ഇഎംഎസിന്റെ ഫോണും നായനാരുടെ ചാരുകസേരയും; ആശുപത്രി മുറിയിൽ അദ്ഭുതപ്പെടുത്തിയവരെക്കുറിച്ച് ഡോക്ടർ

ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ നായനാർ, ഡോ. വിജയരാഘവൻ

ആശുപത്രി മുറിയിൽ അദ്ഭുതപ്പെടുത്തിയ രോഗികളെക്കുറിച്ചു പുസ്തകമെഴുതുന്നു പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ

സ്റ്റെതസ്കോപ്പ് ഊരിവെച്ചു ഡോക്ടർ പേന കൈയിലെടുക്കുകയാണ്. ഓർമകൾ കുറച്ചുകാലം പിന്നിലേക്കു സഞ്ചരിക്കുന്നു. ആശുപത്രിമുറിയിൽ തന്നെ അദ്ഭുതപ്പെടുത്തിയ രോഗികളെക്കുറിച്ചു പുസ്തകമെഴുതുകയാണു പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ. ചെറുതല്ല ഈ രോഗികളാരും തന്നെ. മുഖ്യമന്ത്രിമാരായിരുന്ന  ഇഎംഎസ്,  ഇ.കെ.നായനാർ, മുതിർന്ന നേതാക്കളായ എകെജി, ബേബി ജോൺ, പി.എസ്.ശ്രീനിവാസൻ, മറ്റു പ്രമുഖരായ എം.കൃഷ്ണൻ നായർ, തിലകൻ, കലാമണ്ഡലം കൃഷ്ണൻനായർ, കെ.സുകുമാരൻ .. പ്രമുഖരുടെ പട്ടിക നീളുകയാണ്. ചികിൽസാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾക്കു പിന്നിൽ ചിരിയും ചിന്തയും അനുഭവങ്ങളുടെ തീഷ്ണതയും ഉണ്ടെന്നു ഡോക്ടർ പറയുന്നു.

∙ ഫോൺ വച്ചത് ഇഎംഎസും എകെജിയും 

‘ഇഎംഎസിനു ഹൃദ്രോഗം വന്നപ്പോൾ ഡോ. പി.കെ.ആർ.വാരിയർ സാറാണ് എന്നെ അദ്ദേഹത്തിന്റെയടുത്തു കൊണ്ടുപോകുന്നത്. വ്യത്യസ്തമായ പെരുമാറ്റമാണ് ആകർഷിച്ചത്.  ആരോടും വളരെ നന്നായെ പെരുമാറൂ. േനരത്തേ വിളിച്ചു സമയം ചോദിച്ചിട്ടല്ലാതെ ഒരിക്കലും കാണാൻ വന്നിട്ടില്ല. മരുന്നുകളും നിർദേശങ്ങളും കൃത്യമായി പാലിക്കും. 

എകെജിയും ഇഎംഎസും ചേർന്നാണ് എന്റെ വീട്ടിൽ ഫോൺ വയ്ക്കുന്നത്. 1970ൽ ഫോൺ സാധാരണമല്ല. എകെജി അന്ന് എംപിയാണ്. മെഡിക്കൽ കോളജിലേക്ക് ഒരു ഉദ്യോഗസ്ഥൻ ഓടിവന്ന് ഒരു ഫോം അത്യാവശ്യമായി പൂരിപ്പിക്കാനേൽപിച്ചു. വീട്ടിൽ ഫോൺ വച്ചിട്ടുണ്ട്. എംപി ക്വേ‌ാട്ടയാണ്. ഇഎംഎസിന്റെ നിർദേശത്തെ തുടർന്നാണെന്നും പറഞ്ഞു. 

∙ ചാരുകസേര വിടാതെ നായനാർ

മലബാറിൽ നിന്നു ഹൃദ്രോഗം പിടിപെട്ട പലരെയും ഇ.കെ.നായനാർ കൊണ്ടുവന്നിട്ടുണ്ട്. രോഗിക്കൊപ്പം കാണുന്ന സാദാ ബൈ സ്റ്റാൻഡറായാണ് ആദ്യകാലത്ത് അദ്ദേഹത്തെ കാണുന്നത്. പിന്നീടു മുഖ്യമന്ത്രിയായി. ആഹാരപ്രിയനായ നായനാർക്കു പ്രമേഹം കലശൽ. ഭക്ഷണനിയന്ത്രണത്തെപ്പറ്റി പറഞ്ഞാൽ ശാദരടീച്ചറെ നോക്കും.  ‘എന്താ കഴിക്കാവുന്നതെന്ന് ഈ ഡോക്ടറോടു ചോദിക്ക്.’ എന്നു പറയും .

