നിപ്പ വൈറസ് ഗുരുതരമാകുന്നതെങ്ങനെ?

നിപ്പ വൈറസിനെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളും വാക്സിനു ലഭ്യമല്ല എന്നതാണ് രോഗം ഗുരുതരമാക്കുന്ന പ്രധാന സംഗതി. അതുകൊണ്ടുതന്നെ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് പ്രതിരോധ മാർഗങ്ങൾക്കാണ്. 

നിപ്പ ഗുതരമായ മസ്തിഷ്കജ്വരത്തിനു കാരണമാകാം. മസ്തിഷ്കജ്വര ബാധിതരിൽ ഭൂരിഭാഗം പേർക്കും ന്യുമോണിയ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നു. മസ്തിഷ്കജ്വരം ഗുരുതരമാകുന്നതിനെത്തുടർന്ന് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ മരണസാധ്യത 40 ശതമാനത്തോളമാണ്. 

നിപ്പ വൈറസ് സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം

രോഗം ഭേദമായാലും അപസ്മാരം, സ്വഭാവ വ്യതിയാനും പോലുള്ള മസ്തിഷ്ക സംബന്ധമായ അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗമുണ്ടാക്കുന്ന വൈറസുകൾ ദീർഘകാലം ശരീരത്തിൽ സുഷുപ്ലാവസ്ഥയിൽ കഴിയും. മാസങ്ങൾക്കു ശേഷം വീണ്ടും സജീവമാകുകയും ഗുരുതരമായ എൻസിഫലൈറ്റിസിലേക്കു നയിക്കുകയും ചെയ്യാം. 

നിപ്പ വൈറസ് ബാധിച്ച രോഗിയുമായി അടുത്തിടപഴകാതിരിക്കുക. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെടുമ്പോഴാണ് രോഗം പകരുന്നത്. അതായത്‌, അവർ തുമ്മുകയോ ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശ്വസനവ്യവസ്‌ഥയിലേക്കെത്തുന്ന രോഗിയുടെ തുപ്പലിൻെയോ മൂക്കിലെ സ്രവങ്ങളുടേയോ അംശത്തിലുള്ള വൈറസുകളാണ്‌ രോഗം പടർത്തുന്നത്‌. 

രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ മാസ്കും കയ്യുറകളും ധരിച്ചിരിക്കണം. അതിനുശേഷം ചുരുങ്ങിയത് നാൽപത്‌ സെക്കന്റ്‌ എടുത്ത്‌ കൈപ്പത്തിയുടെ എല്ലാ ഭാഗത്തും സോപ്പ്‌ എത്തുന്ന വിധത്തിൽ നന്നായി കൈ കഴുകുക. ഭക്ഷണം ഉണ്ടാക്കുന്നതിന്‌ മുൻപും ശേഷവും നന്നായി കൈ സോപ്പുപയോഗിച്ച്‌ കഴുകുക. രോഗിയെ പരിചരിച്ച ശേഷം കുളിച്ച്‌ വസ്‌ത്രം മാറുക. രോഗിയുടെയും പരിചാരകന്റേയും വസ്ത്രങ്ങൾ വൃത്തിയായി ഡിറ്റർജെന്റ്‌ ഉപയോഗിച്ച്‌ കഴുകുക. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുക. രോഗിയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

രോഗി മരണപ്പെട്ടാൽ ശരീരം കുളിപ്പിക്കുന്നവർ മാസ്‌കും കൈയ്യുറകളും ധരിക്കുക. മൃതശരീരത്തിന്റെ സ്വകാര്യഭാഗങ്ങളും മൂക്കും വായയും പഞ്ഞി കൊണ്ട്‌ മൂടി വൈറസ്‌ അടങ്ങുന്ന സ്രവങ്ങൾ പുറത്ത്‌ വരാതെ സൂക്ഷിക്കണം. ശരീരത്തെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും മറ്റു സ്‌നേഹപ്രകടനങ്ങളും പാടേ ഒഴിവാക്കണം. മൃതശരീരത്തെ കുളിപ്പിച്ച ശേഷം നിർബന്ധമായും കുളിച്ച്‌ വസ്‌ത്രം മാറണം. ആ വ്യക്‌തി ഉപയോഗിച്ചിരുന്ന പാത്രം, കിടക്കവിരികൾ തുടങ്ങിയവ നന്നായി കഴുകാതെ വീണ്ടും ഉപയോഗിക്കരുത്‌. കിടക്കയും തലയിണയും ദിവസങ്ങളോളം നന്നായി വെയിലത്തിട്ട്‌ ഉണക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

വൈറസിന് ഒരു കിലോമീറ്റർ വരെ വായുവിലൂടെ സഞ്ചരിക്കാനാകും. രോഗപ്രതിരോധശേഷി കൂടിയവരുടെ ശരീരത്തിൽ ഈ വൈറസ് പ്രവേശിക്കാനുള്ള സാധ്യത തീരെ കുറവാണ്. 

വവ്വാലുകളാണ് പ്രധാന രോഗവാഹകർ എന്നതിനാൽത്തന്നെ വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക. ഈ വെള്ളത്തിൽ മുഖം കഴുകുന്നതും കുളിക്കുന്നതും സുരക്ഷിതമല്ല. ക്ലോറിനേറ്റ് ചെയ്ത് ഈ വെള്ളം ഉപയോഗിക്കാം. അതി പഴം കഴിക്കുമ്പോഴും നന്നായി തൊലി കളഞ്ഞുമാത്രം ഭക്ഷിക്കുക. വവ്വാൽ മൃഗങ്ങളെ കടിക്കാനുള്ള സാധ്യത അവഗണിക്കാനാകാത്തതിനാൽ ഏതു മാംസവും നന്നായി വേവിച്ചുമാത്രം ഉപയോഗിക്കുക. മാംസവ്യാപാരികൾ മാസ്കും കയ്യുറകളും ധരിക്കുക.

Read More : നിപ്പ വൈറസ് | ആരോഗ്യവാർത്തകൾ