Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരടിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

Man mauled to death by bear

വന്യമൃഗങ്ങള്‍ എത്ര ശാന്തരായി തോന്നിയാലും അവ എപ്പോഴാണ് അക്രമാസക്തരാകുകയെന്ന് പ്രവചിക്കാനാകില്ല. അതുകൊണ്ട് തന്നെയാണ് വന്യമൃഗങ്ങളോട് അടുത്ത് ഇടപെടുന്നതില്‍ നിന്ന് സഞ്ചാരികളെയും മറ്റും വിലക്കുന്നതും. എന്നാല്‍ ഈ വിലക്ക് മറികടന്നും വന്യമൃഗങ്ങളുടെ അടുത്തു പോകുന്നവരുണ്ട്. മിക്കപ്പോഴും ഇതിന്റെ വിലയായി അവര്‍ കൊടുക്കുന്നത് സ്വന്തം ജീവൻ തന്നെയായിരിക്കും. ഇതുതന്നെയാണ് ഒഡിഷയിലെ നബരംഗ് പൂര്‍ ജില്ലയില്‍ ഒരു യുവാവിനു സംഭവിച്ചതും. 

പ്രഭു ഭട്ടാര എന്ന യുവാവാണ് കരടിയുടെ ക്രൂരമായ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കരടി മാന്തിയും കടിച്ചും ഇയാളെ ദാരുണമായി ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ കരടിയില്‍ നിന്നു മോചിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇയാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ഒരു വിവാഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയിൽ മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് പ്രഭു ഭട്ടാര കരടിയെ കാണുന്നത്. ഇയാളാണ് വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റ നിലയില്‍ അവശനായി കിടക്കുകയായിരുന്നു കരടി. പ്രഭുവിനൊപ്പം കാറിലുണ്ടായിരുന്നവര്‍ കരടിയുടെ അടുത്തേക്ക് പോകുന്നതിനെ വിലക്കിയെങ്കിലും പ്രഭു ചെവിക്കൊണ്ടില്ല. കരടിക്കൊപ്പം സെല്‍ഫി എടുക്കാനായിരുന്നു പ്രഭുവിന്റെ ശ്രമം.

എന്നാൽ പ്രഭു അടുത്ത് എത്തിയപ്പോഴേക്കും കരടി അക്രമാസക്തമായി. പ്രഭുവിനെ പിടികൂടിയ കരടി പിന്നീട് വിടാന്‍ വിസമ്മതിച്ചു. കൂടെ നിന്നവര്‍ ബഹളമുണ്ടാക്കിയെങ്കിലും അതുകൊണ്ടൊന്നും കരടി പിന്‍വാങ്ങിയില്ല. പ്രഭുവിന് അനക്കമില്ലാതായ ശേഷമാണ് കരടി ഇയാളുടെ ശരീരം ഉപേക്ഷിച്ച് മടങ്ങിയതെന്നാണ് ദൃക്സാക്ഷികള്‍ വിശദീകരിച്ചത്. 

കരടിയെ പിന്നീട് വനപാലകര്‍ പിടികൂടി കൂട്ടിലടച്ചു. കരടിക്ക് ആവശ്യമായ ചികിത്സ നല്‍കിപിന്നീട് കാട്ടിലേക്കു തന്നെ തുറന്ന് വിടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒരു വർഷത്തിനിടയിൽ ഇവിടെ സെൽഫിയെടുക്കുന്നതിനിടയിൽ പൊലിയുന്ന മൂന്നാമത്തെ ജീവനാണിത്.