പഞ്ചസാരയുടെ അളവു കുറയാതെ വന്നപ്പോഴൊക്കെ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. നായനാരെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നു മെഡിക്കൽ കോളജിലെ ജീവനക്കാർ അറിയുന്നത് ഓപ്പറേഷൻ തിയറ്ററിൽ സർജൻമാർ ഉപയോഗിക്കുന്ന ഒരു വലിയ ചാരുകസേര കാണാതാവുമ്പോഴാണ്. 

ആശുപത്രിയിൽ കിടക്കണമെന്നറിഞ്ഞാൽ അദ്ദേഹം പറയും:  ‘ആ ചാരുകസേര മുറിയിൽ കൊണ്ടുവന്നിടണം !’. രോഗിയായി കിടക്കുമ്പോൾ ആളുകൾ കാണാൻ വരുന്നതും പെരുത്തിഷ്ടം. പരിശോധിക്കാനായി വന്ന ഡോക്ടർ ഒരിക്കൽ ഒന്നും മിണ്ടാതെ നിന്നതുകണ്ട് അദ്ദേഹം ചോദിച്ചു,  ‘നിങ്ങളെന്താ നിൽക്കുന്നത്? കാപ്പി വേണോ, അതോ പത്രം വേണോ?’ 

‘സഖാവിന്റെയടുത്തു വന്നാൽ സാറിനെ പരിശോധിക്കാൻ വന്നതാണെന്ന് ഉറക്കെയങ്ങു പറയണം, അല്ലെങ്കിൽ കാണാൻ വന്നതാണെന്നു വിചാരിക്കും.’ ഡോക്ടറെ കാര്യം പറഞ്ഞു മനസ്സിലാക്കി.  

∙ പാർക്കിൻസോണിസത്തിനു മരുന്നു വേണ്ട  

മികച്ച സാഹിത്യത്തെ വാഴ്ത്തുകയും സാഹിത്യകലയെ ദുരുപയോഗം ചെയ്യുന്നവരെ ‘വധി’ക്കുകയും ചെയ്യുന്ന ‘സാഹിത്യ വാരഫല’ക്കാരൻ പ്രഫ. എം. കൃഷ്ണൻനായരെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പനിയും തലകറക്കവും ബോധക്കേടും വന്നപ്പോഴാണു കാണുന്നത്.  ധാരാളം വെള്ളം കുടിക്കാനും കൂടുതൽ ഉപ്പു കഴിക്കുവാനും ഉപദേശിച്ചു. മരുന്നുകൾ എഴുതുന്നില്ലെന്നു കണ്ടപ്പോൾ അദ്ദേഹത്തിനു സന്തോഷം.  

മൂന്നു മാസത്തിനു ശേഷം വീണ്ടും കാണുമ്പോൾ അവശനാണ്. സാഹിത്യ വാരഫലം എഴുതുന്നില്ല.  അഡ്മിറ്റാക്കി. പിറ്റേന്നു കണ്ടപ്പോൾ നല്ല ദേഷ്യം.

‘നിങ്ങളുടെ ജൂനിയർ പരിശോധിച്ചിട്ടു പാർക്കിൻസോണിസം ആണെന്നു പറയുന്നു. എനിക്ക് ആ രോഗമില്ല. അതിനുള്ള മരുന്നുകൾ തരരുത്.’  

സാഹിത്യം മാത്രമല്ല ശാസ്ത്രശാഖയിലെ പല ഗ്രന്ഥങ്ങളും പഠിച്ച അദ്ദേഹത്തിനു പാർക്കിൻസോണിസം എന്തെന്നറിയാം. അതിനു മരുന്നു ചെയ്താൽ പാർശ്വഫലങ്ങൾ ഉണ്ടെന്നും. ചികിൽസ കൊണ്ടു ക്ഷീണം മാറിയെങ്കിലും വായിക്കാനും എഴുതാനുമുള്ള ഉൽസാഹം കുറഞ്ഞു. ചികിൽസിക്കുന്ന ഡോക്ടറുടെ കഴിവു തന്റെ രോഗിയെ അദ്ദേഹത്തിന്റെ കർമമാർഗത്തിലേക്കു തിരികെയെത്തിക്കുന്നതാണ്. സാറിനെക്കൊണ്ടു ‘സാഹിത്യ വാരഫലം’ എഴുതിക്കുക എന്നതാണു അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള മാർഗമെന്നു മനസ്സിലാക്കി. എഴുതണമെന്ന അഭ്യർഥന അദ്ദേഹം സ്വീകരിച്ചു.

