Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം കാണിച്ച് പ്രകോപിപ്പിച്ച യുവാവിനെ കരടി ആക്രമിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Bear Attack

കരടിയെ ഭക്ഷണം കാണിച്ച് പ്രകോപിപ്പിച്ച യുവാവിനെ കരടി ആക്രമിച്ചു. തായ്‌ലൻഡിലെ ഫെട്ഷാബൻ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവിടെയൊരു അമ്പലത്തിനോട് ചേർന്ന് സന്യാസികൾ വളർത്തുന്ന മൃഗങ്ങളെ വലിയ കൂടുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അമ്പലത്തിലെത്തുന്ന സന്ദർശകർക്ക് ഈ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുവാനുള്ള അനുവാദവും നൽകിയിരുന്നു. ഭക്ഷണം നൽകുന്നതിനിടയിൽ 36കാരനായ നൈഫും പ്രോമ്രാട്ടി എന്ന യുവാവ് കരടിയെ കബളിപ്പിച്ചതാണ് കരടി അക്രമാസക്തനാകാൻ കാരണം. രണ്ട് ഡസനോളം കാട്ടു പന്നികളെയും നിരവധി കരടികളെയും  ഇവിടെ ഇടുങ്ങിയ കൂടുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

മൃഗങ്ങളെ കാണാൻ പോകുമ്പോൾ അവയെ പ്രകോപിപ്പിച്ച് രസിപ്പിക്കുക ചില സന്ദർശകരുടെ പതിവാണ്. എന്നാൽ ഇത്തരത്തിൽ കരടിയെ പ്രകോപിപ്പിച്ച് അപകടത്തിൽ പെട്ടതാണ് ഈ യുവാവ് . കരടിയുടെ കൂടിനു സമീപം നിന്ന് ഒരു പാത്രത്തിൽ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് രസിപ്പിച്ചതാണ് യുവാവിനു വിനയായത്. പ്രകോപിതനായ കരടി ഇയാളെ കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാന്തിക്കീറുകയായിരുന്നു.

ഈ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.ആക്രമണത്തിൽ അബോധാവസ്ഥയിലായ ഇയാളുടെ ശരീരത്തിൽ നിന്നും വലിയൊരു മാംസഭാഗവും കരടി കടിച്ചെടുത്തിരുന്നു. കാലുകളിൽ ഏന്തി വലിഞ്ഞ് ഇയാൾ ഭക്ഷണം കാട്ടി കരടിയെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് കരടി ഇയാളെ കൂട്ടിലേക്ക് വലിച്ചെടുത്തത്. 

കരടി യുവാവിനെ ആക്രമിക്കുന്നതു കണ്ട ഇയാളുടെ സുഹൃത്തുക്കൾ വലിയ വടികൾ ഉപയോഗിച്ച് കരടിയെ അടിക്കുകയും തണുത്ത ജലം ശക്തിയായി ഇതിന്റെ ശരീരത്തിലേക്ക് ചീറ്റുകയും ചെയ്തു. ഒരു മിനിട്ടോളം കരടിയുടെ ആക്രമണം തടർന്നു. തുടർന്ന് കൂട്ടിലൂടെ വലിച്ചിഴച്ചു കോണ്ടുപോയി. അവിടെയുണ്ടായിരുന്ന സന്ദർശകരുടെ സമയോചിതമായ ഇടപെലാണ് ഇയാളുടെ ജീവൻ രക്ഷിച്ചത്. ഇവിടെയുള്ള മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതാണ് ഇവ ആക്രമണകാരികളായി മാറാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് ഗൂരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ലെന്നും യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.