Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല; കരടി...‍ഡാാാ!

Baby Bear

ഒട്ടേറെ തവണ പരാജയപ്പെട്ടിട്ടും ഒടുവില്‍ വിജയം നേടുന്നവര്‍ എല്ലായ്പ്പോഴും പ്രചോദനമാണ്. അതുകൊണ്ട് തന്നെയാകണം റഷ്യയിലെ മഞ്ഞു നിറഞ്ഞ പര്‍വതമുകളില്‍ നിന്നുള്ള കരടിക്കുഞ്ഞിന്റെ വിജയവും ലോകം ഏറ്റെടുത്തത്. അമ്മയ്ക്കൊപ്പം മഞ്ഞുമലയുടെ മുകളിലെത്താന്‍ ശ്രമിക്കുന്ന കരടിക്കുഞ്ഞ് പല തവണ പരാജയപ്പെട്ടു താഴേക്കു പതിക്കുന്നതും ഒടുവില്‍ വിജയം കൈവരിച്ച് അമ്മയോടൊപ്പം ചേരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

റഷ്യയിലെ മഗദന്‍ വനമേഖലയില്‍ നിന്നു ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ കനേഡിയന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി അംഗമായ സിയാ തോങാണ് സമൂഹമാധ്യമങ്ങളിലെത്തിച്ചത്. വൈകാതെ തന്നെ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തു. വൈകാതെ കരടിക്കുഞ്ഞ് താരമാകകയും ചെയ്തു. തോങിന്റെ ട്വിറ്ററില്‍ നിന്നു മാത്രം ആറു കോടിയോളം പേരാണ് ഇരുപത്തി നാല് മണിക്കൂറിനിടെ കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങള്‍ കണ്ടത്. 

അത്രയൊന്നും ഉയരമില്ലാത്ത ഒരു പര്‍വത ശിഖരം അമ്മക്കരടിയും കരടിക്കുഞ്ഞും ചേര്‍ന്നു കയറുന്നതാണ് ദൃശ്യത്തിന്റെ തുടക്കത്തിലുള്ളത്. അമ്മയ്ക്കൊപ്പം തന്നെ കരടിക്കുഞ്ഞും കയറുമെന്ന് ഒരു നിമിഷം പ്രതീക്ഷിക്കുമെങ്കിലും വൈകാതെ മഞ്ഞില്‍ തെന്നി കരടിക്കുഞ്ഞ് കൂടുതല്‍ താഴേക്കു വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വൈകതെ തന്നെ മുകളിലുള്ള അമ്മയുടെ അടുത്തേക്കു മഞ്ഞു പുതഞ്ഞു കിടക്കുന്ന പർവതത്തിലൂടെ പിടിച്ചു കയറാന്‍ കരടിക്കുഞ്ഞു ശ്രമം തുടങ്ങുന്നു.

രണ്ടാം തവണയും കയറാനുള്ള ശ്രമം പാതി വഴിയില്‍ പരാജയപ്പെട്ടു കരടിക്കുഞ്ഞ് വീണ്ടും താഴേക്കു തെന്നി വീണു. ഇതിനിടെ കാഴ്ചക്കാരെ ആശങ്കയിലാക്കി ഒരു പരുന്തിന്റെ നിഴലും ദൃശ്യങ്ങളില്‍ കാണാം. മൂന്നാം തവണ കരടിക്കുഞ്ഞിന്റെ ശ്രമം വിജയത്തിന്റെ വക്കിലെത്തിയപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ക്യാമറ തന്നെ വില്ലനായത്. ദൃശ്യങ്ങള്‍ അടുത്തു ലഭിക്കാന്‍ ക്യാമറ അടുത്തു ചെന്നതോടെ അമ്മക്കരടി ഭയന്ന്, ആക്രമിക്കാന്‍ വരുന്ന പക്ഷിയെന്നോര്‍ത്ത് കൈ വീശി അകറ്റാന്‍ ശ്രമിച്ചത് കരടിക്കുഞ്ഞിനു വിനയായി. അമ്മക്കരടി അനങ്ങിയതോടെ ആ ഭാഗത്തെ മഞ്ഞിടിഞ്ഞു. മഞ്ഞിനോടൊപ്പം കരടിക്കുഞ്ഞ് കൂടുതല്‍ ആഴത്തിലേക്കൂര്‍ന്നു പോയി.

ഒടുവില്‍ പാറക്കെട്ടില്‍ പിടിച്ചു നിന്ന കരടിക്കുഞ്ഞ്. വീണ്ടും കയറാന്‍ തുടങ്ങി. പക്ഷേ ആ ശ്രമവും വിജയിച്ചില്ല. വീണ്ടും പല തവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പാതി ദൂരം കയറിയും വീണ്ടും തെന്നി വീണും ഒടുവില്‍ പര്‍വതത്തിന്റെ മുകളിലേക്ക് കരടിക്കുഞ്ഞെത്തി.അമ്മയോടൊപ്പം ചേര്‍ന്ന കരടിക്കുഞ്ഞ് വൈകാതെ നടന്നകലുകയും ചെയ്തു.

പരാജയങ്ങളിൽ പതറാതെ വിജയം കൈവരിച്ച കരടിക്കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.