∙ വേദനസംഹാരികൾ ഇല്ലാതാക്കിയ ജീവിതം  

വേദനസംഹാരികളുടെ പാർശ്വഫലങ്ങൾ അറിയാൻ നടൻ തിലകൻ മെനക്കെട്ടിരുന്നില്ല. വേദന മാറിക്കിട്ടുക, ജോലിയിൽ വ്യാപൃതനാവുക ഇതായിരുന്നു പതിവ്. ഹൃദ്രോഗവുമായാണു തിലകനെത്തിയത്. നേരത്തേ ബൈപാസ് സർജറി ചെയ്തിട്ടുണ്ട്. സിനിമയിൽ തിരക്കേറിയതോടെ രോഗത്തെ മറന്നു. സന്ധിവേദനയായിരുന്നു തിലകന്റെ പ്രശ്നം. വർഷങ്ങളായിരുന്നു. വേദനസംഹാരി കഴിച്ചാൽ സുഖം കിട്ടും. അത്തരം മരുന്നുകൾ കഴിച്ചതിനു  കണക്കില്ല. ഈ മരുന്നെല്ലാം വൃക്കകളെ ബാധിച്ചു.  വൃക്ക തകർന്നാണു ഹൃദ്രോഗം മൂർച്ഛിച്ചത്. പിന്നീടു തിലകൻ വേദനസംഹാരികൾ പൂർണമായും നിർത്തി.  

∙ മിണ്ടാത്ത അരവിന്ദൻ  

കൗമുദിയെന്ന വനിത പരിശോധനക്കായി വന്നപ്പോൾ ഒരാൾ കൂടെയുണ്ട്. കണ്ടപാടെ തിരിച്ചറിഞ്ഞു, സംവിധായകൻ ജി.അരവിന്ദൻ. എന്നെ കണ്ട ഭാവമില്ല. ചിരിയോ വർത്തമാനമോ ഇല്ല. കൗമുദിയെ സമയമെടുത്തു വിശദമായി പരിശോധിച്ചു. നെഞ്ചുവേദനയുമായാണ് അവർ വന്നത്. അതു ഹൃദ്രോഗമല്ലെന്നു ബോധ്യപ്പെടുത്താൻ ഒന്നര മണിക്കൂറോളമെടുത്തു. 

അരവിന്ദന് അപ്പോഴും അനക്കമില്ല. കൗമുദി യാത്ര പറയുമ്പോഴും അരവിന്ദന് അതേ ഭാവം തന്നെ. പിന്നീടു വന്നപ്പോഴും മൗനവാല്മീകത്തിൽ തന്നെ. അടുത്ത തവണ കൗമുദി അരവിന്ദനെക്കൂടി നോക്കാൻ പറഞ്ഞു. 

അപ്പോൾ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. അമിതവണ്ണം, ബിപി, പ്രമേഹം എല്ലാമുണ്ട്. ജീവിതശൈലിയിലെ മാറ്റം, ആഹാരക്രമം, വ്യായാമം, വിശ്രമം എന്നിവയെപ്പറ്റി പറഞ്ഞു. രണ്ടു മാസം കഴിഞ്ഞു വന്നപ്പോൾ അരവിന്ദൻ‍ 12 കിലോ കുറച്ചിരിക്കുന്നു. ദിവസവും നാലു കിലോമീറ്റർ നടക്കുന്നുണ്ടത്രെ.  

മുപ്പതോളം വ്യക്തികളുടെ കഥ പറയുന്ന പുസ്തകത്തിന് ഇനിയും പേരു നൽകിയിട്ടില്ലെന്നു  ഡോ. വിജയരാഘവൻ പറയുന്നു. സുഹൃത്തായ ആശ്രാമം ഭാസിയുടെ സ്നേഹനിർദേശത്തെ തുടർന്നാണു പുസ്തക രചനയിലേക്കു കടന്നത്.