റെയിൽപ്പാലത്തിനു മുകളിൽ കയറി സെൽഫി; വൈദ്യുത കമ്പിയിൽ കുടുങ്ങി 13കാരി

റെയിൽപ്പാലത്തിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച 13കാരി രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനുകൾക്ക് വൈദ്യുതി എത്തിക്കുന്ന ഉയർന്ന ശേഷിയുള്ള ലൈനിലേക്കു വീഴുകയായിരുന്നു. മോസ്കോയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

നീന്തൽക്കുളത്തിൽ പോയി മടങ്ങിവരുന്നതിനിടെ കൂട്ടുകാരിയുമായി ചാറ്റ് ചെയ്തപ്പോഴാണ് റെയിൽപ്പാലത്തിനു മുകളിൽ കയറി സെൽഫി എടുക്കാമെന്ന ചിന്ത മനസ്സിലേക്കെത്തിയത്. പിന്നെ ഒട്ടും താമസിക്കാതെ പാലത്തിനു മുകളിൽ കയറി. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വൈദ്യുതലൈനിലേക്കു വീഴുകയായിരുന്നു. 

ഒരു മണിക്കൂറിനു ശേഷം എത്തിയ ഗുഡ്സ് എൻജിൻ ഡ്രൈവറാണ് ലൈനിൽ എന്തോ കുടുങ്ങികിടക്കുന്നതായി കണ്ടത്. പരിശോധനയ്ക്കായി ട്രെയിൻ നിർത്തി അടുത്തെത്തിയപ്പോഴാണ് പെൺകുട്ടിയാണെന്നു മനസ്സിലായത്.

തുടർന്ന് കൺട്രോൾ റൂമിലേക്കു വൈദ്യുതി വിച്ഛേദിക്കാൻ സന്ദേശമയച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിനായെത്തി. കുട്ടിയുടെ കൈകളിലേക്ക് ചണവള്ളി ഇട്ടുകൊടുത്ത് മുകളിൽ കയറി പിന്നിൽ നിന്നു പിടിച്ചു. പതിമൂന്നടിയോളം താഴെ ട്രാക്കിലേക്കു വീഴാതിരിക്കാൻ പരവതാനിയുമായി നാട്ടുകാരും നിന്നു. വലിച്ചു താഴേക്കെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകളുണ്ട്. അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

Read More : Health News