കരിമ്പനി പകരുന്നതെങ്ങനെ?

ലിഷ്മീനിയ എന്ന പരാദം ഉണ്ടാക്കുന്ന രോഗമാണ് കരിമ്പനി അഥവാ കാലാ അസർ. ഒരു പ്രത്യേകതരം ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗം പരക്കുന്നത്. ഇപ്പോൾ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ 38 കാരനിലണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു മുൻപ് കേരളത്തിൽ മലപ്പുറം, തൃശൂർ, നിലമ്പൂർ, തിരുവനന്തപുരത്തെ ഒരു ചേരിപ്രദേശം എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൈകൾ, കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ കരിമ്പനി അഥവാ കാലാ അസർ എന്നുവിളിക്കുന്നത്.

താഴ്ന്ന സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ ജീവിക്കുന്നവരിലും ചേരിപ്രദേശങ്ങളിലും മറ്റും വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവരിലുമാണ് ഈ രോഗം കൂടുതലായും കാണുന്നത്. മാലിന്യങ്ങൾ അടിഞ്ഞു കൂടുമ്പോൾ ചെള്ള് ധാരാളം പെരുകാനുള്ള സാഹചര്യമുണ്ടാകുന്നതാണ് ഇതിനു കാരണം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവർക്കാണ് രോഗസാധ്യത. പോഷകനിലവാരം കുറഞ്ഞവരിലും രോഗസാധ്യത കൂടുതലായി കാണുന്നുണ്ട്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നു മുതൽ നാലു വരെ മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. 

കാലാ അസാർ പ്രധാനമായുംരണ്ടുതരത്തിലാണുള്ളത്.

ഒന്ന് ആന്തരികാവയവങ്ങളെ ബാധിക്കുന്നതാണ്. പനി, കരളിനും പ്ലീഹയ്ക്കും വീക്കം, വിളർച്ച, ശരീരഭാരം കുറയുക എന്നിവയാണ് ഇതിന്റെ ലക്ഷണം.

ചർമത്തെ മാത്രം ബാധിക്കുന്ന കാലാ അസറുമുണ്ട്. ഇത് മുഖത്തും കൈകാലുകളിലും മറ്റും കരിയാത്ത വ്രണങ്ങളുണ്ടാക്കും. കണ്ടാൽ കുഷ്ഠം പോലെ തോന്നുകയും ചെയ്യും. മുഖത്തും മറ്റും വ്യാപിക്കുന്ന തരം മുഖത്ത് വൈകൃതങ്ങളുണ്ടാക്കും.

കാലാ അസറിനു കൃത്യമായ മരുന്നുണ്ട്. ചെള്ളുകളുടെ നിയന്ത്രണത്തിലൂടെയാണ് രോഗം പ്രതിരോധിക്കേണ്ടത്. ഇതിനായി കീടനാശിനികൾ സ്പ്രേ ചെയ്യാം. പൊതുവേയുള്ള ശുചിത്വം പ്രധാനമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പുറത്തു കിടന്ന് ഉറങ്ങാതിരിക്കുക, മൃഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തിശുചിത്വം പാലിക്കുക എന്നിവയും ശ്രദ്ധിക്കണം.

മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് രോഗം നേരിട്ടു പകരില്ല. രോഗിയെ കടിച്ച ചെള്ള് മറ്റൊരാളെ കടിക്കുന്നതുവഴി രോഗം പരക്കാം. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് കൃത്യമായി ബോധവത്കരണം നടത്തുക, കൃത്യമായ പരിശോധന നടത്തുക, ചുറ്റുപാടുകൾ വൃത്തിയാക്കുക, കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കുക തുടങ്ങിയവയിലൂടെ രോഗം പ്രതിരോധിക്കാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പദ്മകുമാർ
മെഡിസിൻ വിഭാഗം മേധാവി
കൊല്ലം മെഡിക്കൽ കോളജ്

Read More : ആരോഗ്യവാർത്തകൾ