Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമുദ്രത്തിലെത്താതെ മറയുന്ന ഇന്ത്യയിലെ അദ്ഭുത നദി!

River

"ഇരവഴിഞ്ഞിപ്പുഴ അറബിക്കടലിന് ഉള്ളതാണെങ്കില്‍ കാഞ്ചന മൊയ്തീനുള്ളതാണ് " മൊയ്തീന്റെ ഈ വാക്കുകള്‍ പറയുന്നത് പുഴ കാമുകിയാണെന്നും കടല്‍ കാമുകനാണെന്നുമാണ്. ഒട്ടേറെ കവികളും കഥാകാരന്‍മാരും ഈ താരതമ്യം നടത്തിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ കാമുകന്‍ ഇല്ലാത്ത പുഴയെന്നാണ് ലൂണി എന്ന രാജസ്ഥാനിലെ നദിയെ വിളിക്കേണ്ടി വരിക. എല്ലാ നദികളുടെയും യാത്ര കടലിലോ അല്ലെങ്കില്‍ കടലിനോടു ചേര്‍ന്നു കിടക്കുന്ന വലിയ തടാകങ്ങളിലോ അവസാനിക്കുമ്പോള്‍ 495 കിലോമീറ്റർ താണ്ടിയുള്ള ലൂണി നദിയുടെ യാത്ര അവസാനിക്കുന്നത് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിന്റെ വരണ്ട നിലങ്ങളിലാണ്.

ആരവല്ലി പര്‍വ്വതനിരയുടെ ഭാഗമായ നാഗ കുന്നുകളില്‍ നിന്നാണ് ലൂണി നദി ഉദ്ഭവിക്കുന്നത്. അജ്മീര്‍ ജില്ലയിലാണ് ഒരു പറ്റം ചെറിയ ഉറവകള്‍ ചേർന്നു ലൂണി നദിയായി മാറുന്നത്. സാഗര്‍മതി എന്നാണ് ലൂണിയുടെ ആരംഭഘട്ടത്തിലെ പേര്. ഇവിടെ നിന്ന് തെക്കുപടിഞ്ഞാറന്‍ ദിശയിലേക്കാണ് ലൂണി ഒഴുകുന്നത്. താര്‍ മരുഭൂമിയുടെ തെക്കൻ ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത് ലൂണി നദിയാണ്. ഇവിടെ പലയിടങ്ങളിലും നിറഞ്ഞൊഴുകുന്ന ലൂണി നദിയെ കാണാം. ബാര്‍മര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വലിയ ഡാമുകളും നദിയിലുണ്ട്. 

എന്നാല്‍ നിറഞ്ഞൊഴുകുന്ന മണ്‍സൂണില്‍ പോലും റാന്‍ ഓഫ് കച്ചിലേക്കെത്തുമ്പോഴേക്കും ലൂണി നദി ശോഷിക്കും. അവസാനഭാഗത്ത് ഏതാനും കയ്യുറവകളായും പിന്നീട് നീര്‍ച്ചാലുകളായും ലൂണി നദി മാറും. ഇവ സൂര്യതാപമറ്റ് ആവിയായി പോവുകയും ചെയ്യും. നിറഞ്ഞൊഴുകുമ്പോള്‍ പോലും ലൂണി നദി റാന്‍ ഓഫ് കച്ചിലെത്തി ശോഷിച്ച് അവസാനിക്കുന്നു എന്നതാണ് അദ്ഭുതകരമായ കാര്യം. 

അവസാനഘട്ടത്തോടടുക്കുമ്പോഴേക്കും ലൂണി ഭൂമിക്കടിയിലേക്കു പോകുന്നുവെന്നും പിന്നീട് നദി ഒഴുകുന്നത് ഭൂമിക്കടിയിലൂടെയാണെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ശാസ്ത്രീയമായ വിശദീകരണം മറ്റൊന്നാണ്.  റാന്‍ ഓഫ് കച്ചിലെ മണല്‍പ്പരപ്പിനെ മറ്റു പ്രദേശങ്ങിലെ മണ്ണിനെയെന്ന പോലെ വകഞ്ഞു മാറ്റാന്‍ വെള്ളത്തിനു കഴിയില്ല. അതിനാല്‍ തന്നെ ഈ മണല്‍പ്പരപ്പിലേക്ക് എത്തുമ്പോഴേക്കും നദിയിലെ ജലം പരന്നു പോകുന്നു. കൂടാതെ പ്രദേശത്തെ ഉയര്‍ന്ന താപനില ജലം വേഗത്തില്‍ ആവിയാക്കി മാറ്റുകയും ചെയ്യും.

അവസാനഘട്ടത്തില്‍ ശോഷിക്കുമെങ്കിലും തുടക്കത്തില്‍ പന്ത്രണ്ടു പോഷക നദികളാണ് ലൂണിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ കനത്ത മഴ പെയ്യുമ്പോള്‍  അളവില്ലാത്ത വിധം വെള്ളം ലൂണിയിലേക്കെത്തും. ഇത് എല്ലാ വര്‍ഷവും രാജസ്ഥാനില്‍ വെള്ളപ്പൊക്കത്തിനു കാരണമാകാറുമുണ്ട്. വര്‍ഷം തോറും ചെറുതല്ലാത്ത നാശനഷ്ടങ്ങളിലും രാജസ്ഥാനില്‍ ഇതുണ്ടാക്കുന്നുണ്ട്. 

പൂര്‍ണ്ണമായും ശുദ്ധജലം ഒഴുകുന്ന നദിയല്ല ലൂണി. രാജസ്ഥാനിലെ ബല്‍മോത്ര വരെ മാത്രമാണ് ശുദ്ധജലനദിയായി ലൂണി ഒഴുകുക. ഇതിനപ്പുറമുള്ള പ്രദേശത്ത് ഭൂമിയ്ക്ക് ഉപ്പുരസം അധികമാണ്. അതിനാല്‍ തന്നെ പിന്നീടൊഴുകുന്ന ലൂണി നദിയിലും ഈ ലവണാംശമുണ്ട്. റാന്‍ ഓഫ് കച്ചിലേക്കെത്തുമ്പോഴേക്കും ഈ ലവണാംശം വർധിക്കും. ഇന്ത്യയില്‍ ലവണാംശമുള്ള ജലമൊഴുകുന്ന ഏക നദിയും ലൂണിയാണ്.