Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞപ്പിത്തത്തിന് ആയുർവേദ പരിഹാരം

470997748

ഇതു മഞ്ഞപ്പിത്തത്തിന്റെ കാലം. പ്രധാന വില്ലൻ മലിനമായ കുടിവെള്ളമാണെന്നറിയുക. കിണറ്റിലെ വെള്ളം ഈ സമയത്തു മലിനമാകാൻ സാധ്യത കൂടുതലുണ്ട്. കിണറ്റിലെ വെള്ളവുമായി സെപ്റ്റിക് ടാങ്കിലെ വെള്ളം കലരാം. കിണറ്റിലെ വെള്ളത്തിൽ എലിയോ കാക്കയോ മറ്റോ ചത്തു കിടക്കാം. ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ കിണർ പരിശോധനയാവാം. വീടുകളിലെ വാട്ടർ ടാങ്ക് നല്ല വെയിലുള്ള ദിവസം മാസത്തിലൊരിക്കൽ ക്ലീൻ ചെയ്തു വെയിലത്ത് ഉണക്കണം. കിണറ്റിലെ വെള്ളം ഇടയ്ക്കു ടെസ്റ്റ് ചെയ്തു നോക്കാനും മറക്കേണ്ട. തീർന്നില്ല വീട്ടിൽ ദീർഘനാളായി പിടിച്ചു വച്ച വെള്ളവും മലിനമാണ്. ദീർഘയാത്ര കഴിഞ്ഞു വരുമ്പോൾ, നേരത്തേ പിടിച്ചു വച്ച വെള്ളം ഉപയോഗിക്കരുത്. യാത്രയ്ക്കിടയിൽ പാനീയം വേണ്ട. നല്ല പഴങ്ങളാകാം. പാനീയം മലിന ജലം കൊണ്ടുള്ളതാണോ എന്നറിയില്ലല്ലോ. 

മഞ്ഞപ്പിത്തം ബാധിക്കുന്നതു കരളിനെയാണ്. നേരിട്ടു കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തമുണ്ട്. കരളിൽ നിന്നുണ്ടാകുന്ന പിത്തം, പിത്തസഞ്ചിയിൽ തടസ്സപ്പെടുന്നതു കൊണ്ടുള്ള മഞ്ഞപ്പിത്തവുമുണ്ട്. പലവിധ രോഗാണുബാധ മൂലം ലിവറിനു സംഭവിക്കുന്ന തകരാറു വഴിയും മഞ്ഞപ്പിത്തം വരാം. ഈ മൂന്നു കാരണങ്ങളിൽ ഏതായാലും കരളിനു വീക്കമുണ്ടാകും. അധികമായ മഞ്ഞനിറത്തോടെയാകും മൂത്രം പോവുക. പനി വരാം, കണ്ണിന്റെ വെള്ളയിൽ മഞ്ഞനിറം വരാം. തൊലിക്കു ചൊറിച്ചിലുണ്ടാകാം. തലചുറ്റലും ഉറക്കക്കുറവും ശരീരം ചുട്ടുപൊള്ളലും വെള്ളം ദാഹവും വരാം. മലം മഞ്ഞനിറമാ യോ വെള്ളനിറമായോ പോകാം. രക്തത്തിലെ ചുവന്ന രക്താണുക്കൾ നശിക്കുമ്പോൾ പിത്തത്തിന്റെ അളവു കൂടും. അതോടൊപ്പം ഭക്ഷണത്തിൽ എരിവ്, പുളി, ഉപ്പ് എന്നിവയും മദ്യം, കൊഴുപ്പ് എന്നിവയും കൂടിയാൽ മഞ്ഞപ്പിത്തം പിന്നെയും കൂടാം. വേനൽക്കാലത്തു വീണ്ടും ഉഷ്ണമുണ്ടാക്കുന്നവ കഴിക്കുകയും കഠിനവേനലിൽ കൂടുതൽ അധ്വാനിക്കുകയും ചെയ്താൽ മഞ്ഞപ്പിത്തം പിന്നെയും കൂടും. വെള്ളം, പതിവായി കഴിക്കുന്ന തണുത്ത പാനീയം എന്നിവയുടെ അളവു കുറ ഞ്ഞാലും മുറിവുകളും ചതവുകളും വേണ്ടവിധം സംരക്ഷിക്കപ്പെടാതിരുന്നാലും ഈ രോഗം കൂടാം. 

മഞ്ഞപ്പിത്തം വന്നാൽ തിളപ്പിച്ചാറ്റിയ വെള്ളം (മല്ലിയോ ചന്ദനമോ രാമച്ചമോ ചതച്ചത്) മാത്രം കുടിക്കുക. ആയുർവേദം നിശ്ചയിച്ച ഷഡംഗ പാനീയം, ഇളനീർ, കരിമ്പിൻ നീര്, മുന്തിരിങ്ങാ നീര് എന്നിവയുമാകാം. പ്രധാന മരുന്നു കീഴാർനെല്ലിയാണ്. അഞ്ചുഗ്രാം പറിച്ചെടുത്തു (രണ്ടോ മൂന്നോ എണ്ണം വേരടക്കം) സമൂലം കഴുകി വൃത്തിയാക്കി അരച്ച് ഒരു ഗ്ലാസ്  ഇളനീരിൽ നിത്യേന രണ്ടു പ്രാവശ്യം കഴിക്കുക. ആയുർവേദ ഔഷധം ഉപയോഗിച്ചു ചെറിയ രീതിയിൽ വയറിളക്കുക. വൈദ്യനിശ്ചയപ്രകാരം പടോലകടുരോഹിന്ന്യാദി കഷായം, പടോലമൂലാദി കഷായം, ദ്രാക്ഷാദി കഷായം, മഹാതിക്തം കഷായം, ദ്രാക്ഷാരിഷ്ടം, ലോഹാസവം തുടങ്ങിയവ കഴിക്കാം. ഈ കാലയളവിൽ മൽസ്യവും മാംസവും പാടില്ല. വെയിലു കൊള്ളരുത്. യാത്ര വേണ്ട.  ഉറക്കമൊഴിക്കരുത്. തൊലിപ്പുറത്തു മഞ്ഞനിറം വന്നു ചിലർക്കു ചൊറിച്ചിലുണ്ടാകാം. പടവല വള്ളിയോ ആര്യവേപ്പിൻ ഇലയോ ചതച്ചു വെള്ളത്തിലിട്ടു തിളപ്പിച്ച് ആറ്റി കുളിച്ചാല്‍ മതി. പനിയില്ലെങ്കില്‍ ആറുകാലാദി എണ്ണ മൂന്നു തുള്ളി വീതം നറുകയിലിട്ടു തുടച്ചു കളയാം. ശുദ്ധ പശുവിൻ പാൽ (അര ഗ്ലാസ്) രാവിലെയും വൈകുന്നേരവും ധാര ചെയ്താൽ കണ്ണിന്റെ വെള്ളയിലെ മഞ്ഞനിറം മാറി ക്കിട്ടും. ലിവറിന്റെ പ്രവർത്തനം ക്രമപ്പെടുത്താൻ വില്വാദി ലേഹ്യം വൈദ്യനിർദേശപ്രകാരമാവാം. രോഗം മാറിയശേഷം പഞ്ചകർമ ചികിൽസ നടത്തി ശരീരം ക്രമീകരിച്ചാൽ കൂടുതൽ നന്നായി. 

Read More : Health and Ayurveda