Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പറയുന്ന പ്രേതാനുഭവങ്ങൾ സത്യമോ?

ghost

പ്രേതം... കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു പേടി നിറയും. രാത്രിയിൽ ഒറ്റയ്ക്കു സഞ്ചരിക്കേണ്ടി വരുമ്പോൾ, വീട്ടിൽ തനിച്ചാകുന്ന അവസരത്തിൽ ചെലിയിലേക്കെത്തുന്ന ചില ശബ്ദങ്ങൾ... പണ്ടു കഥകളിൽ കേട്ടിട്ടുള്ള പ്രേതമാണോ എന്ന തോന്നലുകൾ ജനിപ്പിക്കും. എത്ര പേടി ഇല്ലെന്ന് അവകാശപ്പെടുന്നവരുടെയും ഹൃദയമിടിപ്പ് ഒരു നിമിഷം കൂട്ടാൻ ഈ സംഭവമൊക്കെ ധാരാളം. ഭൂമിയിൽ ജീവിച്ച് ആഗ്രഹം തീരാതെ മരിക്കുന്നവരുടെ ആത്മാക്കളാണ് പ്രേതമായി അലഞ്ഞുതിരിയുന്നതെന്നൊക്കെയുള്ള വിശ്വാസങ്ങളുണ്ട്. അതെന്തെങ്കിലുമൊക്കെ ആയിക്കോട്ടെ, ശരിക്കും ഈ പ്രേതം എന്ന സംഗതി ഉണ്ടോ? ഉത്തരം ഉണ്ടെന്നായാലും ഇല്ലെന്നായാലും ദുരൂഹത മാത്രം ബാക്കിയാകും.

ഭയത്തിന്റെ അണക്കെട്ടു തുറന്നുവിടുന്ന പ്രേതത്തെ ശാസ്ത്രീയമായും മനഃശാസ്ത്രപരമായും നിരീക്ഷിച്ചാൽ കെട്ടുകഥകളോ മനസ്സിന്റെ സൃഷ്ടിയോ മറ്റു ചിലപ്പോൾ ശരീരപരമായ കാരണങ്ങളോ ആയിരിക്കും. പക്ഷേ പ്രേതങ്ങളും യക്ഷികളും നമ്മുടെയൊക്കെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ അവശേഷിക്കുന്നുണ്ട്.

സാധാരണ സംസാരിക്കുന്നതിൽ നിന്നും മാറി സംസാരിക്കുകയും ഭാവങ്ങളും വികാരപ്രകടനങ്ങളുമൊക്കെ മാറുമ്പോൾ പ്രേതബാധ സംശയിക്കുന്നവർ ഇപ്പോഴുമുണ്ട്. ദുർമരണപ്പെട്ടവരുമായി ചിലർ ഇതിനെ ഉപമിച്ചെന്നും വരാം. എന്നാൽ ഇപ്രകാരമുള്ള ഭാവമാറ്റങ്ങൾക്ക് കൃത്യമായ കാരണങ്ങളുണ്ടാകാം. 

മാനസികമായ പ്രശ്നങ്ങളും രോഗങ്ങളും അപൂർവമായി ശാരീരിക രോഗങ്ങളുടെ അനന്തരഫലമായും പ്രേതാനുഭവങ്ങൾക്കും ഇന്ദ്രിയാതീത അനുഭവങ്ങൾക്കും കാരണമാകാം. തങ്ങൾക്ക് അമാനുഷിക കഴിവുകളോ ശക്തിയോ ഉണ്ടെന്ന വിശ്വാസം, അല്ലെങ്കിൽ തന്റെ ശരീരത്തിൽ മറ്റേതോ ആത്മാവ് കുടികൊള്ളുന്നു എന്ന വിശ്വാസം ഇങ്ങനെ വിവിധ ഭ്രമങ്ങൾ മനോരോഗാവസ്ഥയിൽ കാണാറുണ്ട്.

സ്വന്തം ശരീരത്തെ പുറത്തുനിന്നു നോക്കി കാണുന്നതായും തന്റെ മനസ്സിന്റെ ചിന്തകളെ പുറത്തുനിന്നു നിയന്ത്രിക്കുന്നതായുമൊക്കെയുള്ള മിഥ്യാഭ്രമം അനുഭവപ്പെടുന്ന മനോരോഗമാണ് ഡി പേഴ്സനലൈസേഷൻ ഡിസോർഡർ.  സ്വന്തം വ്യക്തിത്വത്തിൽ നിന്നും പൂർണമായും മാറി മറ്റൊരു വ്യക്തിത്വം കൈക്കൊള്ളുന്ന ഡിസ് അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡറുള്ളവരുമുണ്ട്. രണ്ടോ അതിലധികമോ വ്യക്തിത്വങ്ങളെ മാറിമാറി കൈക്കൊള്ളുന്ന രോഗാവസ്ഥയാണിത്. 

ശരീരത്തിൽ ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുമ്പോൾ പരസ്പര വിരുദ്ധമായ സംസാരം, മിഥ്യാദർശനം ബോധക്ഷയം തുടങ്ങിയവ ഉണ്ടാകും. ഇതു പലപ്പോഴും ബാധയുടെ ഉപദ്രവമാണെന്നു തെറ്റിധരിക്കാറുണ്ട്. രക്ത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാലും ഇത്തരത്തിൽ സംഭവിക്കാം. 

പ്രേതബാധ ആരോപിച്ച്  അടഞ്ഞുകിടക്കുന്ന വീടുകളിൽ ആരു കിടന്നാലും ബോധക്ഷയം മുതൽ മരണം വരെ സംഭവിക്കാം. കാർബണ്‍ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ സാന്ദ്രത ഇവിടെ കൂടുതലാകുന്നതാണു കാരണം. അടഞ്ഞു കിടക്കുന്ന വീടുകളിലെ ചുമരുകളിലും മറ്റും പടർന്നു പിടിക്കുന്ന പൂപ്പലുകൾ ശ്വസിക്കുമ്പോൾ അവയിലെ വിഷാംശം രക്തത്തിലെത്തുക വഴി ബോധക്ഷയം സംഭവിക്കാം. 

എത്രയൊക്കെ വിശേഷണങ്ങൾ നൽകിയാലും മനുഷ്യരുള്ളിടത്തോളം കാലം പ്രേതം എന്ന സങ്കൽപ്പവും കാണും. പ്രേതബാധയും വെള്ള സാരി ചുറ്റി മുടിയും അഴിച്ചിട്ട് പാലപ്പൂ മണത്തോടെ എത്തുന്ന പ്രേതകഥകളും അനുസ്യൂതം തുടരും.

വിവരങ്ങൾക്കു കടപ്പാട്

ഡോ. റോബിൻ മാത്യു

ബിഹേവിയറൽ സൈക്കോളജിസ്റ്റ്

Read More : Health Magazine