Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ ‘ജാസ്’ അരങ്ങേറ്റം 8ന്

Honda Jazz

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ ഔദ്യോഗിക അവതരണം ജൂലൈ എട്ടിന്. ഇതിനു മുന്നോടിയായി 21,000 രൂപ മുൻകൂർ ഈടാക്കി ഹോണ്ട ഡീലർമാർ പുതിയ ‘ജാസി’നുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി. അഞ്ചു മുതൽ എട്ടു ലക്ഷം രൂപ വരെയാവും കാറിന്റെ വിവിധ വകഭേദങ്ങൾക്കു വിലയെന്നാണു സൂചന.

സൗകര്യങ്ങളിലും സംവിധാനങ്ങളിലുമെല്ലാം ഏറെ പുതുമകളോടെയാണു ‘ജാസി’ന്റെ മൂന്നാം തലമുറയുടെവരവ്. വിപണിയിൽ തരംഗം തീർത്തു മുന്നേറുന്ന ‘ഹ്യുണ്ടായ് എലീറ്റ് ഐ 20’, എതിരാളികളായ ‘ഫോക്സ്വാഗൻ പോളോ’, ‘ഫിയറ്റ് ഗ്രാൻഡെ പുന്തൊ’ തുടങ്ങിയയോട് ഏറ്റുമുട്ടുകയാണു ‘ജാസി’ന്റെ നിയോഗം.

എൻജിനിലെ മാറ്റത്തിനു പുറമെ കാഴ്ചപ്പകിട്ടിലും ‘ജാസി’നെ ശ്രദ്ധേയമാക്കാൻ ഹോണ്ട ശ്രമിച്ചിട്ടുണ്ട്; ഇടത്തരം സെഡാനായ ‘സിറ്റി’യാണു പുതിയ ‘ജാസി’ന്റെ രൂപകൽപ്പനയിൽ ഹോണ്ടയ്ക്കു പ്രചോദനമായത്. കാറിനു ക്രോമിയം സ്പർശത്തോടെയുള്ള, കട്ടിയേറിയ കറുപ്പ് ഗ്രിൽ തിരഞ്ഞെടുത്തതും ഈ സ്വാധീനം മൂലമാണത്രെ. തേനീച്ചക്കൂടിനെ ഓർമിപ്പിക്കുന്ന ഘടനയുള്ള ലോവർ എയർ ഡാമും സ്വെപ്റ്റ് ബാക്ക് ഹെഡ്ലാംപുകളുമാണു കാറിൽ. പാർശ്വങ്ങളിൽ നിന്നുള്ള കാഴ്ചയിലും പുതിയ ‘സിറ്റി’യുടെ സ്വാധീനം പ്രകടമാണ്. എന്നാൽ എൽ ഇ ഡി ടെയിൽലാംപ് ക്ലസ്റ്ററിന്റെയും മറ്റും സാന്നിധ്യത്താൽ പിൻഭാഗം വ്യത്യസ്തമാണ്.

ആർഭാടത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി സിൽവർ ഹൈലൈറ്റ്സ് സഹിതമുള്ള ബ്ലാക്ക് ഉൾവശമാണു കാറിൽ ഹോണ്ട സജ്ജീകരിച്ചിരിക്കുന്നത്. ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെ 15 സെന്റിമീറ്റർ ടച് സ്ക്രീനിൽ ഉപഗ്രഹാധിഷ്ഠിത, വോയ്സ് ബേസ്ഡ് നാവിഗേഷൻ സംവിധാനവും ഹോണ്ട ലഭ്യമാക്കുന്നു; ബ്ലൂടൂത്ത് കണക്ടിവിറ്റി, ഡി വി ഡി — സി ഡി പ്ലേബാക്ക്, ഓഡിയോ സ്ട്രീമിങ് സൗകര്യമെല്ലാമുള്ള ഇൻഫൊടെയ്ൻമെന്റ് സംവിധാനവും‘സിറ്റി’യിൽ നിന്നാണു ഹോണ്ട കടമെടുത്തത്. ഓട്ടമാറ്റിക് വ്യവസ്ഥയിലുള്ള എയർ കണ്ടീഷനിങ്ങിനൊപ്പം മാജിക് സീറ്റും കാറിലുണ്ട്; ഇവയെല്ലാം പ്രവർത്തിപ്പിക്കാനുള്ള ടച് പാനൽ കൺട്രോളും വരുന്നതു ‘സിറ്റി’യിൽ നിന്നു തന്നെ.

പെട്രോളിനു പുറമെ ഡീസൽ എൻജിൻ സഹിതവും ഇത്തവണ ‘ജാസ്’ വിൽപ്പനയ്ക്കുണ്ടാവും; ‘അമെയ്സി’ൽ അരങ്ങേറിയ 1.5 ലീറ്റർ, ഐ ഡി ടെക് എൻജിന് പരമാവധി 100 പി എസ് കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഈ എൻജിനു കൂട്ടായി ആറു സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. ലീറ്ററിന് 27.30 കിലോമീറ്ററാണു ഡീസൽ എൻജിനു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

കാറിലെ 1.2 ലീറ്റർ ഐ വി ടെക് പെട്രോൾ എൻജിനൊപ്പമാവട്ടെ അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. പരമാവധി 90 പി എസ് കരുത്തും 110 എൻ എം ടോർക്കും സൃഷ്ടിക്കുന്ന പെട്രോൾ എൻജിനൊപ്പം സി വി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.