ്ചാരികളെ ആകർഷിക്കുന്നു. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായി പണിത പുലിമുട്ടുകളാണ് പ്രധാന ആകർഷണം. ഉരു നിർമാണ കേന്ദ്ര സന്ദർശിക്കാനുള്ള സൗകര്യവും ബേപ്പൂരിൽ ലഭ്യമാണ്.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് . ഫയൽ ചിത്രം (മനോരമ)
ബേപ്പൂർ വാട്ടർ ഫെസ്റ്റ് . ഫയൽ ചിത്രം (മനോരമ)

വാസ്കോ ഡ ഗാമ കാലു കുത്തിയ കാപ്പാട് ബീച്ച്

ചരിത്രം ഉറങ്ങിക്കിടക്കുന്ന കടപ്പുറം എന്ന് വേണമെങ്കിൽ കാപ്പാട് ബീച്ചിനെ വിശേഷിപ്പിക്കാം. കോഴിക്കോട് നഗരത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് കാപ്പാട് ബീച്ച്. ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയ ബീച്ചാണ് ഇത്. കടലിന്റെ തീരത്തുള്ള ചെറു കടകളിൽ നിന്ന് നാടൻ വിഭവങ്ങൾ ആസ്വദിക്കാം. ചരിത്രം അറിഞ്ഞുകൊണ്ട് ആസ്വദിക്കാവുന്ന ഒരു കടൽത്തീരമാണ് കാപ്പാട് ബീച്ച്.

കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
English Summary:

Kerala's Kozhikode included in UNESCO Creative Cities Network.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com