ADVERTISEMENT

യാത്രകൾ ചിലർക്ക് സന്തോഷത്തിലേക്കുള്ള താക്കോൽ ആയിരിക്കും. തിരക്കുകളിൽ നിന്നുമൊഴിഞ്ഞു, ഇഷ്ടം തോന്നുന്ന ഭൂമികയിലെ കാഴ്ചകൾ ആസ്വദിച്ച്, സുഹൃത്തുക്കളുമൊരുമിച്ചു സമയം ചെലവഴിച്ച് അങ്ങനെയങ്ങനെ... മനസ്സിന് ഏറെ ആഹ്‌ളാദം നൽകാൻ യാത്രകൾക്ക് കഴിയും. അത്തരമൊരു യാത്രയുടെ ആവേശത്തിലാണ് മലയാളികളുടെ പ്രിയ താരം മീര നന്ദൻ. ഇത്തവണത്തെ താരത്തിന്റെ യാത്ര സെർബിയയിലേക്കു ആയിരുന്നു. പഴമയും പുതുമയും ഒന്നുചേരുന്ന കാഴ്ചകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള, രാജ്യ തലസ്ഥാനമായ ബെൽഗ്രേഡിൽ നിന്നുമുള്ള  നിരവധി ചിത്രങ്ങളാണ് മീര നന്ദൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 

Image Credit : nandan_meera/instagram
Image Credit : nandan_meera/instagram

ചരിത്രത്തിന്റെ ശേഷിപ്പുകൾക്കൊപ്പം പ്രകൃതിയുടെ മനോഹാരിതയും ഒത്തുചേരുന്ന നാടാണ് സെർബിയ. ഇന്ത്യൻ പൗരന്മാർക്ക് ചെറിയ കാലയളവിൽ വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ വീസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന ഏക യൂറോപ്യൻ രാജ്യമെന്ന പ്രത്യേകതയും ഈ നാടിനുണ്ട്. സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലേക്ക് ഈ രാജ്യം എത്തിയിട്ട് അധികം കാലമായിട്ടില്ല എന്നുള്ളതു കൊണ്ടുതന്നെ അധികമാരും എത്താത്ത സുന്ദരമായ നിരവധി കാഴ്ചകൾ സെർബിയയിലുണ്ട്. സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡ് ആണ് അതിഥികളായി എത്തുന്നവരുടെ ഇഷ്ടയിടങ്ങളിലൊന്ന്.

meera-travel-04

ആധുനിക നഗരത്തിന്റെ മുഖമെന്നു തന്നെ വിശേഷിപ്പിക്കാം ബെൽഗ്രേഡിനെ. സംസ്കാരവും ചരിത്രവും ഒത്തുചേരുന്ന മിലിറ്ററി മ്യൂസിയം, വൈറ്റ് പാലസ്, നിക്കോള ടെസ്ല മ്യൂസിയം എന്നിങ്ങനെ നഗര ഹൃദയത്തിൽ നിരവധി കാഴ്ചകളുണ്ട്. പഴമ പേറുന്ന ഒരു മുഖവും ആധുനികത പേറുന്ന മറ്റൊരു മുഖവും ബെൽഗ്രേഡ് നഗരത്തിനുണ്ട്. പുതിയ നഗര കാഴ്ചകൾ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ചതാണ്. അതിഥികളായി എത്തുന്നവരിൽ ഏറെ പേരും സന്ദർശിക്കുന്ന, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ് ബെൽഗ്രേഡ് കോട്ട. നഗരത്തിന്റെ ചരിത്രം ഉറങ്ങുന്ന ഒരിടമെന്നു തന്നെ ഈ കോട്ടയെ വിശേഷിപ്പിക്കാവുന്നതാണ്. ഏകദേശം 115 യുദ്ധങ്ങൾക്കു സാക്ഷിയാകുകയും നാല്പതോളം തവണ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കാണുവാൻ കഴിയുന്നതു പതിനെട്ടാം നൂറ്റാണ്ടിൽ ആസ്ട്രോ - ഹംഗേറിയൻ, ടർക്കിഷ് പുനർനവീകരണത്തിന്റെ ഭാഗമായുള്ള കോട്ടയാണ്. 

Image Credit : nandan_meera/instagram
Image Credit : nandan_meera/instagram

ബെൽഗ്രേഡിൽ എത്തുന്നവർ നിർബന്ധമായും സന്ദർശിക്കേണ്ടയിടമാണ് മ്യൂസിയം ഓഫ് യുഗോസ്ലാവിയ. ഏകദേശം രണ്ടുലക്ഷത്തോളം വിലമതിക്കാനാവാത്ത കലാനിർമിതികൾ ചിത്രങ്ങൾ ചരിത്ര രേഖകൾ ആയുധങ്ങൾ തുടങ്ങിയവയുടെ അപൂർവ്വശേഖരം തന്നെ ഈ മ്യൂസിയത്തിൽ കാണുവാൻ കഴിയും. രാജ്യത്തെ ഏറ്റവുമുയർന്ന ടവർ ആയ മൗണ്ട് അവാലയുടെ മുകളിലെത്തിയാൽ നഗര കാഴ്ചകൾ കാണാം. 1965 ൽ നിർമിക്കപ്പെട്ടതെങ്കിലും നാറ്റോ സഖ്യത്തിന്റെ ബോംബ് സ്‌ഫോടനത്തിൽ തകർന്നു പോയതു 2010 ലാണ് നവീകരിച്ചത്. 

Image Credit : nandan_meera/instagram
Image Credit : nandan_meera/instagram

മാർഷൽ ടിറ്റോയുടെ മുസോളിയം, ദേശീയ മ്യൂസിയം, നിക്കോള ടെസ്ല മ്യൂസിയം, റസീക്ക ദേവാലയം, സ്വേറ്റി സാവ ദേവാലയം  തുടങ്ങി എണ്ണിയാൽ തീരാത്ത കാഴ്ചകൾ ബെൽഗ്രേഡ് നഗരത്തിൽ മാത്രമുണ്ട്. അപൂർവങ്ങളായ നിർമിതികൾ, ചരിത്രമുറങ്ങുന്ന ശേഷിപ്പുകൾ തുടങ്ങി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ബെൽഗ്രേഡും സെർബിയയും.

English Summary:

Explore the Untouched Wonders of Serbia with Meera Nandan: A Haven of Nature and History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com