വെള്ളത്തിൽ മുങ്ങി കരടിയുടെ മീൻപിടിത്തം ; ദൃശ്യങ്ങൾ കൗതുകമാകുന്നു

തെളിഞ്ഞ ജലായശയത്തിൽ മുങ്ങിനിവർന്നുള്ള കരടിയുടെ മീൻപിടിത്തം കൗതുകമാകുന്നു. കിഴക്കൻ റഷ്യയിലെ ക്യുരിൽ തടാകത്തിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ഭൂരിഭാഗവും മഞ്ഞുപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്ത് മഞ്ഞുകാലത്ത് തവിട്ടു നിറമുള്ള കരടികൾ ഭക്ഷിക്കുന്നത് സാൽമൺ മത്സ്യങ്ങളെയാണ്. ഇവിടുത്തെ നദികളിലും  ത‌‌ടാകങ്ങളിലും ഏറെ കാണപ്പെടുന്ന മത്സ്യവിഭാഗമാണിത്. മീൻ പിടിക്കുന്നതിൽ  അതിവിദഗ്ദ്ധൻമാരാണ് കരടികൾ. സൂക്ഷ്മമായ ശ്രദ്ധയും ചടുലമായ നീക്കവുമാണ് അതിനിവയെ സഹായിക്കുന്നത്.

വന്യജീവി ഫൊ‌ട്ടോഗ്രഫറായ മൈക്ക് കൊറോസ്റ്റെൽവ് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ആഹാരത്തിനായി മത്സ്യങ്ങളെ വേട്ടയാടുന്ന നൂറുകണക്കിനു കരടികളിൽ ഒന്നു മാത്രമാണിത്. ഗോപ്രോ ക്യാമറ ഉപയോഗിച്ച് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. എല്ലാ വർഷവും സാൽമൺ മത്സ്യങ്ങൾ കൂട്ടത്തോടെയെത്തുന്നത് ഈ തടാകത്തിലേക്കാണ്. അതുകൊണ്ടു തന്നെ ഇവയെ വേട്ടയാടുന്നത് കരടികൾക്ക് ശ്രമകരമായ ഒരു കാര്യമല്ല.

ഓരോ വർഷവും അറുപത് ലക്ഷത്തിലധികം മീനുകളാണ് ഇവിടേക്കെത്തുന്നത്. ഇതിനു പിന്നാലെ കരടികളുമെത്തും. കരടികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് സാൽമൺ മത്സ്യങ്ങൾ. ആവശ്യത്തിലധികം ഭക്ഷണം ലഭിക്കുന്നതു കൊണ്ട് ഇവിടുത്തെ കരടികൾ ആക്രമണകാരികളുമല്ലെന്നും പ്രദേശവാസികൾ പറയുന്നു. ഏറെ ദിവസത്തെ പരിശ്രമത്തിനു ശേഷമാണ് മൈക്കിന് ഈ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞത്. ആ പ്രദേശത്തുള്ളതിൽ വലിയ കരടി സ്ഥിരമായി മീൻ പിടിക്കാൻ ഇറങ്ങുന്ന സ്ഥലത്ത് ക്യാമറ സ്ഥാപിച്ചാണ് ഇത് പകർത്തിയത്.

ശ്രമകരമായിരുന്നെങ്കിലും മനോഹരമായ ഈ ദൃശ്യം പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വന്യജീവി ഫൊ‌ട്ടോഗ്രഫറായ മൈക്ക് കൊറോസ്റ്റെൽവ്. ഒക്ടോബർ 18ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരു ലക്ഷത്തിമുപ്പതിനായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.