എസ്എടി ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ ഗതികേട്

വിശ്രമകേന്ദ്രത്തിൽ ഇടമില്ലാത്തതിനാൽ ആശുപത്രി കോംപൗണ്ടിലെ റോഡരികിൽ കുഞ്ഞുമായി കിടക്കുന്ന കൂട്ടിരിപ്പുകാർ.

തിരക്കു വർധിച്ചു വിശ്രമകേന്ദ്രം നിറഞ്ഞതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ കൂട്ടിരിപ്പുകാർ നെട്ടോട്ടത്തിൽ. രാത്രി വിശ്രമിക്കാനോ കിടന്നുറങ്ങാനോ ഇടമില്ലാതെ നൂറോളംപേർ ദുരിതത്തിലായി. കഷ്ടിച്ച് 20 പേർക്കു കിടന്നുറങ്ങാവുന്ന രണ്ടു വിശ്രമകേന്ദ്രവും ഒരു ഡോർമിറ്ററി കെട്ടിടവുമാണുള്ളത്. ഇതു നിറഞ്ഞതോടെ കൂട്ടിരിപ്പുകാർ ആശുപത്രി കോംപൗണ്ടിലെ റോഡിലും വരാന്തയിലും മരച്ചുവട്ടിലുമാണ് അഭയം തേടുന്നത്. അടിക്കടിയുള്ള മഴയും കൊതുകുശല്യവും ഇരട്ടി ദുരിതമായി.

നിലവിൽ കോർപറേഷന്റെ ഒരു ഡോർമിറ്ററി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. 30 രൂപ നൽകിയാൽ ഒരു ദിവസം ഇതുപയോഗിക്കാം. എന്നാൽ ഇവിടെ മൂട്ടശല്യം അസഹനീയമെന്നാണു കൂട്ടിരിപ്പുകാരുടെ പരാതി. മുറി ആവശ്യപ്പെടുമ്പോൾ തന്നെ മൂട്ടയുണ്ടെന്നു ജീവനക്കാർ മുന്നറിയിപ്പു നൽകും. പിന്നെയുള്ളതു രണ്ടു വിശ്രമ കേന്ദ്രങ്ങളാണ്. പുരുഷൻമാരുടെ വിശ്രമകേന്ദ്രത്തിനു പരിമിതമായ സ്ഥലമേയുള്ളൂ. 

ആകെയുള്ള രണ്ടു ശുചിമുറിക്കു മുന്നിൽ വലിയ നിരയാണിവിടെ. ഒരു പായയിൽ മൂന്നുപേർ വീതം തിങ്ങിഞെരുങ്ങിയാണ് ഉറക്കം. പ്രതിദിനം നൂറോളം പേർ അഡ്മിറ്റാകുന്ന ഇവിടെ അത്രയധികം കൂട്ടിരിപ്പുകാരുടെ സാന്നിധ്യവും ഉണ്ടാകും. വിശ്രമ കേന്ദ്രത്തിൽ സ്ഥലമില്ലാതെ വരുമ്പോൾ സ്ത്രീകൾ വരാന്തയ്ക്കു മുന്നിലും പുരുഷൻമാർ റോഡരികിലും  കിടന്നുറങ്ങാറാണു പതിവ്. കുഞ്ഞുങ്ങളുമായി എത്തുന്നവരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. 

ഓപ്പറേഷൻ തിയറ്ററിലെ വിളി പ്രതീക്ഷിച്ചിരിക്കുന്നതിനാൽ ആശുപത്രി കോംപൗണ്ടിനു പുറത്തുപോയി മുറിയെടുക്കാനും കഴിയില്ല. അതിനാൽ നിലത്തു തുണിവിരിച്ചു കുട്ടികളെ കിടത്തിയുറക്കും. രാത്രിയായി കഴിഞ്ഞാൽ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം സഹിക്കണം. 

വിശ്രമ കേന്ദ്രങ്ങളിൽ മോഷണവും

വിശ്രമ കേന്ദ്രങ്ങളിലെ മോഷണ പരമ്പര കൂട്ടിരിപ്പുകാരുടെ ഉറക്കം കെടുത്തുന്നു. മൊബൈൽ ചാർജ് ചെയ്യാൻ വച്ചാൽ അതു പൂർത്തിയാകുംവരെ ഫോണിനു മുന്നിൽതന്നെ ഇരിക്കണം. കണ്ണൊന്നു തെറ്റിയാൽ മൊബൈൽ കാണാതാകും. രണ്ടു മാസത്തിനിടെ രണ്ടു ഡസൻ ഫോണുകൾ മോഷണം പോയതായി കൂട്ടിരിപ്പുകാർ പറയുന്നു.

സുരക്ഷാ ജീവനക്കാർ പാസ് പരിശോധന ശക്തമാക്കിയിട്ടും ഇത്തരക്കാരുടെ ശല്യത്തിനു കുറവില്ല. കള്ളൻമാരെ പേടിച്ച് ആശുപത്രി കോംപൗണ്ടിലെ പേ ടോയ്‌‌ലറ്റ് കേന്ദ്രത്തിൽ കൊണ്ടുപോയാണു പലരും ഫോൺ ചാർജ് ചെയ്യുന്നത്. ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഒരു ഫോൺ ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ 15 രൂപയാണ് അധികൃതർ ഈടാക്കുന്നത്.

കുടിവെള്ളവുമില്ല...

ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവാണു മറ്റൊരു പ്രശ്നം. കുടിവെള്ള സംഭരണികളോ മറ്റു സംവിധാനങ്ങളോ  ഇല്ലാത്തതിനാൽ കുപ്പിവെള്ളമാണ് ഏവർക്കും ആശ്രയം. ആശുപത്രിയുടെ പ്രധാന കവാടത്തിനു സമീപം വാട്ടർ പ്യൂരിഫയിങ് മെഷീൻ സ്ഥാപിച്ചാൽ അത് ഏറെ ഉപയോഗപ്രദമാകും. ചൂടുവെള്ളത്തിനാണ് ആവശ്യക്കാരേറേ. 

ആശുപത്രി വികസനസമിതിയുടെ കന്റീൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെനിന്നു രോഗികൾക്കു ചൂടുവെള്ളം നൽകാറില്ല. പുറത്തുള്ള സൊസൈറ്റി കന്റീനാണു പ്രധാന ആശ്രയം. ആശുപത്രിക്കുള്ളിൽ ജീവനക്കാർക്കായി ഒരു കന്റീൻ ഉണ്ട്. അവിടെനിന്നു നിശ്ചിത സമയത്തു മാത്രമേ ചൂടുവെള്ളം നൽകൂ. വാട്ടർ പ്യൂരിഫയിങ് മെഷീൻവേണമെന്നാണ് ആവശ്യം.