ADVERTISEMENT

ആകാശത്തിലും ഭൂമിയിലും യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആരെയും മോഹിപ്പിക്കുന്ന ഒരു വശ്യസുന്ദരിയാണ് അനന്തമായി കിടക്കുന്ന കടൽ. കായലിലും തടാകങ്ങളിലും ഒക്കെ നമ്മൾ ബോട്ട് സവാരി നടത്തിയിട്ടുണ്ട്. ചെറിയ ചില കപ്പൽ യാത്രകളും നടത്തിയിട്ടുണ്ട്. എന്നാൽ, ക്രൂയിസ് യാത്രകൾ മലയാളികൾ അടുത്ത് അറിഞ്ഞു വരുന്നതേയുള്ളൂ. എന്നാൽ, ഇനി ഇടം-വലം നോക്കാതെ ക്രൂയിസ് ഷിപ്പ് യാത്രകൾ നടത്താൻ തയ്യാറെടുത്തോളൂ. കാരണം, ബേപ്പൂർ - കൊച്ചി - ദുബായ് ക്രൂയിസ് സർവീസ് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ച് കഴിഞ്ഞു. കേരളത്തിനും ഗൾഫി രാജ്യങ്ങൾക്കും ഇടയിൽ ക്രൂയിസ് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിനു കേന്ദ്ര സർക്കാർ അനുമതി നൽകിക്കഴിഞ്ഞു.

ബേപ്പൂർ - കൊച്ചി - ദുബായ് എന്നിങ്ങനെ ആയിരിക്കും സർവീസ്. പ്രവാസി യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ക്രൂയിസ് സർവീസിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ക്രൂയിസ് ഷിപ്പ് സർവീസ് ആരംഭിക്കുന്നതിന് ടെണ്ടർ നടപടിക്രമങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. എറണാകുളം എം പി ഹൈബി ഈഡന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചത്.

കുത്തനെ ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക്

കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള ക്രൂയിസ് ഷിപ്പ് ആരംഭിക്കുകയാണെങ്കിൽ അത് ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് പ്രവാസികൾക്ക് ആയിരിക്കും. കാരണം, അമിതമായ വിമാന ടിക്കറ്റ് നിരക്ക് നൽകിയാണ് പലപ്പോഴും പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതും പിന്നീട് മടങ്ങുന്നതും. എന്നാൽ, വിമാന ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് മാത്രം ചാർജുണ്ടെങ്കിൽ ക്രൂയിസിന് ദുബായ് വരെ എത്താൻ കഴിയും. അത് മാത്രമല്ല, വിമാനത്തിൽ കൊണ്ടു പോകുന്നതിനേക്കാൾ മൂന്നിരട്ടി അധിക ലഗേജും കൊണ്ടു പോകാൻ സാധിക്കും. കേരളത്തിനും ദുബായിക്കും ഇടയിൽ ഒരു ക്രൂയിസ് ഷിപ്പ് കൊണ്ടു വരണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാ‍ർ ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, നോർക റൂട്സ്, കേരള മാരിടൈം ബോർഡ് എന്നിവയുടെ യോഗങ്ങളിലും ഇക്കാര്യം ചർച്ചയായിരുന്നു. 

ഒരു കപ്പലിൽ യാത്ര ചെയ്യാൻ കഴിയുന്നത് 1250 പേർക്ക് വരെ

എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രയ്ക്കായി ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ പണി പൂർത്തിയാക്കിയ കപ്പലാണ് കേരള - ദുബായ് സർവീസിനായി ഇപ്പോൾ കണ്ടു വച്ചിരിക്കുന്നത്. അവധിക്കാലം ഉൾപ്പെടെയുള്ള സീസണുകളിൽ വിമാന ടിക്കറ്റ് അമിതമായി ഉയരുന്നത് പല പ്രവാസികളെയും വെട്ടിലാക്കിയിട്ടുണ്ട്. ഇതിന് ഒരു പരിഹാരം ആയിരിക്കും ക്രൂയിസ് സർവീസ് ആരംഭിക്കുമ്പോൾ ലഭിക്കുക. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് 10,000 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിയുന്നത്.

വർഷങ്ങൾക്ക് മുമ്പ് യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ, അതിന് ദീർഘായുസ് ഉണ്ടായിരുന്നില്ല. പുതിയ കപ്പൽ വരുമ്പോൾ അതിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റു നോക്കുന്നത്. സർവീസ് യാഥാർത്ഥ്യമായാൽ അമിതമായ വിമാനടിക്കറ്റ് നിരക്കിൽ ഞെരുങ്ങുന്ന പ്രവാസികൾക്ക് അതൊരു ആശ്വാസമാകും.

English Summary:

UAE-Kerala cruise for Rs 10,000 on cards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com