ADVERTISEMENT

പ്രണയം പറഞ്ഞും ആഘോഷിച്ചും പ്രണയ ഓർമകളെ വരവേറ്റുമൊക്കെയാണ് പൊതുവെ വാലന്റൈൻസ് ദിനം എല്ലാവരും ആഘോഷിക്കുന്നത്. എന്നാൽ, ചിലർ വ്യത്യസ്തമായി പ്രണയദിനം ആഘോഷിക്കാറുണ്ട്. സമൂഹത്തിനു നന്മ പകരുന്ന സന്ദേശങ്ങളിലൂടെ. സർഗാത്മകമായും ഗുണം പകരുന്ന രീതിയിലും. അത്തരത്തിലുള്ള ആഘോഷത്തിനു മാതൃക കാണിച്ചിരിക്കുകയാണ് അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ. ദീർഘകാലമായി അധ്യാപിക കൂടിയായ അവർ കുട്ടികളുമൊത്താണ് വ്യത്യസ്തമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമായി.

വാഷിങ്ടണിലെ ഒരു പ്രാഥമിക വിദ്യാലയത്തിലെ കൊച്ചു കുട്ടികളായിരുന്നു ജില്ലിന്റെ കൂട്ടുകാർ. അവർക്കൊപ്പം ജില്ലും കൂടിച്ചേർന്നതോടെ ഒട്ടേറെ ഹൃദയരൂപങ്ങളാണ് അവർ ഉണ്ടാക്കിയത്. പ്രസിഡന്റിന്റെ കൊട്ടാരമായ വൈറ്റ് ഹൗസിന്റെ ഒരു ഭാഗത്ത് അവ മനോഹരമായി അലങ്കരിക്കുക കൂടി ചെയ്തതോടെ കുട്ടികൾക്കും ആഹ്ലാദമായി. കാഴ്ച കാണാൻ 22 വിദ്യാർഥികളെയും അധ്യാപികയെയും ജിൽ ക്ഷണിക്കുകയും ചെയ്തു. ആദ്യമായാണ് ഇത്തരത്തിൽ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾക്ക് വൈറ്റ് ഹൗസ് കാണാൻ അവസരം ലഭിക്കുന്നതും. ആവേശത്തോടെയാണ് കുട്ടികളും അവരുടെ അധ്യാപികയും ഈ അവസരത്തിനുവേണ്ടി കാത്തിരിക്കുന്നതും.

വൈറ്റ് ഹൗസിലെ പൂന്തോട്ടത്തിൽ ജിൽ ബൈഡൻ കൂട്ടികൾക്കുവേണ്ടി ചില രൂപങ്ങൾ മെനഞ്ഞിട്ടുമുണ്ട്. തടി കൊണ്ടാണു രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ജിൽ തന്നെയാണ് സ്വന്തമായി അവ പെയിന്റു ചെയ്ത് ഭംഗിയാക്കിയതും. ബൈഡന്റെ നായക്കുട്ടി കമാൻഡറിന്റെയും പൂച്ചക്കൂട്ടി വില്ലോയുടെയും രൂപങ്ങളാണ് കുട്ടികൾക്കുവേണ്ടി അവർ ഉണ്ടാക്കിയത്. ഹൃദയാകൃതിയിൽ മറ്റൊരു രൂപവും അവർ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഒരു വാചകവും കൊത്തിവച്ചിട്ടുണ്ട്.

മൂന്നു കാര്യങ്ങൾ ലോകം അവസാനിച്ചാലും നിലനിൽക്കും. വിശ്വാസം. പ്രത്യാശ, സ്‌നേഹം. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ മൂല്യം സ്‌നേഹം തന്നെ. ഈ വാചകമാണ് ജിൽ കൊത്തിവച്ചിരിക്കുന്നത്.

കുട്ടികൾ സ്‌കൂളിൽ ഹൃദയരൂപങ്ങൾ ഉണ്ടാക്കിയതും ജില്ലിന്റെ നിർദേശങ്ങൾക്കനുസരിച്ചായിരുന്നു. അവയ്ക്ക് അവർ സന്തോഷത്തോടെ എല്ലാ തിരക്കും മാറ്റിവച്ച് മേൽനോട്ടം വഹിക്കുകയായിരുന്നു. ഓരോ കുട്ടിയും ഉണ്ടാക്കുന്ന രൂപത്തിൽ അവർക്കിഷ്ടപ്പെട്ട ഗുണങ്ങൾ ആലേഖനം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ദയ, ധൈര്യം, കുടുംബം, നന്ദി, കരുതൽ, പ്രത്യാശ, സമാധാനം, ശക്തി, ഐക്യം എന്നിങ്ങനെ.

വൈറ്റ് ഹൗസിന്റെ ഒരു വശത്തെ പ്രവേശനകവാടത്തിൽ തന്നെയാണ് കുട്ടികൾ ഡിസൈൻ ചെയ്ത ഹൃദയരൂപങ്ങൾ തൂക്കിയിട്ടിരിക്കുന്നത്. നിലത്ത് വലിയ മറ്റൊരു രൂപവുമുണ്ട്. പ്രതീക്ഷ, കരുതൽ, സ്‌നേഹം എന്നീ വാചകങ്ങളാണ് നിലത്തുള്ള ഹൃദയ രൂപത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. സ്‌നേഹത്തോടെ ജിൽ എന്ന് എല്ലാറ്റിനും അവസാനം അവർ എഴുതിയിട്ടുമുണ്ട്.

കമ്മ്യൂണിറ്റി കോളജ് പ്രഫസറായ ജിൽ ബൈഡൻ അധ്യാപനത്തോടും കുട്ടികളോടുമുള്ള ഇഷ്ടം എല്ലായ്‌പ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം അവർ തന്റെ കരുതലും സമർപ്പണവും തുറന്നുപ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിലും വ്യത്യസ്തമായി, എന്നാൽ ജീവിതാദർശങ്ങൾ മുറുകെപ്പിടിച്ച് അവർ വ്യത്യസ്തമായ ആഘോഷം സംഘിടിപ്പിച്ചിരിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com