പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കാം

ശരീരത്തിന്റെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവർ പോലും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ വലിയ ശ്രദ്ധ നൽക്കാറില്ല. പല്ലിന്റെ ആരോഗ്യവും കേവലം വെളുത്തു തിളങ്ങുന്ന പല്ലുകളാണെന്ന് ചിന്തിക്കുവരും കുറവല്ല. രണ്ടു നേരം പല്ലു തേയ്ക്കുന്നതിനൊപ്പം അന്നജം ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ജേണൽ ഓഫ് ദന്തൽ റിസര്‍ച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. 

എന്നാൽ അന്നജത്തിന്റെ സംസ്കരിച്ച രൂപം പല്ലിന് കേടു വരുത്തും. ഉമിനീരിൽ കാണുന്ന അമിലേസ് സംസ്കരിച്ച സ്റ്റാർച്ചിനെ പഞ്ചസാരയായി വിഘടിപ്പിക്കുന്നതാണ് ഇതിനു കാരണം. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം നടത്തിയ ഈ പഠനത്തിന് ഗവേഷകനായ പൗലാ മൊയ്നിഹാൻ നേതൃത്വം നൽകിയത്. സംസ്കരിച്ച അന്നജം അടങ്ങിയ ഭക്ഷണങ്ങളെക്കാൾ മുഴുധാന്യങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണം വായുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനത്തിലൂടെ തെളിഞ്ഞു. 

മോണരോഗത്തിന്റെ ലക്ഷണങ്ങൾ 

∙ ചുവന്നു തടിച്ചു വീർത്ത മോണകൾ 

∙ ബ്രഷ് ചെയ്യുമ്പോഴുള്ള രക്തസ്രാവം 

∙ വായ നാറ്റം 

∙ മോണ ഇറങ്ങൽ 

∙ ഇളക്കമുള്ള പല്ലുകൾ 

മോണരോഗങ്ങളെ എങ്ങനെ തടയാം 

രാവിലെയും രാത്രിയിലുമുള്ള ബ്രഷിങ് വഴി പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവും ബാക്ടീരിയകളും നീക്കം ചെയ്യപ്പെടുന്നു. ഇവ നീക്കാതെ കിടന്നാൽ കട്ടിയാവുകയും ക്രമേണ മോണയിൽ പഴുപ്പും വീക്കവും ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് ബാക്ടീരിയകൾ രക്തത്തിലൂടെ ശരീരത്തിലേക്കു വ്യാപിക്കുന്നു. പ്രമേഹ രോഗികളിൽ പെട്ടെന്നു തന്നെ പല്ലിനു ചുറ്റുമുള്ള എല്ലുകളെ ബാധിക്കുകയും പല്ലു പൊഴിയുകയും ചെയ്യുന്നു. ഗർഭിണികളിൽ മോണരോഗം വന്നാൽ ഗർഭസ്ഥ ശിശുവിന്റെ തൂക്കം കുറയാനും നേരത്തെയുള്ള പ്രസവത്തിനും കാരണമാകുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും പല്ലിന്റെ പരിശോധന നടത്തുന്നത് മോണരോഗങ്ങളെ പ്രതിരോധിക്കാനും വിടരുന്ന പുഞ്ചിരി കൈമോശം വരാതിരിക്കാനും ഉപകരിക്കും. 

പല്ലു തേയ്ക്കാൻ പഠിക്കണം

ദന്തരോഗങ്ങൾ ഒഴിവാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ചെറിയ കുട്ടികളെ പത്ത് വയസ്സു വരെയെങ്കിലും ശരിയായ ‘ബ്രഷിങ്’ മാതാപിതാക്കൾ തന്നെ ശീലിപ്പിക്കണമെന്നതാണ്. കുട്ടികളും മുതിർന്നവരും മൃദുവായ ബ്രഷ് മാത്രം പല്ലുതേയ്ക്കാൻ ഉപയോഗിക്കുക. കട്ടി കൂടിയവ ഉപയോഗിക്കുമ്പോൾ പല്ലിന് തേയ്മാനം കൂടുന്നു. ദിവസം രണ്ടു നേരം പല്ലുതേയ്ക്കണം. മൂന്നു മിനിട്ടു മുതൽ അഞ്ചു മിനിട്ടു വരെയാണ് ശരിയായ പല്ലുതേയ്പ്പിന് ആവശ്യം. കൂടുതൽ നേരം തേച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. പുളിരസമുള്ള പഴങ്ങൾ കഴിച്ചതിനുശേഷം ഉടൻ പല്ലുതേയ്ക്കുന്നത് ഒഴിവാക്കണം. 

Read More : Health News