മെഴുകുതിരി ഉൗതുന്നത് കൊള്ളാം, പക്ഷേ കിടപ്പിലാക്കരുത്

കേക്ക് മുറിച്ചില്ലെങ്കിൽ പിന്നെന്തു പിറന്നാളാഘോഷം! അതും ഐസിങ് ഉള്ള കേക്ക്. കേക്കിന്റെ മുകളിൽ മെഴുകുതിരി കൂടി കത്തിച്ചുവച്ചാൽ ഉഷാറായി. മെഴുകുതിരി ഊതിക്കെടുത്തിയ ശേഷം കേക്ക് മുറിച്ച് വായിൽ വയ്ക്കുന്നതിനു മുൻപ് ഇതൊന്നു വായിച്ചോളൂ.... ആരോഗ്യ വിദഗ്ധർ പറയുന്നത് മെഴുകുതിരി കത്തിച്ചുവച്ചുള്ള കേക്ക് കട്ടിങ് ആഘോഷം വേണ്ടെന്നാണ്. കാരണം എന്താന്നല്ലേ, മെഴുകുതിരി ഊതിക്കെടുത്തുമ്പോൾ കേക്കിൽ ബാക്ടീരിയ പെരുകുമത്രേ.

സൗത്ത് കാരലൈനയിലെ ക്ലൊസൺ സർവകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് പിറന്നാൾ കേക്കിലെ സന്തോഷത്തിനു പിന്നിലെ സങ്കടകരമായ വാർത്ത ചൂണ്ടിക്കാണിക്കുന്നത്. കേക്കിനു മുകളിൽ വച്ചിരിക്കുന്ന മെഴുകുതിരി ഊതുമ്പോൾ വ്യാപിക്കുന്ന ഉമിനീർ, ഐസിങ്ങിലെ ബാക്ടീരിയയുടെ അളവ് 1400 ശതമാനം കൂട്ടുന്നു.

ഡോ. പോൾ ഡോസന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനത്തിന്റെ ഫലം ഭക്ഷ്യസുരക്ഷയെക്കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

ഐസിങ്ങിലേക്ക് ഊതുമ്പോൾ ബാക്ടീരിയ വളർന്നു പെരുകുന്നത് പരീക്ഷണത്തിനിടയിൽ ഡോസനും സംഘവും കണ്ടു. ചിലർ ഊതുമ്പോൾ മറ്റുള്ളവരെക്കാൾ അധികം ബാക്ടീരിയ വ്യാപിക്കുകയും ചെയ്യുന്നുണ്ട്.

മനുഷ്യന്റെ വായിൽ നിറയെ ബാക്ടീരിയ ഉണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും ഉപദ്രവകാരികളല്ല. അതുകൊണ്ടുതന്നെ പിറന്നാൾ കേക്കിനു മുകളിലെ മെഴുകുതിരി ഊതിക്കെടുത്തുന്നത് അത്ര വലിയ അപകടം ഉണ്ടാക്കില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. 

മെഴുകുതി ഊതുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കിൽ മെഴുകുതിരി ഊതി അണയ്ക്കുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ മെഴുകുതിരി ഊതിക്കെടുത്തി ആഘോഷമാകാമെന്നുമാണ് പഠനം നടത്തിയ ഡോ. ഡാസനും സംഘവും അഭിപ്രായപ്പെടുന്നത്. എന്തുതന്നെ ആയാലും ജൻമദിന കേക്കിനൊപ്പം ബാക്ടീരിയയെയും അകത്താക്കണോ എന്നു ചിന്തിക്കേണ്ടത് നിങ്ങളാണ്.

Read More : ആരോഗ്യവാർത്തകൾ